വനിതകള്‍ ചാര്‍ട്ടര്‍ ചെയ്ത ആദ്യ വിമാനം പറന്നു; ചരിത്ര മുഹൂര്‍ത്തത്തില്‍ ദുബൈ വനിതാ കെഎംസിസി

  ദുബൈ വനിതാ കെഎംസിസി ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലെ ടിക്കറ്റ് രക്ഷാധികാരി ഷംസുന്നിസ ഷംസുദ്ദീന്‍ യാത്രക്കാരിക്ക് കൈമാറുന്നു. രക്ഷാധികാരി നസീമ അസ്‌ലം, പ്രസിഡന്റ് സഫിയ മൊയ്തീന്‍, ആക്ടിംഗ് ജന.സെക്രട്ടറി അഡ്വ. നാസിയ ഷബീര്‍ കോഓര്‍ഡിനേറ്റര്‍ സറീന ഇസ്മായില്‍, ഭാരവാഹികളായ റാബിയ സത്താര്‍, സക്കീന മൊയ്തീന്‍, റാബിയ ബഷീര്‍, ഷാജിത ഫൈസല്‍ തുടങ്ങിയവര്‍ സമീപം

  ദുബൈ: തുല്യതകളില്ലാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ലോകം അംഗീകരിച്ച കെഎംസിസി എന്ന പ്രസ്ഥാനത്തിന്റെ വനിതാ വിംഗായ വനിതാ കെഎംസിസി ചാര്‍ട്ടര്‍ ചെയ്ത ഫ്‌ളൈ ദുബൈ വിമാനം 168 യാത്രക്കാരുമായി കേരളത്തിലേക്ക് പറന്നു. ഇതാദ്യമായാണ് ഒരു വനിതാ കൂട്ടായ്മ ഇത്തരത്തില്‍ ഒരു വിമാനം ചാര്‍ട്ടര്‍ ചെയ്ത് സര്‍വീസ് നടത്തുന്നത്. അതുകൊണ്ടുതന്നെ, പുതുചരിത്രം രചിച്ചിരിക്കുക കൂടിയാണിവിടെയെന്നത് ഈ വനിതാ സംഘത്തിന് അഭിമാനം പകര്‍ന്നിരിക്കുന്നു.
  വിവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രവാസികള്‍ക്ക് നാടണയാന്‍ കൈ പിടിച്ച കെഎംസിസി, ജിസിസി രാജ്യങ്ങളില്‍ നിന്ന് മാത്രം 100ലേറെ വിമാനങ്ങളാണ് കേരളത്തിലെ നാല് എയര്‍പോര്‍ട്ടുകളിലേക്ക് ചാര്‍ട്ടര്‍ ചെയ്തത്. കാല്‍ ലക്ഷം പ്രവാസികളാണ് കെഎംസിസിയുടെ തണലില്‍ സ്വന്തം മണ്ണിലെത്തിയത്. ഏറ്റവും അര്‍ഹരായ ജനങ്ങള്‍ക്ക് ജാതി, മത, രാഷ്ര്ട്രീയ വേര്‍തിരിവ് നോക്കാതെ മാനുഷിക പരിഗണന മാത്രം നോക്കിയാണ് ഓരോ വിമാനങ്ങളിലും യാത്രാ സൗകര്യം ഒരുക്കി നല്‍കിയത്.
  വനിതാ കെഎംസിസിയും ഈ കോവിഡ് കാലത്ത് ഭക്ഷണ കിറ്റുകളും മരുന്നുകളും എത്തിച്ചു നല്‍കിയും കുടുംബിനികള്‍ക്ക് മാനസിക ധൈര്യം പകര്‍ന്നും കുടുംബിനികളോടൊപ്പം നിന്നു. നാട്ടിലെ വനിതാ ലീഗിന്റെ പ്രവര്‍ത്തന മികവില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് പ്രവാസ ലോകത്തും സംഘടിതമായി അണിചേര്‍ന്ന വനിതാ കെഎംസിസി, കുടുംബിനികള്‍ക്കും കുട്ടികള്‍ക്കുമായി നിരവധി പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ നടത്തിയത്.
  കെഎംസിസി വനിതാ വിംഗ് ചാര്‍ട്ടര്‍ ചെയ്ത വിമാനം, മറ്റെല്ലാ പ്രവര്‍ത്തനങ്ങളിലും കയ്യൊപ്പ് ചാര്‍ത്തിയത് പോലെ പ്രവാസി തിരിച്ചുപോക്കിനു വേണ്ടിയുള്ള കാരുണ്യവായ്പിനും ശക്തമായ പെണ്‍സാന്നിധ്യമാണെന്ന് വനിതാ കെഎംസിസി ദുബൈ കമ്മിറ്റി
  അറിയിച്ചു.
  ദുബൈ വനിതാ കെഎംസിസി ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലെ ടിക്കറ്റ് രക്ഷാധികാരി ഷംസുന്നിസ ഷംസുദ്ദീന്‍ യാത്രക്കാരിക്ക് കൈമാറി. വനിതാ വിംഗ് രക്ഷാധികാരി നസീമ അസ്‌ലം, പ്രസിഡന്റ് സഫിയ മൊയ്തീന്‍, ആക്ടിംഗ് ജന.സെക്രട്ടറി അഡ്വ. നാസിയ ഷബീര്‍, കോഓര്‍ഡിനേറ്റര്‍ സറീന ഇസ്മായില്‍, ഭാരവാഹികളായ റാബിയ സത്താര്‍, സക്കീന മൊയ്തീന്‍, റാബിയ ബഷീര്‍, ഷാജിത ഫൈസല്‍ ചടങ്ങില്‍ പങ്കെടുത്തു. ദുബൈ കെഎംസിസി ഭാരവാഹികളായ ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീല്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.