കൊറോണ ബാധിതനായ മാധ്യമ പ്രവര്‍ത്തകന്റെ അനുഭവങ്ങള്‍-5

എന്‍.എ.എം ജാഫര്‍
ജന്മനാട്ടിലെ ക്വാറന്റീന് സെന്ററിലെത്തിയത് എനിക്ക് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നു. മുപ്പതോളം മുറികളുള്ള ഒരു സ്വകാര്യ ലോഡ്ജായിരുന്നു അത്. താമസക്കാര്‍ എല്ലാവരും പ്രവാസികള്‍. ഈ സമയം ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്റെയും പി.കെ അന്‍വര്‍ നഹയുടെയും മറ്റു കെഎംസിസി നേതാക്കളുടെയും ശ്രമഫലമായി ദുബൈ സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ യുഎഇയിലെ അല്വര്സാന് എന്ന സ്ഥലത്ത് ഒരുക്കിയ വിപുലമായ ക്വാറന്റീന് സെന്റര്‍ ഓര്‍ത്തു പോയി. അവിടെ ഒരുക്കിയ കേന്ദ്രം ആയിരക്കണക്കിന് പ്രവാസികള്‍ക്ക് അനുഗ്രഹമായിരുന്നു. ഇവിടെ എന്റെ മുറിയിലെ ജനാലയിലൂടെ നോക്കിയാല്‍ ഒലവക്കോട് റെയില്‍വെ സ്റ്റേഷനിലേക്കുള്ള റോഡ് കാണാം. എത്തിയ വിവരമറിഞ്ഞ് ഭാര്യയും മക്കളും എന്നെ കാണാനായി ലോഡ്ജിന് മുന്നിലെ റോഡിലെത്തി. ജനലിലൂടെ നോക്കി കൈ വീശിക്കാണിച്ച് അവരെ തിരിച്ചയച്ചു. സ്വന്തം നാട്ടില്‍ വീടിനടുത്തുള്ള ലോഡ്ജില്‍ ‘കപ്പല്‍ വിലക്കി’ല്‍ ഇരിക്കേണ്ട സാഹചര്യം വല്ലാത്തൊരു അനുഭവമായിരുന്നു. തൊട്ടടുത്ത മുറിയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച രാധാകൃഷ്ണന്, ചെന്താമരാക്ഷന് ദമ്പതികള്‍. മക്കളെ കാണാനായി മസ്കത്തില് പോയി തിരിച്ചുവന്നതായിരുന്നു ഈ കുടുംബങ്ങള്‍. അടുത്ത മുറിയില്‍ കഥകളി പിന്നണിയിലെ ചെണ്ട വിദ്വാന് ഗോപാലകൃഷ്ണന്. പിന്നെ ഒമാനില്‍ ഹോട്ടല്‍ നടത്തുന്ന ‘അങ്കിള്‍ ബണ്‍’ സിനിമയിലെ മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്ന പ്രകാശ്. മകളെ കാണാനായി പോയി തിരിച്ചെത്തിയ വീട്ടമ്മ പ്യാരിജാന്. ഇവരെല്ലാവരും ഒമാനില്‍ നിന്നും എത്തിയവര്‍. രണ്ടു ദിവസത്തിനകം എല്ലാവരും ഒരു കുടുംബം പോലെയായി. രാധാകൃഷ്ണനും കുടുംബവും രോഗബാധിതനായ അച്ഛനെ കാണാനെത്തിയതായിരുന്നു. എന്നാല്‍, അവരെ അതിന് സമ്മതിച്ചില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അച്ഛന് മരിച്ചു. മൃതദേഹമെങ്കിലും കാണാന്‍ കഴിഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് അവര്‍ മുറിയിലിരുന്ന് കരയുന്നു. വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഗള്‍ഫില്‍ നിന്നും എത്തിയതിനാല്‍ വീട്ടിലേക്ക് കയറ്റാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ കുടുംബത്തിന്റെ പ്രതിസന്ധി ക്വാറന്റീന് സെന്ററിലാകെ ചര്‍ച്ചയായി. ആരെ വിളിച്ചിട്ടും ഇവര്‍ക്ക് അനുമതി ലഭിച്ചില്ല. ഒടുവില്‍ പാലക്കാട് പ്രസ്സ് ക്ളബ് പ്രഡിഡന്റ് ‘ദി ഹിന്ദു’വിലെ ലത്തീഫ് നഹ മുഖേന ജില്ലാ കലക്ടറെ വിവരം അറിയിക്കുന്നു. ഉടന്‍ തന്നെ ശ്മശാനത്തില്‍ പോയി മൃതദേഹം കാണാന്‍ അനുമതി ലഭിക്കുന്നു. ഇത്തരത്തില്‍, വൃദ്ധരായ മാതാപിതാക്കളെ കാണാനെത്തിയവര്‍, അടിയന്തിര ചികിത്സ ആവശ്യമുള്ള രോഗികള്‍ അങ്ങനെ നിരവധി പ്രശ്നങ്ങളുള്ളവരായിരുന്നു ക്വാറന്റീന് സെന്ററിലുണ്ടായിരുന്നത്. കുടുംബശ്രീക്കാര് പാകം ചെയ്യുന്ന ഭക്ഷണമാണ് സെന്ററിലെത്തിച്ചിരുന്നത്. ലോഡ്ജിന് പുറത്തുള്ള മേശയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതികള്‍ എത്തിക്കും. അവര്‍ പോയ ശേഷം ഓരോരുത്തരായി ഭക്ഷണപ്പൊതികള്‍ എടുക്കണമെന്നാണ് പ്രൊട്ടോകോള്‍. പലര്‍ക്കും ഈ ഭക്ഷണം കഴിച്ചതോടെ വയറിന് പ്രശ്നങ്ങളായി. പിന്നെ അടുത്തുള്ള ഹോട്ടലില്‍ നിന്നും വീടുകളില്‍ നിന്നും ഭക്ഷണം എത്തിക്കുന്നവരുമുണ്ടായിരുന്നു. എനിക്കും വീട്ടില്‍ നിന്നും പെരുന്നാള്‍ ബിരിയാണിയും പിന്നീടുള്ള ദിവസങ്ങളില്‍ ഇലയില്‍ പൊതിഞ്ഞ ഭക്ഷണവും ലഭിച്ചു. മെയ് 24ന് ക്വാറന്റീനില്‍ പ്രവേശിച്ച ഞങ്ങളെല്ലാവര്‍ക്കും ജൂണ്‍ ഒന്നിന് കോവിഡ് പരിശോധനക്കായി ജില്ലാ ആസ്പത്രിയില്‍ നിന്നും വിളി വന്നു. അതിനിടെ, മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും സ്രവം എടുക്കുന്നതിനെ കുറിച്ചുള്ള കഥകള്‍ സെന്ററില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. നീണ്ട പ്ളാസ്റ്റിക് സ്റ്റിക് തൊണ്ടയിലേക്കും മൂക്കിലേക്കും കുത്തിയിറക്കിയുള്ള പരിശോധനയില്‍ വേദന സഹിക്കാനാവില്ലെന്നായിരുന്നു ഓരോരുത്തര് പറഞ്ഞിരുന്നത്. ഇത് കേട്ടതോടെ എല്ലാവരും ഭയന്നു. ജില്ലാ ആസ്പത്രിയിലേക്ക് കൊണ്ടുപോകാനായി 108 ആംബുലന്‍സുകള്‍ ലോഡ്ജിലേക്ക് പാഞ്ഞെത്തി. ഓരോരുത്തരായി ജില്ലാ ആസ്പത്രിയിലേക്ക്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ സ്രവമെടുക്കുന്ന സ്ഥലം കണ്ട് എല്ലാവരുമൊന്ന് പേടിച്ചു. ഈ പരിസരത്ത് നിന്നും കോവിഡ് പകരാന്‍ എല്ലാ സാധ്യതകളുമുണ്ടായിരുന്നു. എന്നാലും, അവിടെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും നമ്മള് നമിക്കേണ്ടിയിരിക്കുന്നു. പിപിഇ കിറ്റുകള്ക്കുള്ളിലുള്ള അവരുടെ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും ഒരു തരത്തിലുമുള്ള വേദനയില്ലാതെയാണ് സ്രവമെടുത്തിരുന്നത്. നേരിയ ഒരു തരിപ്പ് മാത്രമാണ് അനുഭവപ്പെട്ടത്. ചിലര്‍ക്ക് ചെറിയ തുമ്മലുണ്ടായെന്ന് മാത്രം. ഇതേക്കുറിച്ചുള്ള വക്രമായ പ്രചാരണങ്ങള്‍ ആരും വിശ്വസിക്കരുത്. കോവിഡുമായി ബന്ധപ്പെട്ട് ആളുകളെ ഭയപ്പെടുത്തുന്ന നിരവധി കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്നു കൊണ്ടിരിക്കുന്നത്.
ഇനി പരിശോധനാ ഫലമറിയാനുള്ള കാത്തിരിപ്പ്. ക്വാറന്റീനില്‍ ഇരിക്കുമ്പോള്‍ ലഭിക്കുന്ന സാമൂഹികവും കുടുംബപരവുമായ പിന്തുണയും ഒപ്പം തിരസ്കാരവും വിലക്കും ഓരോരുത്തരും അനുഭവിച്ചു തുടങ്ങി. സഹോദരങ്ങളും കുടുംബാംഗങ്ങളും വീഡിയോ കോളിലും മറ്റും ബന്ധപ്പെട്ട് ആശ്വാസം പകര്‍ന്നു. ക്വാറന്റീന് സെന്ററിലെ ഒറ്റ മുറിയില്‍ ഉറക്കമില്ലാത്ത രാത്രികള്‍ക്കും ആശങ്കകളുടെ പകലുകള്‍ക്കും ആശ്വാസമായത് ഫോണ്‍ വിളികള്‍ മാത്രമായിരുന്നു. ഞാന്‍ താമസിക്കുന്ന റെഡിഡന്‍ഷ്യല്‍ കോളനിയിലെ സുഹൃത്തുക്കളും ഡോക്ടര്‍മാരും വിളിച്ച് എല്ലാ മാനസിക പിന്തുണയും വാഗ്ദാനം ചെയ്തു. ആത്മബന്ധമുള്ളവര്‍ ലോഡ്ജിന് മുന്നിലുള്ള റോഡില്‍ വന്ന് അഭിവാദ്യം ചെയ്തു. പക്ഷെ, അടുത്ത അയല്‍വാസികളില്‍ ചിലര്‍ കുപ്രചാരണവും അഴിച്ചു വിടുന്നുണ്ടായിരുന്നു. ഞാന്‍ ആരുമറിയാതെ രാത്രിയില്‍ വീട്ടിലെത്തിയെന്നും മുകളിലത്തെ മുറിയില്‍ ഒളിച്ചു താമസിക്കുകയാണെന്നുമായിരുന്നു പ്രചാരണം. ഇതോടെ, എന്റെ ഭാര്യയെയും മക്കളെയും ചിലര്‍ നോട്ടപ്പുള്ളികളാക്കി. അവരെ കാണുമ്പോള്‍ ചിലര്‍ മാസ്ക് ധരിച്ച് മാറി നടന്നു. വീട്ടില്‍ മരാമത്ത് പണികള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന കോണ്‍ട്രാക്ടറെ ചിലര്‍ വിളിച്ചു വരുത്തി ആ വീട്ടില്‍ പ്രവേശിക്കരുതെന്നും ഷാഡോ പൊലീസിന്റെ നിരീക്ഷണമുണ്ടെന്നും ഭീഷണിപ്പെടുത്തി. ക്വാറന്റീന് സെന്ററില്‍ എന്റെ അടുത്ത മുറിയില്‍ താമസിക്കുന്നവരുടെ അനുഭവം ഇതിലുമപ്പുറമായിരുന്നു. പ്രവാസിയുടെ വരവറിയിച്ച് നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ പ്രചരിക്കുന്നു. ചില സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ വരെ പ്രത്യക്ഷപ്പെട്ടു. ഇതെല്ലാമാണെങ്കിലും, മാനസികമായി തളരാന്‍ ഞാന്‍ തയാറായിരുന്നില്ല. കോവിഡ് പോസീറ്റാവായാലും ഇല്ലെങ്കിലും ശക്തമായ അതിജീവനം മനസ്സിലുറപ്പിച്ചിരുന്നു. കൃത്യമായ പ്രാര്‍ത്ഥനയും ഒപ്പം വായനയും മനസ്സിന് കരുത്തു പകര്‍ന്നു. രോഗം വന്നാലുള്ള അവസ്ഥയെക്കാള്‍ ആശങ്കാജനകമാണ് ഒരു മഹാമാരിയായി മാറിയ വൈറസ് അവനവന്റെ ശരീരത്തില്‍ ഉണ്ടോ എന്നറിയാനുള്ള കാത്തിരിപ്പ്. ഇതിനിടയില്‍ ഡോ. കെ.കെ.എന്‍ കുറുപ്പ് പരിഭാഷപ്പെടുത്തിയ ‘ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനും തുഹ്ഫത്തുല്‍ മുജാഹിദീനും’ എന്ന പുസ്തകം വായിച്ചു തീര്‍ത്തു. പോര്‍ച്ചുഗീസ് അധിനിവേശത്തിനും അതിക്രമങ്ങള്‍ക്കുമെതിരെ കോഴിക്കോട് സാമൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ മലബാര്‍ സമൂഹം നടത്തിയ ഒരു നൂറ്റാണ്ടു കാലത്തെ ചെറുത്തുനില്പിന്റെ ചരിത്രം. കോവിഡ് പരിശോധനാ ഫലമറിയാനുള്ള ദിവസമെത്തി. ജൂണ്‍ 4ന് വൈകുന്നേരം അഞ്ച് മണിയോടെ സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് വിളിക്കുന്നു. വളരെ സൗമ്യമായി പേരും വിലാസവും ഗള്‍ഫില്‍ നിന്നുള്ള വിവരവും ചോദിച്ചറിഞ്ഞു. മനസ്സ് വല്ലാതെ പിടക്കുന്നുണ്ടായിരുന്നു. ധൈര്യം സംഭരിച്ച് ഞാന്‍ ചോദിച്ചു: എന്റെ പരിശോധനാ ഫലം പോസിറ്റീവ് ആണോ? ഇതിനുള്ള മറുപടി ഇങ്ങനെ: അയ്യോ, അതൊന്നുമല്ല. നിങ്ങളുടെ മേല്‍വിലാസം കണ്‍ഫേം ചെയ്യാന്‍ വിളിച്ചതാണ്. ഞാന്‍ ഏതാണ്ട് ഉറപ്പിച്ച് മനസ് പാകപ്പെടുത്തി. അപ്പോള്‍ അടുത്ത ഫോണ്‍ വന്നു, ഇത്തവണ പൊലീസ് ഇന്റലിജന്‍സില്‍ നിന്നും. അവരും ഇതു പോലെ വിവരങ്ങള്‍ ആരാഞ്ഞു. ഞാന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി അടുത്ത മുറിയിലുള്ളവരോട് ചോദിച്ചെങ്കിലും ആര്‍ക്കും ഫോണ്‍ വന്നില്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ പിആര്‍ഡിയില്‍ നിന്നുള്ള അന്നത്തെ കോവിഡ് റിപ്പോര്‍ട്ട് വാട്സാപ്പില്‍ വന്നു. കോവിഡ് ബാധിച്ചവരില്‍ ദുബൈയില്‍ നിന്നും വന്ന 50 വയസ്സുള്ള ഒലവക്കോട് സ്വദേശി. പിന്നീട് ഒന്നും ആലോചിക്കാനായില്ല. ഉടന്‍ തന്നെ അടുത്ത മുറിയിലുള്ളവരോട് പോസിറ്റീവായ വിവരം പറഞ്ഞു. എല്ലാവരും അന്ധാളിച്ച് നില്ക്കുന്നുണ്ടായിരുന്നു. പിന്നീട്, ജില്ലാ ആസ്പത്രിയില്‍ നിന്നും ഫോണ്‍ വന്നു. നിങ്ങള്‍ തയാറായി നിന്നോളൂ, ആംബുലന്‍സ് വരും. ഒരു ഫോണ്‍ വിളിയിലും ഫലം പോസിറ്റീവ് ആണെന്ന് പറയില്ല, ഇതാണ് പ്രോട്ടോകോള്‍. ഈ വിവരം എങ്ങനെ വീട്ടിലറിയിക്കും എന്നതായി ചിന്ത. റിസള്‍ട്ട് വരുന്നതോട ക്വാറന്റീന് കഴിഞ്ഞ് വീട്ടിലെത്തെുമെന്ന് കാത്തിരിക്കുന്നവരോട് എന്ത് പറയും. മറ്റു കുടുംബാംഗങ്ങള്‍ മുഖേനയും മറ്റും വിവരമറിയിച്ചു. ഈ സമയങ്ങളില്‍ വീട്ടിലും കുടുംബത്തിലും എന്തു നടന്നുവെന്ന് അറിഞ്ഞില്ല. ലഗേജും സാധനങ്ങളുമായി ആംബുലന്‍സിനായി കാത്തിരിപ്പായി. ആംബുലന്‍സ് എത്തുമ്പോള്‍ രാത്രി 12 മണി. അടുത്തുള്ള മുറിയിലുള്ള എല്ലാവരും ഉറക്കത്തിലായിരുന്നു. ആരോടും യാത്ര പറഞ്ഞില്ല. പിപിഇ കിറ്റ് ധരിച്ച 108 ആംബുലന്‍സ് ഡ്രൈവറോടൊപ്പം ജില്ലാ ആസ്പത്രിയിലേക്ക്. കോവിഡ് വാര്‍ഡിന് മുന്നില്‍ വണ്ടി നിര്‍ത്തി. ഡ്രൈവര്‍ കയ്യില്‍ ഒരു ബെഡ്ഷീറ്റ് നല്കി. ഒഴിഞ്ഞ ഏതെങ്കിലും കട്ടിലില്‍ കിടക്കാന്‍ ആവശ്യപ്പെട്ട് പോയി. വാര്‍ഡിലെ ലൈറ്റുകള്‍ അണച്ച് എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. നഴ്സിംഗ് റൂമില്‍ നിന്നുള്ള ലൈറ്റിന്റെ വെളിച്ചത്തില്‍ വാര്‍ഡിലേക്ക് പ്രവേശിച്ചു. അമ്പതോളം ബെഡുകളുള്ള വാര്‍ഡില്‍ ഒഴിഞ്ഞ ബെഡില്‍ ഷീറ്റ് വിരിച്ച് ഉറങ്ങാനായി കിടന്നു, ഒരു നിശ്ചയവുമില്ലാതെ… (തുടരും)
—————————