ദുബൈ: ദുബൈ കെഎംസിസിയുടെ അഞ്ചാമത്തെ ചാര്‍ട്ടേര്‍ഡ് വിമാനവും കൊച്ചിയിലേക്കുള്ള ആദ്യ വിമാനവും പറന്നു. പൊതുജനങ്ങള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും കോണ്‍സുലേറ്റിനും കൊടുത്ത വാക്ക് ദുബൈ കെഎംസിസി പാലിച്ചു. ഏറ്റവും കുറഞ്ഞ ചാര്‍ട്ടേര്‍ഡ് വിമാന നിരക്കില്‍ 925 ദിര്‍ഹമിന് ജോലി നഷ്ടപ്പെട്ടവരെയും രോഗം കൊണ്ട് കഷ്ടതയനുഭവിക്കുന്ന പ്രായമായവര്‍ അടക്കമുള്ളവരെയും നാട്ടിലെത്തിക്കാന്‍ ദുബൈ കെഎം സിസിക്ക് കഴിഞ്ഞുവെന്നും ബന്ധപ്പെട്ടവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
നാളെ (തിങ്കളാഴ്ച) 1 മണിക്ക് കണ്ണൂരിലേക്കും 17ന് തിരുവനന്തപുരത്തേക്കും 18ന് കോഴിക്കോട്ടേക്കും വിമാനം പറന്നുയരും. അനുവദിച്ചു കിട്ടിയ മറ്റു ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വരുംദിവസങ്ങളിലുമുണ്ടാകും. യുഎഇയിലെ ഒരു പ്രവാസി സംഘടന ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് നടത്തുന്നതും അടുത്തടുത്ത ദിവസങ്ങള്‍ സര്‍വീസ് നടത്തുന്നതും ചരിത്രത്തില്‍ ഇതാദ്യമാണെന്നും ദുബൈ കെഎംസിസി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി.കെ ഇസ്മായില്‍, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റഈസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ഇബ്രാഹിം ഖലീല്‍, നിസാമുദ്ദീന്‍ കൊല്ലം, കെ.പി.എ സലാം, ഷുക്കൂര്‍ പങ്കെടുത്തു.