കൊറോണ ബാധിതനായ മാധ്യമ പ്രവര്‍ത്തകന്റെ അനുഭവങ്ങള്‍-2
എന്‍.എ.എം ജാഫര്‍
ലോകത്തെ മറ്റെല്ലാ രാജ്യങ്ങളിലുമെന്ന പോലെ യുഎഇയിലും 2020 പുതുവത്സരാഘോഷം സാധാരണ പോലെ നടന്നു. ഈ സമയം ലോകത്ത് കോവിഡ് ഭീതി വ്യാപകമായിട്ടില്ല. ചൈനീസ് ഉല്പന്നങ്ങളുടെ ഇറക്കുമതി പോലെ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊറോണ വൈറസ് എത്തിയിരുന്നത് ചൈനയിലെ വുഹാനില്‍ നിന്നു തന്നെയായിരുന്നു. 2020 ജനുവരി 29ന് യുഎഇയില്‍ ആദ്യ കോവിഡ് 19 ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നും അവധിക്ക് ശേഷം യുഎഇയിലെക്ക് തിരിച്ചെത്തിയ നാലംഗ ചൈനീസ് കുടുംബത്തിനാണ് കോവിഡ് ബാധിച്ചത്. ജനുവരി 16നായിരുന്നു ഈ കുടുംബം യുഎഇയിലെത്തിയത്. ഈ കുടുംബത്തിലെ 73 വയസ്സുള്ള മുത്തശ്ശിക്ക് ജനുവരി 23ന് പനി ബാധിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാല് പേര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നത്. യുഎഇയിലെയും മിഡില്‍ ഈസ്റ്റിലെയും ആദ്യ കോവിഡ് കേസായിരുന്നു ഇത്. ഇതോടെ, യുഎഇയും കോവിഡ് ഭൂപടത്തില്‍ ഇടം പിടിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം യുഎഇയില്‍ അഞ്ചാമത്തെ കോവിഡ് രോഗിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വുഹാനില്‍ നിന്നും ദുബൈയിലെത്തിയ വ്യക്തിക്ക് തന്നെയാണ് ഇത്തവണയും കോവിഡ് ബാധിച്ചത്. ഈ സമയം തന്നെ യുഎഇ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിത്തുടങ്ങി. യുഎഇയിലുടനീളം മാസ്ക് വില്പനക്കുള്ള നിര്‍ദേശം നല്കി. ഫെബ്രുവരി 8ന് ആറാമത്തെയും ഏഴാമത്തെയും രോഗികളെ സ്ഥിരീകരിച്ചു. ഇത്തവണ ഒരു ചൈനക്കാരനും ഫലിപ്പീനിക്കുമാണ് രോഗം ബാധിച്ചത്. പിറ്റേന്ന് ശുഭകരമായ വാര്‍ത്തയും പുറത്തു വന്നു. യുഎഇയിലെ ആദ്യ കോവിഡ് രോഗി 73 വയസ്സുള്ള ചൈനീസ് മുത്തശ്ശി സുഖം പ്രാപിച്ചു. ആറാമത്തെ ചൈനീസ് രോഗിയുമായി ഇടപഴകിയ മലയാളിയായ പ്രവാസിയായിരുന്നു യുഎഇയിലെ എട്ടാമത്തെ കോവിഡ് രോഗി. പിന്നീടുള്ള ഓരോ ദിവസവും രോഗികളുടെ എണ്ണം വര്‍ധിച്ചു തുടങ്ങി. ചൈനക്കാര്‍ക്ക് പുറമെ മറ്റു രാജ്യക്കാര്‍ക്കും കോവിഡ് ബാധിച്ചു. ഇതിനകം പലരും രോഗമുക്തരാകുന്നുമുണ്ട്. ഫെബ്രുവരി 28ന് ഇറ്റലിയില്‍ നിന്നെത്തിയ രാജ്യാന്തര സൈക്കിള്‍ റേസ് സംഘത്തിലെ ഒരാള്‍ക്കും പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തു. സൈക്ളിംഗ് മത്സരത്തിനെത്തിയ 612 പേര് താമസിച്ചിരുന്ന ഹോട്ടല്‍ അടച്ചിട്ടതോടെ യുഎഇയിലെ ആദ്യ ലോക്ക്ഡൗണ്‍ നടപ്പായി. മാര്‍ച്ച് ഒന്നിന് യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണം 27 ആയി ഉയര്‍ന്നു. അടുത്ത ദിവസം തന്നെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് കോവിഡ് 19 പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തു. വിദേശയാത്ര കഴിഞ്ഞെത്തിയ രക്ഷിതാക്കളില്‍ നിന്നാണ് വിദ്യാര്‍ത്ഥിനിക്ക് വൈറസ് പകര്‍ന്നത്. പിന്നീട് യുഎഇ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങി. സ്കൂളുകള്‍ പൂര്‍ണമായും അടച്ചിട്ടു. ജനജീവിതം നിശ്ചമായിത്തുടങ്ങി. കോവിഡ് രോഗികളുടെ എണ്ണം 140ല്‍ എത്തിയപ്പോള്‍ മാര്‍ച്ച് 20ന് ആദ്യ കോവിഡ് മരണം യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു പേരാണ് മരിച്ചത്. മറ്റു രോഗങ്ങളുള്ള വ്യക്തികളായിരുന്നു ഇവര്‍. മലയാള പത്രങ്ങള്‍ അടക്കം യുഎഇയിലെ എല്ലാ മാധ്യമങ്ങളും കോവിഡ് വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യം നല്‍കിത്തുടങ്ങി. യുഎഇയില്‍ കോവിഡ് രോഗികളുടെയും സുഖപ്പെട്ടവരുടെയും എണ്ണം മാത്രമാണ് ആരോഗ്യ പ്രതിരോധ മന്ത്രാലയം ഓരോ ദിവസവും മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. ഒരിക്കലും രോഗികളുടെ പേരോ രാജ്യമോ പ്രായമോ വെളിപ്പെടുത്താറില്ല. മാര്‍ച്ച് 22ന് ദുബൈയില്‍ 11 ദിവസത്തെ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ദേശീയ അണുവിമുക്ത പദ്ധതി എന്ന പേരിലാണ് യുഎഇയില്‍ ലോക്ക്ഡൗണ്‍ നടപടികള്‍ സ്വീകരിക്കുന്നത്. ഈ സയമങ്ങളില്‍ രാജ്യത്തെ പ്രധാന റോഡുകളും സ്ഥാപനങ്ങളും മറ്റും അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. രാത്രി കാലങ്ങളില്‍ കൂറ്റന്‍ വാഹനങ്ങളെത്തി റോഡുകളില്‍ അണുനാശിനി സ്പ്രേ ചെയ്ത് വൃത്തിയാക്കുന്ന പദ്ധതിയാണിത്. രാത്രികാലങ്ങളില്‍ പുറത്തിറങ്ങി നടക്കാനും യാത്ര ചെയ്യുന്നതിന് പൂര്‍ണ വിലക്കേര്‍പ്പെടുത്തി. ചില പ്രദേശങ്ങളൊഴികെ യുഎഇ പൂര്‍ണമായും ലോക്ക്ഡൗണിന് കീഴിലായി. ഈ സമയങ്ങളില്‍ സൂപര്‍ മാര്‍ക്കറ്റുകളും ഫാര്‍മസികളും മാത്രം പ്രവര്‍ത്തിച്ചു. മാസ്ക് ധരിക്കല്‍ നിര്‍ബന്ധവും ലംഘിച്ചാല്‍ പിഴയും ഏര്‍പ്പെടുത്തി. പൊതുഗതാഗത സംവിധാനം ഭാഗികമായി തടസ്സപ്പെട്ടു. ഏപ്രില്‍ ആദ്യം രാജ്യത്ത് രോഗവാഹകരുടെ എണ്ണം 814 ആയി ഉയര്‍ന്നു. ഒപ്പം, ഒമ്പത് മരണവും സംഭവിച്ചു.
ഈ സമയങ്ങളില്‍ യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം തികഞ്ഞ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ചികിത്സയും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തി. സ്വന്തം രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിന് പുറമെ കഷ്ടതകള്‍ അനുഭവിക്കുന്ന സഹോദര രാജ്യങ്ങളെ സഹായിക്കാനും യുഎഇ മറന്നില്ല. ചൈനയിലെ വുഹാനില്‍ കുടുങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 215 ആളുകളെ ആ രാജ്യങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം സ്വന്തം വിമാനത്തില്‍ യുഎഇയിലെത്തിച്ചു. അവരെ അബുദാബിയിലെ ഒരു കേന്ദ്രത്തില്‍ പാര്‍പ്പിച്ച് രോഗമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം അതത് രാജ്യങ്ങളിലേക്ക് യാത്രയാക്കി. യുഎഇയിലുള്ള പ്രവാസികള്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചു പോകാന്‍ അതത് രാജ്യങ്ങള്‍ക്ക് സൗകര്യമൊരുക്കാനുള്ള അനുമതിയും നല്കി. കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു കൊണ്ടേയിരുന്നു. ആസ്പത്രികള്‍ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു. പൊതുഗതാഗത സംവിധാനത്തിലൂടെയും മാര്‍ക്കറ്റുകള്‍ വഴിയുമാണ് രോഗവ്യാപനമെന്ന് മനസ്സിലാക്കിയ അധികാരികള്‍ യുഎഇയിലെ ഏറ്റവും തിരക്കേറിയ ഹോള്‍സെയില്‍-റീടെയില്‍ മാര്‍ക്കറ്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു. മാര്‍ച്ച് 26ന് ദുബൈയിലെ അല്‍റാസ് ഏരിയ പൂര്‍ണമായും ലോക്ക്ഡൗണ്‍ ചെയ്തു. ഇത് യുഎഇയിലെ ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച സംഭവമായിരുന്നു. ഇതിന് മുന്‍പ് തന്നെ ദുബൈയിലെ പ്രശസ്തമായ നായിഫ് ഏരിയയില്‍ നിന്നും കോവിഡ് വ്യാപകമായി പടരുന്നതായി വാര്‍ത്തകള്‍ വന്നു തുടങ്ങി. ഈ സമയത്താണ് കേരളത്തില്‍ കാസര്‍കോട് രോഗവ്യാപനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുമുണ്ടായത്. കാസര്‍കോട് ജില്ലാ കലക്ടര്‍ വാര്‍ത്താസമ്മേളനത്തിനിടയില്‍ നായിഫില്‍ നിന്നും വരുന്നവര്‍ക്കൊക്കെ കോവിഡ് ഉണ്ടെന്ന രീതിയില്‍ പറഞ്ഞതോടെ ദുബൈയിലെ ഈ പ്രദേശത്തെ കുറിച്ച് നാട്ടിലും ഗള്‍ഫിലും വ്യാപകമായ കുപ്രചാരണങ്ങളാണ് നടന്നത്. നായിഫ് പ്രദേശത്ത് വൈറസ് ബാധിതരുടെ എണ്ണം കൂടിയിരുന്നുവെന്നത് സത്യമാണ്. എന്നാല്‍, നായിഫ് കോവിഡിന്റെ പ്രഭവ കേന്ദ്രമെന്ന തരത്തിലുള്ള പ്രചാരണം ചിലര്‍ ബോധപൂര്‍വം നടത്തിയതാണ്. നായിഫിനെ കുറിച്ച് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഇവിടെ നിന്നും പലരും ഭയന്ന് താമസം വരെ മാറി. നായിഫ് ഉള്‍പ്പെടുന്ന അല്‍റാസ് ഏരിയ പൂര്‍ണമായും അടച്ചിട്ടതോടെ ദുബൈ ഏതാണ്ട് നിശ്ചലമായി. ഇവിടേക്കുള്ള എല്ലാ റോഡുകളും ദുബൈ പൊലീസ് അടച്ചു. 24 മണിക്കൂറും ജനസഞ്ചാരമുള്ള ഈ പ്രദേശത്ത് ഈച്ച പോലും പറക്കാതായി. ഈ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് പുറത്തേക്കുള്ള സഞ്ചാരം അസാധ്യമായി. പുറത്തുള്ളവര്‍ക്ക് അല്‍റാസ് ഏരിയയിലേക്ക് പ്രവേശിക്കാനും കഴിയില്ല. ഇവിടെയുള്ള സൂപര്‍ മാര്‍ക്കറ്റുകളും ഫാര്‍മസികളും മാത്രം നിയന്ത്രണ വിധേയമായി തുറക്കാന്‍ അനുമതിയുണ്ടായിരുന്നതിനാല്‍ ഭക്ഷണത്തിന് ആരും ബുദ്ധിമുട്ടിയില്ല. ഒപ്പം, ദുബൈ പൊലീസിന്റെ മേല്‍നോട്ടത്തില്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ താമസക്കാര്‍ക്ക് ഭക്ഷണം എത്തിച്ചത് വലിയ ആശ്വാസമായി. ദുബൈ ഹെല്‍ത് അഥോറിറ്റിയുടെ നേതൃത്വത്തില്‍ ഓരോ ഫ്ളാറ്റുകളിലും വ്യാപകമായി കോവിഡ് പരിശോധനകള്‍ നടത്തി. രോഗലക്ഷണമുള്ളവരെയും പോസിറ്റീസ് ഫലം കണ്ടവരെയും ആസ്പത്രികളിലേക്കും പ്രത്യേക ക്വാറന്റീന് സെന്ററുകളിലേക്കും മാറ്റി. ഇതിനകം കെഎംസിസിയുടെ ശ്രമ ഫലമായി ദുബൈ ഹെല്‍ത് അഥോറിറ്റിയുടെ മേല്‍നോട്ടത്തില്‍ അല്വര്സാന് എന്ന പ്രദേശത്ത് വിപുലമായ കോവിഡ് കെയര്‍ സെന്റര്‍ ഒരുക്കിയിരുന്നു. ഇവിടെ 3,000 പേര്‍ക്ക് ചികിത്സ നല്‍കാനുള്ള സംവിധാനങ്ങളാണുണ്ടായിരുന്നത്. നായിഫ് ഉള്‍പ്പെടുന്ന അല്‍റാസ് പ്രദേശം ദുബൈയുടെ മര്‍മ പ്രധാനമായ വാണിജ്യ കേന്ദ്രമാണ്. നായിഫ് ഇല്ലെങ്കില്‍ ദുബൈ ഇല്ലെന്ന് വേണമെങ്കില്‍ പറയാം. വസ്ത്രങ്ങളുടെ മൊത്ത വിപണി, സുഗന്ധ ദ്രവ്യങ്ങളുടെ വിപണി, ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ വ്യാപാര കേന്ദ്രങ്ങളിലൊന്നായ ദുബൈ ഗോള്‍ഡ് സൂഖ് തുടങ്ങി ദുബൈയിലെ വ്യാപാരത്തിന്റെ ഹൃദയ ഭാഗമാണ് അല്‍റാസ് പ്രദേശം. ഇതിന്റെയെല്ലാം ചില്ലറ വ്യാപാരം നടക്കുന്നത് നായിഫിലാണ്. വടക്കന്‍ കേരളത്തില്‍ നിന്നുള്ള പ്രവാസികളാണ് ഇവിടെ പ്രധാനമായും കച്ചവടം ചെയ്യുന്നത്. പ്രധാനമായും ചൈനയില്‍ നിന്നുള്ള സാധനങ്ങളാണ് ഇവിടെയെത്തുന്നത്. സ്വാഭാവികമായും ചൈനീസ് വൈറസ് എന്ന ഓമനപ്പേരിലുള്ള കൊറോണ ഇവിടെയുമെത്തി. മലയാളികളായ പ്രവാസികള്‍ക്ക് പകര്‍ന്നു കിട്ടിയതും ഇവിടെ നിന്നാണ്. ദുബൈ സര്‍ക്കാറിന്റെ യുക്തമായ ഇടപെടലില്‍ പ്രദേശം അടച്ചിട്ട് ശക്തമായ പ്രതിരോധ പ്രവര്‍ത്തനം നടത്തിയതോടെ രണ്ടാഴ്ചക്കകം അല്‍റാസ് കോവിഡ് മുക്തമായി. നായിഫിനെ പേടിച്ച് മറ്റു എമിറേറ്റുകളിലേക്കും ചേക്കേറിയവരെ ഭീതിപ്പെടുത്തുന്ന വാര്‍ത്തകളാണ് പിന്നീടുണ്ടായത്. ദുബൈയില്‍ രോഗവ്യാപനം ഏതാണ്ട് ഇല്ലാതായതോടെ അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ, അജ്മാന് തുടങ്ങിയ എമിറേറ്റുകളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങി. ദുബൈക്ക് പിന്നാലെ അവിടങ്ങളിലും ശക്തമായ ലോക്ക്ഡൗണ്‍ നടപടികള്‍ തുടങ്ങി. ഭരണാധികാരികളായ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്ററുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് എന്നിവരുടെ ആഹ്വാന പ്രകാരം രാജ്യത്ത് കൂടുതല്‍ കോവിഡ് പരിശോധനാ കേന്ദ്രങ്ങളും താല്‍ക്കാലിക ആസ്പത്രികളും തുറന്നു. ഏപ്രില്‍ 24ന് റമദാന് വ്രതാരംഭം തുടങ്ങിയതോടെ ലോക്ക്ഡൗണില്‍ നേരിയ ഇളവ് നല്‍കിയിരുന്നു. പള്ളികള്‍ അടച്ചിട്ടതിനാല്‍ തറാവീഹ് അടക്കമുള്ള നമസ്കാരങ്ങള്‍ വീടുകളിലാണ് നിര്‍വഹിച്ചത്. റമദാനിലെ ഇഫ്താര്‍ ടെന്റുകള്‍ ഇല്ലാത്തതിനാല്‍ പ്രവാസി സമൂഹത്തിന് നോമ്പ് തുറക്കാനുള്ള ബദല്‍ സംവിധാനം രാജ്യ വ്യാപകമായി ഒരുക്കിയിരുന്നു. ഇതില്‍ കെഎംസിസി വഹിച്ച പങ്ക് വില മതിക്കാനാവാത്തതാണ്. റമദാനിലെ ഒരു മാസക്കാലത്തെ കണക്ക് പ്രകാരം പ്രവാസികള്‍ക്കിടയില്‍ രോഗവ്യാപനം ഗണ്യമായി കുറഞ്ഞിരുന്നു. എന്നാല്‍, തദ്ദേശ വാസികളായ ഇമാറാത്തികള്‍ക്കിടയില്‍ രോഗം കൂടുതല്‍ വ്യാപിക്കുന്നതായി ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ യുഎഇയില്‍ നിയന്ത്രണങ്ങള്‍ ഏതാണ്ട് മാറ്റിയിട്ടുണ്ട്. ഓഫീസുകളും മറ്റും സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പാര്‍ക്കുകളും ഉല്ലാസ കേന്ദ്രങ്ങളും മാളുകളും തുറന്നു. വാണിജ്യ കേന്ദ്രങ്ങളും സാധാരണ നിലയിലേക്ക് നീങ്ങിത്തുടങ്ങി. ഇതെഴുതുമ്പോഴുള്ള കണക്ക് പ്രകാരം യുഎഇയില്‍ ഇതു വരെ കോവിഡ് ബാധിച്ചത് 44,925 പേര്‍ക്കാണ്. ഇതില്‍ 32,415 പേര്‍ക്ക് രോഗം സുഖപ്പെട്ടു. ഇതു വരെ 302 പേരാണ് മരിച്ചത്. മരിച്ചവരില്‍ 100 പേര് മലയാളികളാണെന്നാണ് ലഭ്യമായ വിവരം.