എടത്തനാട്ടുകരയിലെ മോഷണപരമ്പര: പ്രതിയെ അറസ്റ്റു ചെയ്തു

എടത്തനാട്ടുകരയിലെ മോഷണക്കേസില്‍ അറസ്റ്റിലായ പ്രതി സോമനുമായി പൊലീസ് കോട്ടപ്പള്ളയില്‍ തെളിവെടുപ്പ് നടത്തുന്നു

അലനല്ലൂര്‍: എടത്തനാട്ടുകര കോട്ടപ്പള്ളയിലെ കടകളിലുണ്ടായ മോഷണക്കേസില്‍ പ്രതിയെ അറസ്റ്റു ചെയ്തു. ഇടുക്കി അടിമാലി സ്വദേശി കല്ലിങ്ങല്‍ വീട്ടില്‍ സോമനെയാണ് (58) നാട്ടുകല്‍ പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അലനല്ലൂര്‍ വഴങ്ങല്ലിയില്‍ ഒറ്റക്കു താമസിച്ചു വരുന്ന ഇയാള്‍ മേസ്ത്തിരി പണിക്കാരനാണ്. കോട്ടപ്പള്ളയില്‍ മോഷണം നടന്ന കാപ്പില്‍ മെഡിക്കല്‍സിന് സമീപം ബില്‍ഡിങ്ങില്‍ ഒരു വര്‍ഷത്തിലധികമായി ജോലി ചെയ്ത് വരുകയായിരുന്നു. ജോലി ചെയ്യുന്ന സമയങ്ങളില്‍ അടുത്തകടകളെ വീക്ഷിച്ച് രാത്രിയില്‍ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെ നാട്ടുകല്‍ സി.ഐ ജെ.ടി അനീഷ്‌ലാലിന്റെ നേതൃത്വത്തില്‍ കോട്ടപ്പള്ളയിലെ മോഷണം നടന്ന കടയിലും മോഷണശ്രമം നടന്ന വ്യാപാര സ്ഥാപനങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. കടകളുടെ ഷട്ടറിന്റെ പൂട്ടുകള്‍ തകര്‍ക്കാന്‍ ഉപയോഗിച്ച കമ്പിപാര പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ണംകുണ്ട് വെള്ളിയാര്‍ പുഴയില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെടുത്തു.
ഇയാള്‍ മോഷണക്കേസില്‍ പാലാ സബ് ജയിലില്‍ രണ്ട് വര്‍ഷം കഴിഞ്ഞതായും അലനല്ലൂരില്‍ നടന്ന മറ്റു മോഷണങ്ങളില്‍ ഇയാളുടെ പങ്ക് അന്വേഷിച്ച് വരുന്നതായും പൊലീസ് പറഞ്ഞു. ഗ്ലാഡിന് ഫ്രാന്‍സിസ്, രാംദാസ്, ഷരീഫ്, അന്‍വര്‍ സക്കീര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തെളിവെടുപ്പിനെത്തിച്ചതിഞ്ഞ് നിരവധി ആളുകളാണ് തടിച്ച് കൂടിയത്. മോഷണം നടന്ന കടയുടെ സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞ വ്യക്തമായ ചിത്രമാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജറാക്കും. അലനല്ലൂരിലെ തുടര്‍ച്ചയായ മോഷണ പരമ്പരയില്‍ ഏറെ പഴിക്കേട്ട നാട്ടുകല്‍ പൊലീസിന് ഊര്‍ജം നല്‍കുന്നതാണീഅറസ്റ്റ്. അന്വേഷണത്തിന് നേതൃത്വം നല്‍കിയ സി.ഐ ജെ.ടി അനീഷ്‌ലാലിനെ വ്യാപാരിവ്യവസായി എടത്തനാട്ടുകര യൂണിറ്റ് പ്രസിഡന്റ് എ.പിമാനുവിന്റെ നേതൃത്വത്തില്‍ ആദരിച്ചു. വ്യാഴാഴ്ച്ച രാത്രിയിലാണ് കോട്ടപ്പള്ളയിലെ കാപ്പില്‍ മെഡിക്കല്‍ സ്‌റ്റോറില്‍ മോഷണവും സമീപത്തെ അഞ്ച് കടകളില്‍ മോഷണശ്രമവും നടന്നത്.