കെഫ് ഫൈസലിന്റെയും ജമാല്‍ കോസ്‌മോയുടെയും സഹായം അഭിനന്ദനാര്‍ഹം: എളേറ്റില്‍

    ദുബൈ: പ്രതിസന്ധി നിറഞ്ഞ ഈ കോവിഡ് കാലത്ത് ദുബൈ കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് സര്‍വീസിന് കെഫ് ഹോള്‍ഡിംഗ്‌സ് സിഇഒ ഫൈസല്‍ കോട്ടിക്കൊള്ളോനും കോസ്‌മോ ട്രാവല്‍ സിഇഒ ജമാല്‍ അബ്ദുല്‍ നാസറും നല്‍കിയ സഹായം അഭിനന്ദനാര്‍ഹവും മാതൃകാപരവുമെന്ന് ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു. ദുബൈ കെഎംസിസി ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനങ്ങളില്‍ ഉടനെയുള്ള അഞ്ച് ഫ്‌ളൈ ദുബൈ വിമാനങ്ങളുടെ സര്‍വീസില്‍ പാവപ്പെട്ടവര്‍ക്ക് ടിക്കറ്റുകള്‍ക്കായി കെഫ് ഫൈസല്‍ 25,000 ദിര്‍ഹമാണ് നല്‍കിയത്. ജമാല്‍ അബ്ദുല്‍ നാസര്‍ സ്വന്തം നിലക്ക് 30 വിമാന ടിക്കറ്റുകളും നല്‍കി. ഈ ഉദാരതക്ക് ദുബൈ കെഎംസിസിയുടെ ഭാഗത്ത് നിന്ന് ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുകയാണെന്നും എളേറ്റില്‍ പറഞ്ഞു.
    ദുബൈ കെഎംസിസിയുടെ ചാര്‍ട്ടേര്‍ഡ് സര്‍വീസിലെ മൂന്ന് വിമാനങ്ങള്‍ ഇതിനകം ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് പോയിക്കഴിഞ്ഞു. കണ്ണൂരിലേക്കുള്ള ഫ്‌ളൈ ദുബൈ സര്‍വീസ് ജൂണ്‍ 13ന് ദുബൈയില്‍ നിന്നും ഉച്ച 2 മണിക്ക് പുറപ്പെടും. വരുംദിവസങ്ങളിലും സര്‍വീസുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസികള്‍ ഏറെ ബുദ്ധിമുട്ടുന്ന ഈ ഘട്ടത്തില്‍ ഏറ്റവും മികച്ച സേവനങ്ങളുമായി മുന്നില്‍ നില്‍ക്കാനാകുന്നതില്‍ ദുബൈ കെഎംസിസിക്ക് ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ഇതിനായി സഹായിക്കുന്ന എല്ലാവരോടും കടപ്പാടും നന്ദിയും അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.