പ്രവാസികള്‍ അന്യഗ്രഹ ജീവികളോ?

40

കൊറോണ ബാധിതനായ മാധ്യമപ്രവര്‍ത്തകന്റെ അനുഭവങ്ങള്‍-3


എന്‍.എ.എം ജാഫര്‍

യുഎഇയിലും ലോക്ക്ഡൗണ്‍ ശക്തമാക്കിയതോടെ സര്‍ക്കാര്‍ വര്‍ക് അറ്റ് ഹോം സംവിധാനം നടപ്പാക്കി. മാധ്യമ പ്രവര്‍ത്തനം പൂര്‍ണ തോതില്‍ വീടുകളില്‍ നടക്കില്ലെന്നത് കൊണ്ട് ഓഫീസില്‍ എഡിറ്റോറിയല്‍ മാത്രം പ്രവര്‍ത്തിച്ചു. മറ്റുള്ളവര്‍ വീടുകളിലിരുന്ന് ആവുംവിധം ജോലി ചെയ്തു. എഡിറ്റോറിയലില്‍ ജോലി ചെയ്തിരുന്ന ഞങ്ങള്‍ നാലു പേര്‍ സൂക്ഷ്മതയോടെയാണ് ഓരോ ദിവസവും തള്ളി നീക്കിയത്. രാത്രികാല യാത്ര നിരോധിച്ചതിനാല്‍ താമസം ഓഫീസനടുത്തുള്ള മുറിയിലേക്ക് മാറ്റി. ദിവസം കഴിയും തോറും കോവിഡുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൂടി വന്നു. പിന്നീട് പേജുകളില്‍ കോവിഡ് വാര്‍ത്തകള്‍ മാത്രമായി. ലോകമെമ്പാടും കോവിഡുമായി ബന്ധപ്പെട്ട ദുരന്ത വാര്‍ത്തകള്‍. യുഎഇയിലും കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതോടെ വാര്‍ത്ത തയാറാക്കുമ്പോള്‍ നെഞ്ചിടിപ്പ് കൂടി. സുഹൃത്തുക്കളും സജീവ സാമൂഹിക പ്രവര്‍ത്തകരും കോവിഡ് പോസിറ്റീവ് പട്ടികയിലേക്ക് വന്നതോടെ വൈറസുകള്‍ അടുത്തെത്തിയതായി തോന്നിത്തുടങ്ങി. യുഎഇയിലെ മാധ്യമ പ്രവര്‍ത്തകരില്‍ സീനിയറായ മാതൃഭൂമിയിലെ പ്രിയപ്പെട്ട ശശീന്ദ്രനും ഈ പട്ടികയില്‍ ഇടം പിടിച്ചതോടെ മാധ്യമ ലോകത്തും ആശങ്കകള്‍ വര്‍ധിച്ചു. എല്ലാവരും കൂടുതല്‍ സൂക്ഷ്മാലുക്കളായി. കോവിഡ് പോസിറ്റീവ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യം. സന്ദര്‍ശക വിസയിലെത്തിയവര്‍, മക്കളെ കാണാനായി നാട്ടില്‍ നിന്നെത്തിയ പ്രായമായ രക്ഷിതാക്കള്‍, വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് പോകാനായി തയാറായിരിക്കുന്നവര്‍, പ്രസവത്തിന് നാട്ടിലെത്താന്‍ കാത്തിരിക്കുന്ന ഗര്‍ഭിണികള്‍, ലോക്ക്ഡൗണ്‍ കാരണത്താല്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍… അങ്ങനെ ദുരന്തങ്ങളുടെ നിലക്കാത്ത കഥകളാണ് ഓരോ ദിവസവും വാര്‍ത്തകളായി വരുന്നത്. താമസിക്കുന്ന ഫ്‌ളാറ്റുകള്‍ക്ക് വാടക കൊടുക്കാന്‍ കഴിയാതെയും ഭക്ഷണത്തിന് വകയില്ലാതെയും കഷ്ടപ്പെടുന്ന അനവധി കുടുംബങ്ങള്‍. രാജ്യാന്തര തലത്തില്‍ വിമാന സര്‍വീസ് നിര്‍ത്തലാക്കിയതോടെ എങ്ങനെയും നാട്ടിലെത്താമെന്ന ആശ്വാസത്തില്‍ കഴിഞ്ഞവരുടെ മനസ്സുകളില്‍ ഇടിത്തീ വീണ അവസ്ഥ. ഒരു മുറിയില്‍ തന്നെ കോവിഡ് പോസിറ്റീവായവരും രോഗം ഇല്ലാത്തവരും ഒന്നിച്ചു കഴിയുന്ന ദയനീയ സ്ഥിതി. അത്യാവശ്യത്തിന് ഭര്‍ത്താവ് നാട്ടില്‍ പോയി ലോക്ക്ഡൗണില്‍ കുടുങ്ങിയതോടെ ഗള്‍ഫിലെ ഫ്‌ളാറ്റില്‍ ഒറ്റപ്പെട്ടു പോയ ഗര്‍ഭിണിയായ ഭാര്യയുടെ ദുരിതാവസ്ഥ. ഭര്‍ത്താവ് ഐസൊലേഷനിലും ഭാര്യ വീട്ടിലും ഒറ്റപ്പെട്ട സംഭവം. കാന്‍സര്‍, ഹൃദ്രോഗം, കിഡ്‌നി തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് മരുന്നു കിട്ടാതെ വലയുന്നവരുടെ നിലവിളികള്‍…ഇത്തരത്തില്‍ വാക്കുകളിലൂടെ വിവരിക്കാന്‍ കഴിയാത്ത പ്രയാസങ്ങളാണ് നിരവധി പ്രവാസികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ആസ്പത്രികള്‍ നിറഞ്ഞു കവിഞ്ഞതോടെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യം. ആര് ആരെ സഹായിക്കുമെന്നറിയാതെയുള്ള അവസ്ഥയില്‍, അങ്ങനെ നിസ്സഹായാവസ്ഥയുടെ ഇരുണ്ട മേഘങ്ങള്‍ക്കിടയില്‍ നിന്നാണ് സാന്ത്വനത്തിന്റെ മാലാഖകളായി കെഎംസിസിയുടെ നിസ്വാര്‍ത്ഥ സേവകര്‍ രംഗത്തിറങ്ങുന്നത്. അവരെ ആരും ഇറക്കിയതല്ല. എവിടെ നിന്നോ ഒരു വിളി കേട്ടതു പോലെ അവര്‍ തെരുവിലേക്കിറങ്ങുന്നു. പരസ്പര സഹായത്തിന്റെ സ്‌നേഹദൂതുമായെത്തിയ ആ മുന്നേറ്റം പിന്നീട് ഒരു പ്രവാഹമായി മാറുകയായിരുന്നു. കൊറോണ വൈറസ് ഭീതി വക വെക്കാതെ ആവശ്യങ്ങളറിഞ്ഞ് പോസിറ്റീവുകാരനെയും നെഗറ്റീവുകാരനെയും ഒരുപോലെ കൈ പിടിച്ചുയര്‍ത്തി. താമസിക്കാന്‍ ഇടമൊരുക്കി, രോഗികള്‍ക്ക് ചികിത്സയൊരുക്കി, വിശക്കുന്നവന് വിരുന്നൊരുക്കി, വേദനിക്കുന്നവന് ആശ്വാസം പകര്‍ന്ന്, ജാതി-മത-ദേശ വ്യത്യാസമില്ലാതെ കെഎംസിസി ഒരു അത്ഭുതമായി മാറി. ഈ കോവിഡ് കാലത്ത് ഗള്‍ഫില്‍ കെഎംസിസി എന്ന നാലക്ഷരം ഉരുവിടാത്ത ഒരു പ്രവാസിയും ഉണ്ടാവില്ല. ഒരുപക്ഷെ, കെഎംസിസിയുടെ സാന്ത്വന സാന്നിധ്യമില്ലായിരുന്നെങ്കില്‍ ഈ സമയങ്ങളില്‍ നൂറുകണക്കിന് മനുഷ്യര്‍ പിടഞ്ഞു വീഴുമായിരുന്നു.
കൊറോണ വൈറസിനെക്കാള്‍ പ്രവാസികള്‍ക്കിടയില്‍ രോഗഭീതിയാണ് ഏറെ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ക്കും മറ്റു വിട്ടു മാറാത്ത അസുഖങ്ങളുള്ളവര്‍ക്കും കൊറോണ വൈറസ് ബാധ ഗുരുതരമായ അവസ്ഥയിലെത്തിച്ചിട്ടുണ്ട്. ഭൂരിപക്ഷം പേര്‍ക്കും ഒരു ജലദോഷ പനിയോടെ കോവിഡ് സുഖപ്പെടുന്നുണ്ട്. ഏത് രോഗത്തിനുമുള്ള പോലെ തന്നെയുള്ള ഗുരുതരാവസ്ഥ മാത്രമാണ് കോവിഡിനുമുള്ളത്. വാട്‌സാപ്പില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ നോക്കി മാത്രം കോവിഡിനെ വിലയിരുത്തരുത്. യുഎഇയില്‍ കഴിഞ്ഞ ആഗസ്റ്റില്‍ മാത്രം നരവധി മലയാളി യുവാക്കള്‍ ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ജീവിത ശൈലിയും ആശങ്കയുമാണ് ഇത്തരമൊരു മരണ സംഖ്യയിലെത്തിച്ചിരിക്കുന്നതെന്ന് യുഎഇയിലെ തന്നെ ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. ഇതെഴുതുമ്പോള്‍ നൂറോളം മലയാളികളാണ് യുഎഇയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ഇത് സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ പലരുടെയും മരണം പേടി മൂലമായിരുന്നുവെന്നറിയുന്നു. കോവിഡ് പരിശോധനക്ക് അയച്ച് റിസര്‍ട്ട് വരുന്നതിന് മുമ്പ് ആത്മഹത്യ സംഭവങ്ങള്‍ വരെ യുഎഇയിലുണ്ടായിട്ടുണ്ട്. നിയന്ത്രിക്കാനാവാത്ത വിധം കോവിഡിനെ കുറിച്ചുള്ള ഭയപ്പാട് പ്രവാസികള്‍ക്കിടയില്‍ വ്യാപകമായി. പലരും മാനസികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. മാനസികമായി തളര്‍ന്നവരെ ആശ്വസിപ്പിക്കാനായി കെഎംസിസിയുടെ മേല്‍നോട്ടത്തില്‍ തുടങ്ങിയ കൗണ്‍സലിംഗ് സംവിധാനം ഏറെ പേര്‍ക്ക് ഗുണകരമായി. നാട്ടില്‍ ലഭിക്കുന്ന കരുതലും ചികിത്സയും സാന്ത്വനവും മറുനാട്ടില്‍ ലഭിക്കില്ലെന്ന ഭയമാണ് കൂടുതല്‍ പ്രവാസികളെയും നാടണയാന്‍ പ്രേരിപ്പിക്കുന്നത്. ഗള്‍ഫില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യം ശക്തമായി. പല രീതിയിലും കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ സഹായിക്കാനായി എംബസിയോ നോര്‍കയോ ലോക കേരള സഭയോ രംഗത്ത് വന്നില്ല. ദുബൈ പൊലീസിന്റെയും ഹെല്‍ത്ത് അഥോറിറ്റിയുടെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കെഎംസിസി മാത്രമായിരുന്നു ഏക ആശ്രയം. സ്ഥിതി കൂടുതല്‍ വഷളാവാന്‍ തുടങ്ങിയതോടെ യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍ സമ്മര്‍ദം ചെലുത്തി. കൂടാതെ, നാട്ടില്‍ നിന്നുമുള്ള നിരന്തര ശ്രമങ്ങളുടെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ വിമാനങ്ങളയക്കാന്‍ തീരുമാനിച്ചു. കുടുങ്ങിക്കിടക്കുന്നവരെയും മറ്റും നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യുഎഇ സര്‍ക്കാറും ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, കോവിഡ് കാലത്തുള്ള റമദാന്‍ വ്രതകാലവും സമാഗതമായി. ഒരുപക്ഷെ, ഈ നൂറ്റാണ്ടില്‍ ഇത്തരമൊരു വ്രത കാലം ആരും അനുഭവിച്ചു കാണില്ല. ഗള്‍ഫ് രാജ്യങ്ങള്‍ ഏറ്റവും സജീവമാകുന്നതും അനുഗൃഹീതമായ രാപകലുകള്‍ക്ക് സാക്ഷിയാവുന്നതും റമദാന്‍ കാലത്താണ്. ഇത്തവണ സ്ഥിതി മാറി. പള്ളികള്‍ അടഞ്ഞ് കിടന്നു. എവിടെയും ഇഫ്താര്‍ സംഗമങ്ങളില്ല. സമൂഹ നോമ്പുതുറക്കുള്ള ഇഫ്താര്‍ ടെന്റുകളില്ല. ഇത്തവണ നോമ്പ് കാലം മുഴുപട്ടിണിയിലാകുമെന്ന് എല്ലാവരും ഭയന്നു. എന്നാല്‍, അവിടെയും അനുഗ്രഹത്തിന്റെ മാലാഖമാര്‍ റമദാന്‍ കാലം സജീവമാക്കി. കെഎംസിസി, ഇന്‍കാസ് പോലുള്ള സംഘടനകള്‍ ഔചിത്യത്തോടെ പ്രവര്‍ത്തിച്ചു. ജാതി-മത വ്യത്യാസമില്ലാതെ ഈ റമദാനില്‍ ഒരു ബാച്ചിലര്‍ മുറികളിലും ഫാമിലി താമസ ഇടങ്ങളിലും ആരും ഭക്ഷണം കിട്ടാതെ വലയേണ്ടി വന്നില്ല. എല്ലായിടത്തും ഭക്ഷണ കിറ്റുകളും പാകംചെയ്ത ഭക്ഷണവും വീട്ടുവാതില്‍ക്കലെത്തി. ഞങ്ങളുടെയൊക്കെ മുറികളില്‍ മൂന്ന് മാസത്തേക്ക് കഴിയാനുള്ള സാധനങ്ങളാണ് എത്തിച്ചിരുന്നത്. കോവിഡ് ഭീതി നിറഞ്ഞു നില്‍ക്കുന്ന വേളയിലും നൂറുകണക്കിന് പ്രവര്‍ത്തകരാണ് എല്ലാം മറന്ന് രാപകല്‍ വ്യത്യാസമില്ലാതെ സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നത്. ഇതിനിടയില്‍ കെഎംസിസിയുടെയും മറ്റു സംഘടനകളുടെയും നിരവധി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. ഇവരെല്ലാം പിന്നീട് സുഖപ്പെട്ട് പുറത്തു വന്നു. സുഖം പ്രാപിച്ച് വരുന്നവരെ നായിഫിലും മറ്റും പാട്ടും പാടി സ്വീകരിക്കുന്ന രംഗം കോവിഡ് കാലത്തെ വേറിട്ട കാഴ്ചയായി. ജീവന്‍ പണയം വെച്ചുള്ള നൂറുകണക്കിന് പ്രവര്‍ത്തകരുടെ ആത്മ ധൈര്യമാണ് പ്രവാസ ലോകത്ത് വലിയ അനുഗ്രഹമായത്. ഈ സമയം പ്രവാസികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് വിവാദപരമായ ചര്‍ച്ചകളായിരുന്നു നാട്ടില്‍ നടന്നിരുന്നത്. പ്രവാസ ലോകത്തെ യാഥാര്‍ത്ഥ്യങ്ങള്‍ പൂര്‍ണതോതില്‍ മനസ്സിലാക്കാതെയായിരുന്നു ചര്‍ച്ചകള്‍ പൊടി പൊടിച്ചിരുന്നത്. പ്രവാസികളെ അന്യഗ്രഹ ജീവികളെന്ന മട്ടിലാണ് പലരും അവതരിപ്പിച്ചിരുന്നത്. പ്രവാസികള്‍ കോവിഡ് വാഹകരാണെന്നും സൂക്ഷിണക്കണമെന്നുമുള്ള മട്ടിലായിരുന്നു ചര്‍ച്ചകള്‍. അവര്‍ ഈ നാട്ടിലെ പൗരന്മാര്‍ തന്നെയല്ലേ, അവര്‍ വന്നോട്ടെ എന്ന രീതിയില്‍ ഔദാര്യത്തോടെയുള്ള സ്‌നേഹ പ്രകടനവും ചിലര്‍ നടത്തുന്നുണ്ടായിരുന്നു. പ്രവാസി സമൂഹം കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വളര്‍ച്ചയില്‍ വഹിച്ച പങ്ക് വിസ്മരിച്ചായിരുന്നു കോവിഡ് കാലത്ത് പ്രവാസികളോടുള്ള ഭരണകൂടത്തിന്റെ നിലപാട്. ഇവിടെയെല്ലാം നോര്‍ക എന്ന സംവിധാനം വെറുമൊരു നോക്കുകുത്തിയായി മാറി. ചില തല്‍പര കക്ഷികള്‍ക്ക് ഞെളിഞ്ഞിരിക്കാനുള്ള വേദിയായിരുന്നു നോര്‍ക. പ്രവാസി സംഘടനകള്‍ ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ പോലും ഈ സര്‍ക്കാര്‍ സംവിധാനത്തിന് കഴിഞ്ഞില്ല. അതിനിടെ, പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് മിഷന്‍ ആരംഭിച്ചു. എങ്ങനെയും അതില്‍ കയറിപ്പറ്റാനുള്ള തത്രപ്പാടിലായി എല്ലാവരും. രോഗികള്‍, ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയ പരിഗണന നല്‍കിയായിരുന്നു യാത്രക്കാരെ തെരഞ്ഞെടുത്തിരുന്നത്. എന്നിരുന്നാലും, കേന്ദ്ര സര്‍ക്കാരില്‍ സ്വാധീനമുള്ളവര്‍ക്കും മിഷനില്‍ ഇടം പിടിക്കാനായി. വര്‍ഷങ്ങളായി പ്രമേഹ രോഗത്തിനടിമയായ ഞാനും പ്രത്യേകമായൊരു അപേക്ഷ എംബസിക്ക് സമര്‍പ്പിച്ചു. ഒരു ദിവസം എംബസിയില്‍ നിന്നും എനിക്കും വിളി വന്നു. വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിലെ അവസാന വിമാനത്തിലാണ് സീറ്റ് തരപ്പെട്ടത്. പാലക്കാട്ടുകാരനായ എനിക്ക് തിരുവനന്തപുരത്തേക്കാണ് ടിക്കറ്റ് ലഭിച്ചത്. ഏതു വിധേനയും നാട്ടിലെത്തണമെന്ന് ആഗ്രഹിച്ചിരുന്ന ഞാനത് സ്വീകരിച്ചു. ടിക്കറ്റ് ഉറപ്പായതോടെ യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. എന്‍95 മാസ്‌ക്, പിപിഇ കിറ്റ്, കയ്യുറകള്‍ തുടങ്ങി നോമ്പ് തുറക്കാനുള്ള ഈത്തപ്പഴവും വെള്ളവും വരെ കയ്യില്‍ കരുതി. 2020മെയ് 23നായിരുന്നു ദുബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്ര. അങ്ങനെ കോവിഡ് കാലത്ത് ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ മാധ്യപ്രവര്‍ത്തകനായി. (തുടരും)