ആശ്വാസത്തിന്റെ ചിറകുകള്‍ വിടര്‍ത്തി കാസര്‍കോട് മണ്ഡലം കെഎംസിസി ചാര്‍ട്ടേഡ് വിമാനം കണ്ണൂരില്‍ പറന്നിറങ്ങി

26
ദുബൈ-കാസര്‍കോട് മണ്ഡലം കെഎംസിസിയുടെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് യുഎഇ കെഎംസിസി കേന്ദ്ര ജന.സെക്രട്ടറി നിസാര്‍ തളങ്കര ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

ദുബൈ: കോവിഡ് 19 പ്രതിസന്ധിയില്‍ അകപ്പെട്ട് മടക്കയാത്ര അനിശ്ചിതത്വത്തിലായ പ്രവാസികള്‍ക്ക് അശ്വാസമായി ‘നാടാണയാം കരുതലോടെ’ എന്ന ശീര്‍ഷകത്തില്‍ ദുബൈ-കാസര്‍കോട് മണ്ഡലം കെഎംസിസി ഒരുക്കിയ ചാര്‍ട്ടേര്‍ഡ് വിമാനം കണ്ണൂരില്‍ പറന്നിറങ്ങി. കഴിഞ്ഞ ദിവസം വൈകുന്നേരം ഷാര്‍ജയില്‍ നിന്നും കണ്ണൂരിലേക്കാണ് എയര്‍ അറേബ്യ വിമാനം ടേക്-ഓഫ് ചെയ്തത്. ഗര്‍ഭിണികളും വിസിറ്റ് വിസയില്‍ വന്ന് തിരിച്ച് പോകാനാവാത്തവരും ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായവരും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെയുള്ള 170 യാത്രക്കാരാണ് കെഎംസിസി വിമാനത്തില്‍ സുരക്ഷിതമായി നാടണഞ്ഞത്. ആരെയും വെല്ലുവിളിക്കാനല്ല, പകരം പ്രവാസികളോടുള്ള ഉത്തരവാദിത്തമായാണ് മണ്ഡലം കമ്മറ്റി ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങിയത്.
യുഎഇ കെ എം സി സി ജന.സെക്രട്ടറി നിസാര്‍ തളങ്കര ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. കെഎംസിസി കാസര്‍കോട് ജില്ലാ ജന.സെക്രട്ടറി സലാം കന്യപ്പാടി, ജില്ലാ ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മൊട്ടമ്മല്‍, ഷര്‍ജ കെഎംസിസി ജില്ലാ പ്രസിഡന്റ് ജമാല്‍ ബൈത്താന്‍ തുടങ്ങിയവര്‍ യാത്രക്കാര്‍ക്ക് ആശംസ നേര്‍ന്നു. യാത്രക്കാര്‍ക്ക് സാനിറ്ററി, സേഫ്റ്റി കിറ്റുകള്‍ക്ക് പുറമെ, കാസര്‍കോടിന്റെ തനത് രുചിയിലുള്ള ഭക്ഷണങ്ങള്‍ അടങ്ങിയ യാത്രാ കിറ്റുകളും നല്‍കി.
കൂടാതെ, മണ്ഡലത്തില്‍ നിന്നുള്ള അഞ്ഞൂറോളം യാത്രക്കാരെ ജില്ലാ-സംസ്ഥാന കമ്മറ്റികള്‍ ചാര്‍ട്ടര്‍ ചെയ്ത വിവിധ വിമാനങ്ങളിലായി നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങളും മണ്ഡലം കമ്മിറ്റിയൊരുക്കി.
ആയിരത്തിലധികം പേരാണ് നാടണയാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മണ്ഡലം കമ്മിറ്റി മുഖേന രജിസ്റ്റര്‍ ചെയ്തിരുന്നത്. അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉത്തരവാദിത്തം നിറവേറ്റാനായതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, പി.ഡി നൂറുദ്ദീന്‍, സത്താര്‍ ആലമ്പാടി, സിദ്ദീഖ് ചൗക്കി, സുബൈര്‍ അബ്ദുല്ല, മുനീഫ് ബദിയടുക്ക, സഫ്‌വാന്‍ അണങ്കൂര്‍, സുഹൈല്‍ കോപ്പ, ഉപ്പി കല്ലങ്കൈ, ശിഹാബ് നായര്‍മ്മാര്‍മൂല, സമീല്‍ കൊറക്കോട്, ജാബിര്‍ കെ.എന്‍, സര്‍ഫറാസ് റഹ്മാന്‍ തുടങ്ങിയവര്‍ അറിയിച്ചു.