എട്ടിക്കുളം കക്കംപാറയില്‍ വ്യാജ സ്റ്റീല്‍ ബോംബ്

കക്കം പാറയില്‍ കണ്ടെത്തിയ വ്യാജസ്റ്റീല്‍ ബോംബ്

പയ്യന്നൂര്‍: രാമന്തളി എട്ടിക്കുളത്ത് സിപിഎം നിയന്ത്രണത്തിലുള്ള ബസ് വെയിറ്റിംഗ് ഷെഡിനു സമീപം വ്യാജ സ്റ്റീല്‍ ബോംബ് കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. എട്ടിക്കുളം കക്കംപാറ ജംഗ്ഷനിലെ സിപിഎം നിര്‍മ്മിച്ച കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക വെയ്റ്റിംഗ് ഷെഡിന് സമീപമാണ് സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. ഒരുഭാഗം ചളുങ്ങിയിരുന്നതിനാല്‍ എറിഞ്ഞിട്ടും പൊട്ടാതെ കിടന്ന ബോംബാണെന്നായിരുന്നു നാട്ടുകാര്‍ കരുതിയത്. കൊലപാതകവും നിരവധി ബോംബ് സ്‌ഫോടനങ്ങളും രാഷ്ട്രീയ അക്രമങ്ങളും നടന്ന പ്രദേശമാണിത്. സിപിഎം- ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന ഇവിടെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജിന്റെ രക്ത സാക്ഷിദിനത്തിന് ആഴ്ചകള്‍ മാത്രം ഉള്ളപ്പോഴുണ്ടായ ഈ സംഭവം ജനങ്ങള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്.
പയ്യന്നൂര്‍ പൊലീസ് എസ്‌ഐ ബാബു മോന്റെ നേതൃത്വത്തില്‍ പൊലീസ് സഥലത്തെത്തി ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് സ്റ്റീല്‍ കണ്ടെയ്‌നറിനുള്ളില്‍ മണലായിരുന്നുവെന്ന് മനസിലായത്. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ഗൂഢ നീക്കങ്ങള്‍ക്കെതിരെ പൊലീസ് അതീവ ജാഗ്രതയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.