പ്രവാസികള്‍ക്ക് ആശ്വാസം; രാപകലുകള്‍ സമര്‍പ്പിക്കപ്പെട്ടവര്‍ യാത്രയിലും മാതൃകയാകുന്നു

റസാഖ് ഒരുമനയൂര്‍
അബുദാബി: പ്രവര്‍ത്തനത്തിലും പ്രത്യാശയിലും പ്രതീക്ഷ സാധിപ്പിക്കുന്നതിലുമെല്ലാം ഒന്നാം സ്ഥാനത്ത് കെഎംസിസി തന്നെയാണെന്ന് വിളിച്ചോതിക്കൊണ്ടാണ് കെഎംസിസിയുടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ നീലാകാശത്തേക്ക് പറക്കുന്നത്.
റാസല്‍ഖൈമയില്‍ നിന്നും കോഴിക്കോട്ടേക്ക് ആദ്യ വിമാനം പറന്നുയരുമ്പോള്‍ കെഎംസിസി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സേവനത്തിന്റെ പാതയില്‍ മറ്റൊരു പൊന്‍തൂവലാണ് ചാര്‍ത്തപ്പെടുന്നത്. പിറന്ന നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ മാസങ്ങളായി ദു രിത ജീവിതമനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് കെഎംസിസി ചാര്‍ട്ടര്‍ വിമാനം ആരംഭിക്കുന്ന വാര്‍ത്ത ആഹ്‌ളാദം പകര്‍ന്നിരിക്കുകയാണ്.
ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ പോകുന്നവരില്‍ ഭൂരിഭാഗവും കെഎംസിസി പ്രവര്‍ത്തകരല്ല എന്നതും ഏറെ ശ്രദ്ധേയമാണ്. സ്വയം യാത്രയില്‍ നിന്ന് പിന്മാറി മറ്റുള്ളവര്‍ക്ക് അവസരം നല്‍കുന്ന മാതൃകാപരമായ സമീപനമാണ് ഇവര്‍ സ്വീകരിച്ചിട്ടുള്ളത്. തങ്ങള്‍ പ്രയാസപ്പെട്ടാലും മറ്റുള്ളവരെ സ്വന്തം നാട്ടില്‍ എത്തിക്കുകയെന്ന ഉദാര മനസ്‌കതക്ക് തുലനം വെക്കാന്‍ മറ്റൊന്നുമില്ല.
മാസങ്ങളായി സ്വന്തം ജീവിതം പോലും വക വെക്കാതെ മറ്റുള്ളവര്‍ക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ട ദിനരാത്രങ്ങളിലൂടെ കടന്നു പോന്നവര്‍ ഇനിയും നാടണയുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. പകരം, അവര്‍ മറ്റുള്ളവര്‍ക്ക് അവസരമൊരുക്കുന്ന തിരക്കിലാണ്. എത്രയും പെട്ടെന്ന് നാടണയണമെന്ന മോഹവുമായി കഴിയുന്നവരുടെ ആശ നിറവേറ്റാനുള്ള പെടാപ്പാടിലാണ് അവരുള്ളത്.
കാരുണ്യത്തിന്റെ പ്രതീകമായി പ്രവാസികള്‍ക്ക് സര്‍വ സഹായവും വാഗ്ദാനം ചെയ്ത യുഎഇ അധികൃതരുടെ പ്രശംസ പിടിച്ചു പറ്റിയാണ് ഇവരുടെ കൊറോണ നാള്‍വഴികള്‍ രേഖപ്പെടുത്തപ്പെട്ടത്. ദുബൈ പൊലീസിനൊപ്പം രാപകലില്ലാതെ ചെയ്ത സേവനം ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു.
തുല്യതയില്ലാത്ത സേവനമാണ് യാത്രാ കാര്യത്തിലും ഓരോ കെഎംസിസിക്കാരനും വിഭാവനം ചെയ്യുന്നത്. പ്രായം ചെന്ന സ്വന്തം മാതാപിതാക്കളെയും പ്രിയതമയെയു മക്കളെയും കാണാനുള്ള മോഹം ഉള്ളിലൊതുക്കി അപരനു വേണ്ടി സമര്‍പ്പിക്കുന്ന ഈ ജീവിതമുണ്ടല്ലോ, അതാണ് യഥാര്‍ത്ഥ സാമൂഹിക സേവനം.
വിശന്നിരുന്നവര്‍ക്ക് അധികൃതരുടെ സഹായത്തോടെ മാസങ്ങളായി ഭക്ഷണമെത്തിച്ചവര്‍, രോഗികളെ താങ്ങിയെടുത്ത് ആതുരാലയങ്ങളില്‍ എത്തിച്ചവര്‍. അവര്‍ പകല്‍ മുഴുവന്‍ നോമ്പെടുത്ത് ഓടി നടന്നു. അപരനായ സഹോദരനു വേണ്ടി പാതിരാവിലും നിലം തൂത്തുവാരി. കഴുകിത്തുടച്ചു കട്ടിലും കിടക്കയും വിരിച്ചു താങ്ങിക്കിടത്തി. യാതൊരു മുന്‍പരിചയവുമില്ലാത്തവരെ പരിചരിക്കാന്‍ പകരക്കാരെ കാത്തിരിക്കാതെ അവര്‍ സര്‍വവും ഏറ്റെടുക്കുകയായിരുന്നു. ആരോഗ്യ വിഭാഗം ഉള്‍പ്പെടെയുള്ള അധികൃതര്‍ ഇവരെ ചേര്‍ത്തു പിടിച്ചതും അതുകൊണ്ടു തന്നെയാണ്.
തീര്‍ത്തും ആശങ്കാജനകമായ സാഹചര്യങ്ങളിലൂടെ, വിശ്രമമില്ലാത്ത നാളുകളിലൂടെ സഞ്ചരിച്ചവര്‍ ഒടുവില്‍ ഇനിയും സമര്‍പ്പിക്കപ്പെടുകയാണ്. ആകാശപ്പരപ്പിന്റെ നീലിമയിലേക്ക് കെഎംസിസിയുടെ വിമാനം പറന്നുയരുമ്പോള്‍ അതിന്റെ ചിറകിലേറി പറക്കു ന്നവന്റെ ക്ഷേമവും പ്രാര്‍ത്ഥനയും മാത്രമാണ് ഇവര്‍ കാംക്ഷിക്കുന്നത്. കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘം സമൂഹത്തിന്റെ താങ്ങായി, തണലായി അവസാനിക്കാത്ത പ്രയാണത്തിന്റെ പാതയിലാണ്.
മാസങ്ങള്‍ക്കു മുന്‍പ് ഇവര്‍ ആരംഭിച്ച കഠിന പ്രയത്‌നം വിജയത്തിലെത്തിയതില്‍ ഓരോ കെഎംസിസിക്കാരനും അഭിമാനിക്കാം. ഈ രാജ്യത്തിന്റെ കരുണയും കരുതലും ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ് പ്രവാസികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. ആറേഴു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പണി തേടിയെത്തിയവരോട് കാണിച്ച ദയാവായ്പ് ഇന്നും ബാബാ സായിദിന്റെ നാട് തുടരുമ്പോള്‍ തിരിച്ചെങ്ങനെ നന്ദിയോതുമെന്ന ഉത്തരം കിട്ടാത്ത ചോദ്യം ഓരോ പ്രവാസിയിലും അവശേഷിക്കുന്നു.