ദുബൈ: ദുബൈയിലെയും അജ്മാനിലെയും പാലക്കാട് ജില്ലാ കെഎംസിസി കമ്മിറ്റികളുടെയും നാഷണല്‍ കമ്മിറ്റിയുടെയും സഹകരണത്തോടെ റാസല്‍ഖൈമയില്‍ നിന്നും കോഴിക്കോട്ടേക്ക് ചാര്‍ട്ടര്‍ ചെയ്ത വിമാനം ജില്ലയിലെ 180 പേര്‍ക്ക് തുണയായി. ഒരു മാസം നീണ്ട പരിശ്രമങ്ങള്‍ക്ക് പരിഹാരം കണ്ട സന്തോഷ നിര്‍വൃതിയിലാണ് ജില്ലാ നേതാക്കള്‍. ജില്ലാ കെഎംസിസിയിലൂടെ രജിസ്റ്റര്‍ ചെയ്ത ആയിരങ്ങളില്‍ നിന്നും തെരഞ്ഞെടുത്തവരെ അല്‍ഹിന്ദ് ട്രാവല്‍സിന്റെ പിന്തുണയോടെ സ്പൈസ് ജെറ്റുമായി സഹകരിച്ചാണ് ഫ്ളൈറ്റ് ചാര്‍ട്ടര്‍ ചെയ്തത്. സന്ദര്‍ശക വിസയിലെത്തി കുടുങ്ങിപ്പോയവര്‍, ജോലി നഷ്ടമായവര്‍, രോഗികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ ഉള്‍പ്പെടെ 180 യാത്രക്കാരുടെ ലിസ്റ്റ് മുന്‍ഗണനാ ക്രമത്തില്‍ തയാര്‍ ചെയ്തിരുന്നു. കെഎംസിസി നേതാക്കളായ പി.കെ അന്‍വര്‍ നഹ, മുഹമ്മദ് പട്ടാമ്പി, ഫൈസല്‍ തുറക്കല്‍, സന ഷംസുദ്ദീന്, ജംഷാദ് മണ്ണാര്‍ക്കാട്, അസീസ് തലക്കശ്ശേരി, നജീബ് ഷൊര്‍ണൂര്‍, അഡ്വ. ആഷിഖ് കോട്ടോപ്പാടം, ഉമ്മര്‍ തട്ടത്താഴത്ത്, ജലാലുദ്ദീന്‍ കല്പാത്തി, നാസര്‍ പടുവില്‍, ടി.എം.എ സിദ്ദീഖ്, അന്‍വര്‍ ഹല, മഅ്റൂഫ് കൊഴിക്കര, മുഹമ്മദലി നാലകത്ത്, സി.വി അലി, അജ്മല്‍ നിയാസ് തുടങ്ങിയവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
ജില്ലാ കമ്മിറ്റിക്ക് കീഴില്‍ വിവിധ മണ്ഡലം കമ്മിറ്റികളും വരുംദിവസങ്ങളില്‍ ഫ്ളൈറ്റ് ചാര്‍ട്ടര്‍ ചെയ്ത് നിരവധി പേരെ നാട്ടിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്.