കൊറോണ ബാധിതനായ മാധ്യമ പ്രവര്‍ത്തകന്റെ അനുഭവങ്ങള്‍-4
എന്‍.എ.എം ജാഫര്‍
വര്‍ഷങ്ങളായി പഞ്ചാര രോഗം അലട്ടുന്നതിനാല്‍ വിമാനത്താവളത്തിലേക്ക് അല്പം മുന്‍കരുതലോടെയാണ് പോയത്. കോറോണ പിടികൂടാതെ നാട്ടിലെത്തണേ എന്ന് മാത്രമായിരുന്നു പ്രാര്‍ത്ഥന. ശരീരത്തില്‍ വൈറസ് ഇന്ഫെക്ഷന് ഉണ്ടോ എന്നറിയാനുള്ള റാിിഡ് ടെസ്റ്റ് നടത്തേണ്ടതിനാല്‍ വിമാനത്താവളത്തില്‍ അഞ്ച് മണിക്കൂര്‍ മുന്‍പ് എത്തി. ദുബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍-2ലെ പുറപ്പെടല്‍ കവാടത്തില്‍ തന്നെ രക്തപരിശോധനക്കുള്ള കൗണ്ടറുകള്‍ സജ്ജമായിരുന്നു. പാസ്പോര്‍ട്ട് വാങ്ങിവെച്ച ശേഷം വിരല്‍ തുമ്പില്‍ നിന്നും രക്തമെടുത്ത് പരിശോധന നടത്തി. കോവിഡ് പരിശോധനയെന്നാണ് അതേക്കുറിച്ച് ചോദിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. പരിശോധനയുടെ റിസര്‍ട്ട് വരാന്‍ ഒരു മണിക്കൂര്‍ സമയമെടുക്കും. പരിശോധന പോസിറ്റീവ് ആയാല്‍ യാത്ര ചെയ്യാനാവില്ല. പോസിറ്റീവായ ചിലരെ മടക്കി അയക്കുന്നുണ്ടായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പാസ്പോര്‍ട്ട് തിരികെ തന്നു. അതില്‍ ദുബൈ ഹെല്‍ത് അഥോറിറ്റിയുടെ ‘ഫിറ്റ് റ്റു ട്രാവല്‍’ എന്ന സ്റ്റിക്കര്‍ പതിച്ചിരുന്നു. പരിശോധന വിജയിച്ചു. യാത്രാനുമതി ലഭിച്ചു. ബോര്‍ഡിംഗ് പാസ് വാങ്ങാനും എമിഗ്രേഷന്‍ നടപടികള്‍ക്കും കൃത്യമായ രണ്ടു മീറ്റര്‍ ശാരീരിക അകലം എല്ലാവരും പാലിച്ചിരുന്നു. വിമാനത്തിനുള്ള കാത്തിരിപ്പ് ഏരിയയിലെ സീറ്റുകളിലും പ്രൊട്ടോകോളുണ്ടായിരുന്നു. ഗര്‍ഭിണികള്‍, പ്രായമായവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിങ്ങനെയുള്ളവരായിരുന്നു അധികവും യാത്രക്കാര്‍. ഗര്‍ഭിണികളും അല്പം പ്രായമായവരും പിപിഇ കിറ്റ് ധരിച്ചിരുന്നു. വിമാനത്തിലേക്കുള്ള ഗേറ്റ് തുറന്നപ്പോള്‍ ഞാനും പിപിഇ കിറ്റ് ധരിച്ചു. ഒപ്പം എന്‍95 മാസ്ക്, ഡബിള്‍ കൈയ്യുറകള്‍. അങ്ങനെ ബഹിരാകാശ യാത്രക്കുള്ള തയാറെടുപ്പോടെ വിമാനത്തില്‍ കയറി. വിമാനത്തിനകത്തേക്ക് പ്രവേശിച്ചപ്പോഴാണ് ശാരീരിക അകലത്തിന്റെ ഗതി മാറുന്നത്. അതു വരെ പാലിച്ചിരുന്ന എല്ലാ അകലവും വിമാനത്തിനകത്ത് നഷ്ടപ്പെട്ടു. രാജ്യാന്തര പ്രൊട്ടോകോള്‍ ഇനി ആവശ്യമില്ലെന്ന് തോന്നുന്നു. സീറ്റുകള്‍ തമ്മില്‍ യാതൊരു അകലവും ഇല്ല. എല്ലാ സീറ്റുകളിലും ആളുകളെ കുത്തി നിറച്ചു. പിപിഇ കിറ്റ് ധരിച്ച വിമാനത്തിലെ ജീവനക്കാര്‍ ആംഗ്യ ഭാഷയില്‍ ആളുകളെ നിയന്ത്രിച്ചു. സാധാരണ എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ നല്‍കാറുള്ള രണ്ട് കഷ്ണം റൊട്ടിയും ഒരു കേക്കും ചെറിയ കുപ്പിയിലുള്ള വെള്ളവും മുന്‍ സീറ്റിലെ കവറില്‍ തിരുകി വെച്ചിരുന്നു. അതെടുത്ത് ബാഗില്‍ വെച്ചു. റമദാന് നോമ്പായതിനാല്‍ വിശപ്പും ദാഹവും അനുഭവപ്പെട്ടില്ല. വിമാനത്തിനകം പൊതുവെ ശാന്തമായിരുന്നു. കൊറോണ പേടിയൊന്നും വക വെക്കാതെ പലരും ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. പല സന്ദര്‍ഭങ്ങളിലും മുന്നറിയിപ്പ് നല്കിയ കാര്യമാണെങ്കിലും നിരവധിയാളുകള്‍ സാധാരണ പോലെ വിമാനത്തിലെ ഇടുങ്ങിയ മൂത്രപ്പുരയില്‍ ശങ്ക തീര്‍ക്കാന്‍ പോകുന്നുണ്ടായിരുന്നു. ബഹിരാകാശ സഞ്ചാരികളെ പോലെ നിന്നിരുന്ന ക്രൂ ബോയ്സിനും ഗേള്‍സിനും പ്രത്യേകിച്ച് പണിയൊന്നും ഇല്ലായിരുന്നു. മെയ് 23 ഉച്ച 1.45ന് ദുബൈയില്‍ നിന്നും പറന്നുയര്‍ന്ന വിമാനം രാത്രി 7 മണിക്ക് തിരുവനന്തപുരത്തെത്തി.
അങ്ങനെ പ്രവാസത്തിന്റെ സ്വപ്നഭൂമിയില്‍ നിന്നും ജന്മനാടിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് പറന്നിറങ്ങി. പിപിഇ കിറ്റും മറ്റും വിമാനത്താവളത്തിലെ ടോയ്ലറ്റില് അഴിച്ചു മാറ്റി പുതിയ മാസ്കും കയ്യുറയും ധരിച്ച് പുറത്തേക്കിറങ്ങി. വിമാനത്താവളത്തില്‍ ആദ്യം സ്വീകരിച്ചത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായിരുന്നു. ക്വാറന്റീന് സംബന്ധിച്ച സത്യവാംങ്മൂലം എല്ലാവരും പൂരിപ്പിച്ചു നല്കി. എല്ലാവരും രോഗികളാണെന്ന മട്ടില്‍ പ്രവാസി യാത്രക്കാരോട് വളരെ മോശമായാണ് തിരുവനന്തപുരത്തുള്ള ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പെരുമാറിയത്. പൂരിപ്പിച്ച കടലാസില്‍ പിശക് സംഭവിച്ച പ്രായമായവരോട് കയര്‍ത്തു സംസാരിക്കുന്നുണ്ടായിരുന്നു. അവിടെ കാമറ പരിശോധനക്ക് ശേഷം ഓരോരുത്തരെയായി റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ജില്ല തിരിച്ച് യാത്രക്കുള്ള ഒരുക്കങ്ങള്‍ തയാറാക്കുന്നത് റവന്യൂ ഉദ്യോഗസ്ഥരായിരുന്നു. ഇവര്‍ വളരെ മാന്യമായാണ് പെരുമാറിയത്. ഓരോ ജില്ലക്കാരുടെയും ഡാറ്റ തയാറാക്കിയ ശേഷം യാത്രക്കാരെ പൊലീസിന് കൈമാറും. പൊലീസെത്തി എയര്‍പോര്‍ട്ടിന് പുറത്തേക്ക് കൊണ്ടു പോകും. അവിടെ ഓരോ പ്രദേശങ്ങളിലേക്കുമുള്ള കെഎസ്ആര്‍ടിസി ബസുകള്‍ തയാറായി നില്ക്കുന്നുണ്ടായിരുന്നു.
അതിനിടെ, മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വാഗ്ദാനം ചെയ്ത ബിഎസ്എന്‍എല്‍ സിമ്മും ഭക്ഷണവും അവിടെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അങ്ങനെയൊരു സൗകര്യമില്ലെന്നായിരുന്നു ഉദ്യോഗസ്ഥര്‍ നല്കിയ മറുപടി. സഹയാത്രികരുടെ ഫോണില്‍ നിന്നും നാട്ടിലെത്തിയ വിവരം വീട്ടുകാരെ അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി ബസില്‍ കയറുമ്പോള്‍ രാത്രി 9 മണിയായിരുന്നു. സ്വന്തം വാഹനത്തില്‍ പോകാനായി പലരും പൊലീസുമായി സംസാരിക്കുന്നുണ്ടായിരുന്നു. ആരെയും അനുവദിച്ചില്ല. സിനിമാ നടന് പൃഥ്വിരാജ് സ്വന്തം വാഹനത്തില്‍ പോയല്ലോ, സിനിമാക്കാര്‍ക്കും പ്രവാസികള്‍ക്കും സാറേ എന്താ രണ്ട് നിയമം? ഒരാള്‍ പൊലീസിനോട് ചോദിക്കുന്നുണ്ടായിരുന്നു. ഇതൊന്നും കേട്ട ഭാവമില്ലാതെ എല്ലാവരെയും ബസ്സിലേക്ക് കയറ്റി. ഈ സമയങ്ങളില്‍ നിര്‍ബന്ധിത സര്‍ക്കാര്‍ ക്വാറന്റീന് ആയിരുന്നു. പിന്നീടാണ് പ്രവാസികള്‍ക്ക് ഹോം ക്വാറന്റീനാക്കിയത്. ഞാന്‍ കയറിയ ബസ് മലബാര്‍ ജില്ലകളിലേക്കുള്ള പ്രവാസികള്‍ക്കുള്ളതാണ്. ഞാനടക്കം അഞ്ച് യാത്രക്കാര്‍. ഒരാള്‍ തൃശൂര്‍, ഞാന്‍ പാലക്കാട്, രണ്ട് പേര് മലപ്പുറം, ഒരാള്‍ കണ്ണൂര്‍. അങ്ങനെ അഞ്ചു യാത്രക്കാരുമായി രാത്രി 10ന് ബസ് പുറപ്പെട്ടു. ബസ്സിലുള്ള രണ്ട് ഡ്രൈവര്‍മാര്‍ക്കായിരുന്നു പിന്നീട് ചുമതല. പൊലീസ് ജീപ്പിന്റെ അകമ്പടിയോടെയായിരുന്നു യാത്ര. സ്റ്റേറ്റ് ബാങ്കിലേക്ക് പണം കൊണ്ടു പോകുന്ന പരുവത്തില്‍ തികച്ചും പൊലീസ് സംരക്ഷണത്തില്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു. ബസ്സിന്റെ ഓട്ടോമാറ്റിക് ഡോര്‍ ഡ്രൈവറുടെ നിയന്ത്രണത്തിലായതിനാല്‍ ആര്‍ക്കും പുറത്തിറങ്ങാനാവില്ല. ഇനി ലക്ഷ്യ സ്ഥാനത്തല്ലാതെ എവിടെയും ഇറങ്ങരുതെന്നാണ് പ്രൊട്ടോകോള്‍. മൂത്രം ഒഴിക്കാന്‍ പോലും അനുമതിയില്ല. തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയില്‍ വെച്ച് ബസ്സിന്റെ നിയന്ത്രണം കൊല്ലം പൊലീസ് ഏറ്റെടുത്തു. ഇതിനിടെ, നോമ്പ് തുറന്ന ശേഷം ഒന്നും കഴിച്ചിരുന്നില്ല. കയ്യിലുണ്ടായിരുന്ന സ്നാക്സും വെള്ളവും കഴിച്ചു. െകാല്ലത്തെത്തിയപ്പോള് നല്ല മഴയുണ്ടായിരുന്നു. ബസ്സില്‍ എല്ലാവര്ക്കും മൂത്രശങ്ക. ഡ്രൈവറോട് പറഞ്ഞെങ്കിലും പൊലീസുകാര്‍ സമ്മതിക്കാതെ തരമില്ലെന്നായിരുന്നു മറുപടി. കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ബസ് നിര്‍ത്തി ഡ്രൈവര്‍മാരും എസ്കോര്‍ട്ട് പൊലീസുകാരും മൂത്രമൊഴിക്കാന്‍ പോയി. ‘കൊറോണ വാഹകരായ’ പ്രവാസികളെ പുറത്തിറക്കിയില്ല. കായംകുളത്തെത്തിയപ്പോള്‍ പൊലീസ് വാഹനം മാറ്റാനായി ബസ് കുറച്ചു നേരം റോഡരികില്‍ നിര്‍ത്തിയിട്ടു. ഈ സമയം ഞങ്ങള്‍ മൂത്രശങ്ക മാറ്റാനായി ഡ്രൈവര്‍മാരോട് കേണപേക്ഷിച്ചു. ഈ സമയം പൊലീസുകാര്‍ ദൂരെ മാറി നില്‍ക്കുകയായിരുന്നു. ചുറ്റും നല്ല ഇരുട്ടും. ആരും പുറത്തേക്ക് ഇറങ്ങരുത്. ബസ്സിന്റെ പിന്നിലെ ഡോര്‍ തുറന്നു തരാം. ഡോറിലെ പടിയില്‍ നിന്ന് പുറത്തേക്ക് ഒഴിച്ചേക്കണം. നിബന്ധനയോടെയുള്ള അനുമതിയില്‍ എല്ലാവരും ശങ്ക തീര്‍ത്ത് യാത്ര തുടര്‍ന്നു. ഇതിനിടെ, ബസ്സിലുണ്ടായിരുന്ന മലപ്പുറത്തുകാരന് സുഖമില്ലാതായി. ബസ് നേരെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക്. അവിടെ രണ്ട് മണിക്കൂര്‍ കാത്തിരിപ്പ്. ഡോക്ടറുടെ പരിശോധനയും കഴിഞ്ഞ് പിന്നെയും യാത്ര. മഴയും ചൂടും മാറി മാറി വന്നതിനാല്‍ എല്ലാവരും വിയര്‍ത്തൊഴുകുന്നുണ്ടായിരുന്നു. ഉറങ്ങിയും തൂങ്ങിയും ഉണര്‍ച്ചയും കഴിഞ്ഞപ്പോള്‍ തൃശൂരെത്തിയിരിക്കുന്നു. തൃശൂര്‍ കിലയില്‍ ഒരുക്കിയ സര്‍ക്കാര്‍ ക്വാറന്റീന് സെന്ററില്‍ ഒരാളെ ഇറക്കി. ഇനി പാലക്കാട്ടേക്ക്. അപ്പോഴേക്കും നേരം വെളുത്തിരുന്നു. ഒരേയിരിപ്പിലുള്ള ഒമ്പത് മണിക്കൂര്‍ യാത്ര. അപ്പോഴാണ് ഓര്‍ത്തത് ഇന്ന് പെരുന്നാള്‍ ആണെന്ന്. ഈ സമയം കുളിച്ചൊരുങ്ങി കുടുംബ സമേതം പെരുന്നാള്‍ നമസ്കാരത്തിനായി ഈദ് ഗാഹിലേക്ക് ഒരുങ്ങുന്ന നിമിഷങ്ങള്‍ ഓര്‍ത്തു പോയി. പെരുന്നാളിന്റെ ആരവങ്ങളോ സ്നേഹ നിമിഷങ്ങളോ ഇല്ല. ഈ നൂറ്റാണ്ടിലെ ഇത്തരത്തിലുള്ള ആദ്യത്തെ പെരുന്നാളായിരിക്കും ഇത്. ഒരു നെടുവീര്‍പ്പോടെ പെരുന്നാള്‍ നിമിഷങ്ങള്‍ ഓര്‍ത്ത് ആശ്വസിച്ചു. വീടിന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള ഒലവക്കോടുള്ള ഒരു ലോഡ്ജിലാണ് എനിക്ക് ക്വാറന്റീന് സെന്റര്‍ അനുവദിച്ചിരുന്നത്. അങ്ങനെ പെരുന്നാളിന്റെ പ്രഭാതത്തില്‍ മുഷിഞ്ഞ വസ്ത്രങ്ങളും ലഗേജുമായി ക്വാറന്റീന് സെന്ററിന് മുന്നില്‍ ബസ്സിറങ്ങി. മലപ്പുറത്തേക്കും കണ്ണൂരിലേക്കുമുള്ള മൂന്ന് യാത്രക്കാരുമായി ബസ് വീണ്ടും യാത്ര തുടര്‍ന്നു. (തുടരും)