ഓരോ ഇന്ത്യക്കാരനും ചിപ് പാസ്‌പോര്‍ട്ട് ഉടമയാകും

    അബുദാബി: അധികം വൈകാതെ ഓരോ ഇന്ത്യക്കാരനും ചിപ് പാസ്‌പോര്‍ട്ട് ഉടമയാകും. വ്യക്തിഗത വിവരങ്ങള്‍ പൂര്‍ണമായും രേഖപ്പെടുത്തിയ ചിപ്പുകള്‍ ഘടിപ്പിച്ച പാസ്‌പോര്‍ട്ട് താമസിയാതെ എത്തുമെന്ന് വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ അറിയിച്ചതോടെയാണിത്.
    പാസ്‌പോര്‍ട്ട് സേവാ ദിനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യാത്രാ രംഗത്ത് നടക്കുന്ന ആള്‍മാറാട്ടവും തട്ടിപ്പും ചൂഷണവും തടയാന്‍ ഏറ്റവും ഉപകാരപ്രദമായ രീതിയായി ഇത് മാറുമെന്നാണ് കരുതുന്നത്. ഇലക്‌ട്രോണിക് പാസ്‌പോര്‍ട്ടിന് സാധാരണ പാസ്‌പോര്‍ട്ടിനെക്കാള്‍ കനം കൂടുതലുണ്ടായിരിക്കും.
    ചിപ് പാസ്‌പോര്‍ട്ട് ലഭ്യമാകുന്നതോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ കൗണ്ടറുകളില്‍ നീണ്ട നിര ഇല്ലാതാകും. യാത്രക്കാര്‍ക്ക് എത്രയും വേഗം കടന്നു പോകാനുള്ള അവസരമാണ് ഇതിലൂടെ സാധ്യമാവുക. കൂടാതെ, വിവിധ തരത്തിലുള്ള മറ്റു നേട്ടങ്ങളും ചിപ് പാസ്‌പോര്‍ട്ട് വഴി ലഭ്യമാകും.