ഇന്ത്യയിലേക്ക് മടങ്ങുന്ന കോണ്‍സുല്‍ ജനറല്‍ വിപുലിന് ദുബൈ കെഎംസിസി ഉപഹാരം സമ്മാനിച്ചു

    481
    യുഎഇയിലെ സേവനത്തിന് ശേഷം ന്യൂഡെല്‍ഹിയിലെ വിദേശ കാര്യ സര്‍വീസിലേക്ക് തിരിച്ചു പോകുന്ന ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലിനെ ദുബൈ കെഎംസിസി ഭാരവാഹികളായ മുസ്തഫ വേങ്ങര, മുസ്തഫ തിരൂര്‍, പി.കെ ഇസ്മായില്‍, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കര്‍, റഈസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, അഡ്വ. ഇബ്രാഹിം ഖലീല്‍ എന്നിവര്‍ സന്ദര്‍ശിച്ച് ഉപഹാരം സമ്മാനിച്ചപ്പോള്‍

    ദുബൈ: യുഎഇയിലെ സേവനത്തിന് ശേഷം ന്യൂഡെല്‍ഹിയിലെ വിദേശ കാര്യ സര്‍വീസിലേക്ക് തിരിച്ചു പോകുന്ന ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലിനെ ദുബൈ കെഎംസിസി ഭാരവാഹികള്‍ സന്ദര്‍ശിച്ച് ഉപഹാരം സമ്മാനിച്ചു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ യാത്രയയപ്പ് ചടങ്ങ് നടത്താനാവാത്തതിനാല്‍ ദുബൈ കെഎംസിസി ഭാരവാഹികള്‍ കോണ്‍സുലേറ്റില്‍ എത്തി അദ്ദേഹത്തിന് യാത്രാ മംഗളം നേരുകയായിരുന്നു. ആക്റ്റിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി.കെ ഇസ്മായില്‍, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, വൈസ് പ്രസിഡന്റുമാരായ റഈസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ എന്നിവര്‍ സംബന്ധിച്ചു.
    ദുബൈ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമെന്ന് പറഞ്ഞ കോണ്‍സുല്‍ ജനറല്‍ വിപുല്‍, കോവിഡ് കാലയളവില്‍ കെഎംസിസി നിര്‍വഹിച്ച പ്രവര്‍ത്തനങ്ങള്‍ അളവറ്റതും ഇതര പ്രസ്ഥാനങ്ങള്‍ക്കെല്ലാം മാതൃകയുമാണെന്നും വ്യക്തമാക്കി. യുഎഇയിലെ ഇന്ത്യക്കാരുടെ തിരിച്ചുപോക്കിന് കെഎംസിസി നടത്തിയ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് എടുത്തു പറഞ്ഞ അദ്ദേഹം, ഏറ്റവും ചുരുങ്ങിയ നിരക്കില്‍ സാധാരണക്കാര്‍ക്ക് നാട്ടിലെത്താന്‍ സൗകര്യമൊരുക്കിയതിനെയും അഭിനന്ദിച്ചു.
    കോണ്‍സുല്‍ ജനറല്‍ തന്റെ സേവന കാലയളവില്‍ ഇന്ത്യന്‍ സമൂഹത്തിന് നല്‍കിയ മികച്ച പ്രവര്‍ത്തനങ്ങളില്‍ സന്തോഷം രേഖപ്പെടുത്തിയ കെഎംസിസി ഭാരവാഹികള്‍, കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പിന്തുണയില്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. കോവിഡുമായി ബന്ധപ്പെട്ട് നിര്‍ത്തി വെച്ചിരുന്ന കെഎംസിസിയുടെ പാസ്‌പോര്‍ട്ട്, കോണ്‍സുലര്‍ സേവനങ്ങള്‍ പുനരാരംഭിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ നിര്‍വഹിക്കുമെന്ന് അദ്ദേഹം കെഎംസിസി ഭാരവാഹികളെ അറിയിച്ചു.