റാഷിദ് എടത്തോട്
അബുദാബി: കണ്ണൂരിന്റെ മണ്ണില്‍ ആദ്യമായി പറന്നിറങ്ങി ഇത്തിഹാദ് വിമാനം. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കെഎംസിസിയുടെ സഹകരണത്തോടെ ചാര്‍ട്ടര്‍ ചെയ്ത അബുദാബിയുടെ സ്വന്തം ഇത്തിഹാദ് വിമാനമാണ് കണ്ണൂരില്‍ കന്നി ലാന്റിംഗ് നടത്തിയത്. 174 യാത്രക്കാരുമായി രാവിലെ 11.25ന് പൊങ്ങിയ വിമാനം വൈകുന്നേരം നാലരയോടെയാണ് കണ്ണൂരിലെത്തിയത്. വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് കണ്ണൂരിന്റെ മണ്ണ് ഇത്തിഹാദിനെ വരവേറ്റത്. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ആക്ടിംഗ് പ്രസിഡണ്ട് ടി.കെ അബുല്‍ സലാം, ട്രഷറര്‍ ഹംസ നടുവില്‍, എജുകേഷന്‍ സെക്രട്ടറി ബി.സി അബൂബക്കര്‍, കെഎംസിസി സംസ്ഥാന ഭാരവാഹികളായ അസീസ് കാളിയാടന്‍, ഇ.ടി.എം സുനീര്‍, എ.സഫീഷ്, ആലം കണ്ണൂര്‍, അബ്ദുല്ല കാക്കുനി, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍ ഉള്‍പ്പെടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും എയര്‍പോര്‍ട്ടില്‍ യാത്രയാക്കാന്‍ പുലര്‍ച്ചെ മുതല്‍ എത്തിയിരുന്നു. പിപിഇ കിറ്റും ലഘു ഭക്ഷണങ്ങളുമായി വളണ്ടിയര്‍മാര്‍ സേവന രംഗത്ത് സജീവമായിരുന്നു.
പതിറ്റാണ്ടുകളായി പ്രവാസ ജീവിതം നയിക്കുന്ന കാസര്‍കോട് ജില്ലയിലെ ചെമ്മനാട് സ്വദേശി ഗസ്സാലി സാഹിബിനാണ് കണ്ണൂരില്‍ ആദ്യമായി ഇറങ്ങുന്ന ഇത്തിഹാദിന്റെ ആദ്യ ടിക്കറ്റ് സെന്റര്‍ ട്രഷറര്‍ ഹംസ നടുവില്‍ കൈമാറിയത്. ലോകത്തിലെ മികച്ച യാത്രാ സൗകര്യമുള്ള വിമാനങ്ങളിലൊന്നാണ് കണ്ണൂരില്‍ ആദ്യമായി ഇന്ന് പറന്നിറങ്ങുന്ന അബുദാബിയുടെ സ്വന്തം ഇത്തിഹാദ്.