കൊറോണ ബാധിതനായ മാധ്യമപ്രവര്‍ത്തകന്റെ അനുഭവങ്ങള്‍-6

എന്‍.എ.എം ജാഫര്‍
ക്വാറന്റീന് സെന്ററിലെ ഒറ്റ മുറിയില്‍ നിന്നും വിശാലമായ ആസ്പത്രി വാര്‍ഡിലേക്കാണ് എത്തിയിരിക്കുന്നത്. അമ്പത് കിടക്കകളുള്ള വാര്‍ഡില്‍ ഞാനെത്തുമ്പോള്‍ നാല്പതോളം രോഗികളുണ്ടായിരുന്നു. ജോലിയുടെ ഭാഗമായി റിപ്പോര്‍ട്ടിംഗിനായി എത്രയോ തവണ കയറിയിറങ്ങിയ പാലക്കാട് ജില്ലാ ആസ്പത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡ് അത്ര അപരിചിതമായി തോന്നിയില്ല. പക്ഷെ, ജീവിതത്തില്‍ ആദ്യമായി ആസ്പത്രിയില്‍ കിടക്കേണ്ടിവന്ന വല്ലാത്തൊരു അവസ്ഥ. അതും ഒരു മഹാമാരിയുടെ ഭാഗമായി. മുമ്പൊന്നും ഈ വാര്‍ഡിലേക്ക് എത്തിനോക്കാന്‍ പോലും കഴിയുമായിരുന്നില്ല. അത്രക്കും ദുര്‍ഗന്ധമായിരിക്കും. സര്‍ജറി കഴിഞ്ഞവരെയും അപകടത്തില്‍ പെട്ടവരെയും അഡ്മിറ്റ് ചെയിതിരുന്ന ഈ വാര്‍ഡില്‍ രക്തത്തിന്റെയും മുറിവുകളുടെയും മരുന്നിന്റെയും ഒന്നിച്ചുള്ള ഒരു പ്രത്യേക ഗന്ധം അസഹനീയമായിരുന്നു. ഇപ്പോള്‍ കോവിഡ് വാര്‍ഡാക്കി മാറ്റിയപ്പോള്‍ അല്പമൊക്കെ വൃത്തിയാക്കിയിട്ടുണ്ട്. പക്ഷെ, അമ്പത് രോഗികള്‍ക്ക് ഉപയോഗിക്കാനുള്ള ഇരുപത് ടോയ്ലറ്റകളുടെ സ്ഥിതി അതിദയനീയം. അതില്‍ പത്തെണ്ണം മാത്രമാണ് ഉപയോഗിക്കാനുള്ള പരുവത്തിലുള്ളത്. ബാക്കിയെല്ലാം പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു. ആസ്പത്രി വികസന സമിതിയിലൂടെ കോടികളുടെ ഫണ്ട് ഒഴുകുന്നുണ്ടെങ്കിലും ഇതൊക്കെയൊന്ന് വൃത്തിയാക്കാന്‍ മികച്ചൊരു ഭരണ നേതൃത്വം പാലക്കാട് ജില്ലാ ആസ്പത്രിക്കില്ലെന്ന് മനസ്സിലായി. വാര്‍ഡിന് ചുറ്റും കുറ്റിക്കാടുകളും അഴുക്കുചാലുകളും നിറഞ്ഞു നില്ക്കുന്നതിനാല് കൊതുകുകള്‍ സജീവമായിരുന്നു. കോവിഡ് മാറി പുറത്തു പോകുമ്പോഴേക്കും കൊതുകിലൂടെ മറ്റു രോഗങ്ങള്‍ പിടിപെടുമെന്ന് എല്ലാവരും ഭയപ്പെടുന്നു. ആറടി അകലം മാത്രമായിരുന്നു ഓരോ കിടക്കകളും തമ്മിലുണ്ടായിരുന്നത്. ഒരിക്കല്‍ കോവിഡ് പോസിറ്റീവ് ആയവര്‍ ഒന്നിച്ചിരുന്നാല്‍ കുഴപ്പമില്ലെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഡോക്ടര്‍മാര്‍ നല്കിയ മറുപടി. പതിനെട്ട് മുതല്‍ എഴുപത്തിയഞ്ച് വയസ് വരെയുള്ളവര്‍ രോഗികളായുണ്ടായിരുന്നു. എല്ലാവരും പരസ്പര സഹകരണത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. ഗള്‍ഫ് പ്രവാസികള്‍ക്ക് പുറമെ ചെന്നൈ, മുംബൈ, ബംഗളൂരു, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമെത്തിയവര്‍. സാധാരണ കൂലിപ്പണിക്കാരന് മുതല്‍ ഉന്നത ഉദ്യോഗസ്ഥരായവര്‍ക്ക് വരെ ഇവിടെ ഒരേ പ്രൊട്ടോകോള്‍, ഒരേ സൗകര്യം. മനസ്സുകളില്‍ ജാതിയും മതവും വെറുപ്പും വിദ്വേഷവുമായി നടക്കുന്ന മനുഷ്യര്‍ക്കിടയില്‍ കോവിഡ് ഉണ്ടാക്കിയെടുത്ത സോഷ്യലിസം കോവിഡ് വാര്‍ഡില്‍ പ്രത്യേകം അനുഭവപ്പെട്ടു. മിണ്ടിയാല്‍ കേരളത്തെ കുറ്റം പറയുന്ന, ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ജീവിക്കുന്ന മുറി ഇംഗ്ളീഷ് പറയുന്ന, മലയാളികളായ പ്രമാണിമാരില്‍ ചിലരും ചികിത്സ തേടി ആസ്പത്രിയിലുണ്ടായിരുന്നു. ഉച്ചഭക്ഷണം കുടുംബശ്രീക്കാരുടെയും രാവിലെയും രാത്രിയിലുമുള്ള ഭക്ഷണം സന്നദ്ധ സംഘടനകള്‍ എത്തിക്കുന്നതുമായിരുന്നു. ആസ്പത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവായിരുന്നുവെങ്കിലും നമ്മുടെ ആരോഗ്യ സംവിധാനത്തെ നമിക്കാതെ വയ്യ. കോവിഡ് രോഗികള്ക്കിടയിലൂടെ പിപിഇ കിറ്റും ധരിച്ചെത്തുന്ന ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനത്തെ ജീവിതത്തിലൊരിക്കലും വിസ്മരിക്കാനാവില്ല. ഒരു ദിവസത്തെ ആസ്പത്രി ജീവിതം ഇങ്ങനെ: രാവിലെ ആറ് മണിക്ക് വാര്‍ഡിലെ നഴ്സിംഗ് റൂമില്‍ നിന്നും വിളി വരും. ഗോപാലകൃഷ്ണന്, മനോജ്, അബ്ദുല്‍ കരീം…പിപിഇ കിറ്റ് ധരിച്ച രണ്ട് നഴ്സുമാര്‍ മരുന്നുകള്‍ നല്‍കാനായി ഓരോരുത്തരുടെ പേരുകള്‍ വിളിക്കുകയാണ്. ഓരോരുത്തരായി ചെന്ന് മരുന്നുകള്‍ വാങ്ങുന്നു. പിന്നീട് പ്രഭാത കൃത്യങ്ങള്‍ കഴിയുമ്പോഴേക്കും രാവിലത്തെ ഭക്ഷണമെത്തും. പതിനൊന്ന് മണിക്ക് ചായയും കടിയും. ഉച്ചക്ക് ചോറും സാമ്പാറും ഉപ്പേരിയും. നാല് മണിക്ക് ചായയും കടിയും. രാത്രിയില്‍ ചപ്പാത്തിയും കറിയും. പലപ്പോഴും ഭക്ഷണത്തിന്റെ നിലവാരം കുറവാണെങ്കിലും ആര്‍ക്കും പരാതിയും പരിഭവവുമില്ല. രാവിലെ രണ്ട് ഡോക്ടര്‍മാരെത്തി ഓരോരുത്തരെ വിളിച്ച് ആരോഗ്യ കാര്യങ്ങള്‍ അന്വേഷിക്കും. ഓരോ ഡോക്ടര്‍മാര്‍ വ്യത്യസ്ത രീതിയിലാണ് രോഗികളോട് ഇടപെടുന്നത്. ചിലര്‍ നഴ്സിംഗ് റൂമിലേക്ക് രോഗികളെ വിളിച്ചു വരുത്തി കാര്യങ്ങള്‍ അന്വേഷിക്കും. മറ്റു ചിലര്‍ വാര്‍ഡിലേക്ക് കടന്നുവന്ന് ഒരു ഭാഗത്തിരുന്ന് രോഗികളോട് സംസാരിക്കും. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഓരോ കിടക്കകരികിലേക്കും ചെന്ന് രോഗികളോട് സംസാരിക്കുന്ന ഡോക്ടര്‍മാരുമുണ്ട്. മരുന്നുകള്‍ ആവശ്യമുള്ളവര്‍ക്ക് എത്തിക്കും. സാധാരണ രാവിലെ കഴിക്കാനായി വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി കോംപ്ളക്സ് ഗുളികകളാണ് നല്‍കുന്നത്. കോവിഡിന് എന്താണ് ചികിത്സയെന്ന് പലരും ഫോണില്‍ വിളിച്ചന്വേഷിക്കാറുണ്ട്. മൂന്ന് തരം ആളുകളാണ് കോവിഡ് പോസിറ്റീവായി ആസ്പത്രിയിലെത്തുന്നത്. 1യാതൊരു ലക്ഷണവുമില്ലാത്തവര്‍, 2പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണമുള്ളവര്‍, 3 കടുത്ത പനി, ന്യൂമോണിയ, ശ്വാസതടസ്സമുള്ളവര്‍. ഇവരില്‍ ഒന്നും രണ്ടും വിഭാഗത്തില്‍ പെട്ടവരെയാണ് ജനറല്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യുന്നത്. മൂന്നാമത്തെ വിഭാഗത്തില്‍ പെട്ടവരെ ഐസിയു, വെന്റിലേറ്റര്‍ സൗകര്യമുള്ള വാര്‍ഡിലാണ് പ്രവേശിപ്പിക്കുക. ആദ്യ രണ്ട് വിഭാഗത്തിലുള്ളവര്‍ക്ക് വൈറ്റമിന്‍ ഗുളികകളും പാരസെറ്റമോള്‍ പോലുള്ള മരുന്നുകളും മാത്രമാണ് നല്‍കുന്നത്. പിന്നെ വിശ്രമം. അത് മാത്രമാണ് ചികിത്സ. ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് മാത്രമാണ് പ്രത്യേക ചികിത്സ നല്‍കുന്നത്. ഇത്തരം രോഗികള്‍ക്ക് ഓക്സിജന്‍ തുടങ്ങിയ സംവിധാനങ്ങള്‍ വേണ്ടി വരും. കേരളത്തില്‍ പൊതുവെ ഗുരുതരാവസ്ഥയിലുള്ളവര്‍ കുറവാണ്.
മരുന്നിനും ചികിത്സക്കുമപ്പുറം മനോധൈര്യമാണ് കോവിഡ് പിടിപെട്ടാലും ഇല്ലെങ്കിലും എല്ലാവര്ക്കും അനിവാര്യമായിട്ടുള്ളത്. ഞാന്‍ കിടന്നിരുന്ന വാര്‍ഡില്‍ നിരവധി പേര് രോഗലക്ഷണമുള്ളവര്‍ ഉണ്ടായിരുന്നു. കടുത്ത പ്രമേഹരോഗികളായവര്ക്ക് നഴ്സുമാരെത്തി രണ്ടു നേരം ഇന്‍സുലിന്‍ നല്‍കിയിരുന്നു. തുറന്ന വാര്‍ഡ് ആയതിനാല്‍ ആര്‍ക്കും ഭയപ്പാടുണ്ടായിരുന്നില്ല. അനാവശ്യമായ പേടി രോഗം വഷളാക്കാനേ ഉപകരിക്കൂ എന്നാണ് അനുഭവത്തില്‍ നിന്നും മനസ്സിലായത്. വാര്‍ഡില്‍ ടെലിവിഷനോ മറ്റു വിനോദ ഉപാധികളോഒന്നും ഇല്ലാത്തതിനാല്‍ പുറംലോകത്തെ കാര്യങ്ങളറിയാന്‍ മൊബൈല്‍ ഫോണ്‍ മാത്രമായിരുന്നു എല്ലാവര്ക്കും ആശ്രയം. പുറമെ നിന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് വാര്‍ഡിലേക്ക് പ്രവേശനമുണ്ടായിരുന്നത്. വാര്‍ഡില്‍ നിന്നും ആര്‍ക്കും പുറത്തു പോകാനും അനുമതിയില്ല. വീടുകളില്‍ നിന്നും ഭക്ഷണം ഒഴികെയുള്ള സാധനങ്ങള്‍ കൊണ്ടു വരാം. കോവിഡ് വാര്‍ഡിന് പുറത്തുള്ള കൗണ്ടറില്‍ ഏല്പിച്ചാല് നഴ്സുമാര്‍ അത് രോഗികള്‍ക്ക് എത്തിക്കും. ഒരു തരത്തില്‍ പറഞ്ഞാല്‍ കോവിഡ് ജയില്‍വാസം. അഡ്മിറ്റായി രണ്ടു ദിവസം കഴിഞ്ഞാല്‍ കോവിഡ് ടെസ്റ്റിനായി മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും സ്രവമെടുക്കും. പിന്നെ റിസല്‍ട്ടിനായുള്ള കാത്തിരിപ്പാണ്. ഒരാള്‍ക്ക് നാല് ടെസ്റ്റുകള്‍ വരെ ചുരുങ്ങിയത് എടുക്കും. ഇതില്‍ രണ്ടെണ്ണം അടുപ്പിച്ച് നെഗറ്റീവ് റിസള്‍ട്ട് വന്നാല്‍ ആസ്പത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യും. ഓരോ ദിവസത്തെയും നെഗറ്റീവ് ഫലത്തിനായി എല്ലാവരും കാത്തിരിക്കും. റിസള്‍ട്ട് നെഗറ്റീവ് ആവാത്തതിനാല്‍ ഒരു മാസമായി ആസ്പത്രിയില്‍ കഴിയുന്നവരുമുണ്ട്. കടുത്ത പ്രമേഹം, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളുള്ളവര്‍ക്ക് രോഗം സുഖപ്പെടാന്‍ സമയമെടുക്കും. ഓരോരുത്തര് നെഗറ്റീവായി ഡിസ്ചാര്‍ജ് ആകുമ്പോള്‍ അവരെ മറ്റുള്ളവര്‍ കൈ കൊട്ടി യാത്രയാക്കും. ദിവസങ്ങളായി ഇത്തരമൊരു അവസരത്തിനായി കാത്തിരിക്കുന്നവരുടെ മുഖത്തുള്ള വിഷമം പ്രകടമാണ്. കിടക്കകള്‍ ഒഴിയുമ്പോഴേക്കും പുതിയ രോഗികളെത്തും. ആസ്പത്രി കിടക്കകളില്‍ നിന്നുള്ള പരിചയങ്ങള്‍ പുതിയ കോവിഡ് സൗഹാര്ദങ്ങളായി രൂപപ്പെടും. വൈറസ് ബാധയുടെ ആകുലതയോടൊപ്പം മനുഷ്യ ബന്ധങ്ങളുടെ ആഴവും പരപ്പും അറിയാനുള്ള അവസരമായി കോവിഡ് കാലം അനുഭവപ്പെടുന്നുണ്ട്. അനാവശ്യമായ ഭയമുള്ളവര്‍ക്ക് ഫോണില്‍ പോലും സംസാരിക്കാന്‍ മടി. അതേസമയം, ആസ്പത്രിക്കിടക്കയില്‍ വാക്കുകളിലൂടെയും പ്രാര്‍ത്ഥനകളിലൂടെയും ആശ്വസിപ്പിച്ച നിരവധി പേര്. അവരില്‍ ചിലരെയെങ്കിലും ഇവിടെ പരാമര്‍ശിക്കാതിരുന്നാല്‍ വലിയ അപരാധമാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, വി.കെ ശ്രീകണ്ഠന് എംപി, ഷാഫി പറമ്പില്‍ എംഎല്‍എ, ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി, സീനിയര്‍ ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍, മുസ്ലിം ലീഗ് നേതാക്കളായ സിഎഎംഎ കരീം, മരക്കാര്‍ മാരായമംഗലം, പി.പി മുഹമ്മദ് കാസിം, ഡോക്ടര്‍മാരായ വി.കെ.പി ഗീത, ബാലാമണി, രാമചന്ദ്രന്, പാലക്കാട് മെഡിക്കല്‍ കോളജിലെ ഡോ. സലിന്, മാധ്യമ സുഹൃത്തുക്കള്‍, അയല്‍വാസികള്‍, സുഹൃത്തുക്കള്‍, സഹപാഠികള്‍, ആസ്പത്രിയിലേക്ക് സാധനങ്ങള്‍ എത്തിച്ചവര്‍, എന്റെ സഹോദരങ്ങള്‍ അങ്ങനെ നിരവധി പേര് നല്കിയ ആത്മവിശ്വാസവും ധൈര്യവും ഏറെ സഹായകമായി.
ആസ്പത്രി വാസത്തിനിടയില്‍ നിരവധി ജീവിതങ്ങളെ പരിചയപ്പെട്ടു. ജീവിതം തേടി അന്യനാടുകളില്‍ പോയവര്‍. തിരിച്ചു വന്നുള്ള ക്വാറന്റീനും പിന്നീട് പോസിറ്റീവ് ആയ ശേഷമുള്ള ആസ്പത്രി ജീവിതവും എല്ലാവരെയും ഒരുവിധത്തില്‍ തളര്‍ത്തിയിരുന്നു. പാലക്കാട് ജില്ലയില്‍ ഫലമറിയാന്‍ വൈകുന്നതിനാല്‍ പലരുടെയും ഡിസ്ചാര്‍ജ് ഏറെ വൈകുന്നുണ്ട്. എന്നിരുന്നാലും, പ്രതീക്ഷ കൈവിടാതെ ഓരോരുത്തരും ആള്‍ക്കൂട്ടത്തില്‍ തനിച്ചായി നിമിഷങ്ങള്‍ തള്ളി നീക്കുന്നു. തൊട്ടടുത്തുള്ള ബെഡന്നുിലുള്ള നിരവധി പേര് അസുഖം ഭേദമായി പോയി. നാല് ടെസ്റ്റുകള്‍ ഇതിനകം എടുത്തു. അങ്ങനെ 12 ദിവസത്തെ ആസ്പത്രി വാസത്തിന് ശേഷം സന്തോഷ വിവരം അറിയിച്ച് ഡോ. സലിന്റെ ഫോണ്‍ വരുന്നു. എല്ലാ ഫലവും നെഗറ്റീവ്. ഇന്ന് വീട്ടില്‍ പോകാം. എല്ലാം സര്‍വശക്തനില്‍ അര്‍പ്പിച്ച് വീട്ടിലേക്ക് പോകാനുള്ള തയാറെടുപ്പില്‍. ദുബൈയില്‍ നിന്നും പുറപ്പെട്ട് 24 ദിവസത്തിന് ശേഷം ഇനി വീട്ടിലേക്ക്. എന്നോടൊപ്പം മറ്റു ചിലര്‍ക്കും ഡിസ്ചാര്ജുണ്ട്. ഞങ്ങളെ കൊണ്ടുപോകാനുള്ള 108 ആംബുലന്‍സുകള്‍ തയാര്‍. സന്ധ്യയോടെ ആംബുലന്‍സില്‍ വീട്ടിലെത്തി. ദുബൈയില്‍ നിന്നും വീട്ടിലേക്ക് ഇങ്ങനെയുള്ള ഒരു യാത്ര വേറിട്ട അനുഭവമായിരുന്നു. വീടിന് മുന്നില്‍ ഭാര്യയും മക്കളും കാത്തു നില്പുണ്ടായിരുന്നു. ആരുമായും സമ്പര്‍ക്കമില്ലാതെ പെട്ടിയുമായി വീടിന്റെ മുകളിലെ മുറിയിലേക്ക്. ആസ്പത്രിയില്‍ നിന്നും നിര്‍ദേശിച്ച 14 ദിവസത്തെ ഹോം ക്വാറന്റീന് കൂടിയുണ്ട്. അതു കഴിഞ്ഞു വേണം പുറംലോകത്തേക്കിറങ്ങാന്. കൊറോണയെന്ന കാളകൂടം പിടിച്ചുലച്ച നിമിഷങ്ങളെ തിരിച്ചുപിടിക്കാന്‍. അതെ, മനുഷ്യമനസ്സുകളില്‍ അടിഞ്ഞു കൂടിയ വൈറസുകള്‍ക്കെതിരെയുള്ള അതിജീവനം (അവസാനിച്ചു).
——————-