ഫസ്റ്റ് ബെല്ലടിച്ചു… പുതു അധ്യയനത്തിന്

20

പ്രവേശനോത്സവത്തിന്റെ ബഹളങ്ങളില്ല

കണ്ണൂര്‍: തിമര്‍ത്ത് പെയ്യുന്ന മഴ, പഴയ കാല അധ്യയന വര്‍ഷാരംഭത്തിന് സമാനം. മഴ നനഞ്ഞ് പള്ളിക്കൂടമണഞ്ഞ കാലത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു. എന്നാല്‍, ഇത്തവണ തകര്‍ത്ത് പെയ്ത മഴയിലും വീടുകളില്‍ തന്നെയായിരുന്നു നവാഗതര്‍. കോവിഡ് കാലത്തെ പഠന തുടക്കം വേറിട്ട വഴിയിലേക്കാണ് വിദ്യാര്‍ത്ഥികളെ നയിച്ചത്.
അടിമുടി മാറ്റത്തോടെയാണ് ഇത്തവണ അധ്യയനം തുടങ്ങിയത്. എല്ലാം ഓണ്‍ലൈനിലൊതുങ്ങിയ കാലത്ത് പുതു അധ്യയനത്തിനും ഫസ്റ്റ് ബെല്ലടിച്ചത് ഓണ്‍ലൈനിലായിരുന്നു.
ചില മേഖലകളിലെ അനിശ്ചിതത്വത്തിനിടയിലും വിദ്യാര്‍ത്ഥികളുടെ പൂര്‍ണ പങ്കാളിത്തമുറപ്പാക്കിയാണ് ജില്ലയിലും ഓണ്‍ലൈനായി ക്ലാസുകള്‍ തുടങ്ങിയത്. പരീക്ഷണാര്‍ത്ഥം ആരംഭിച്ച പഠന ക്ലാസില്‍ ജില്ലയിലെ 95 ശതമാനം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തുവെന്നാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിച്ച വിവരം. കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെ സമയബന്ധിതമായി രാവിലെ തന്നെ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. 8.30 മുതല്‍
പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു ആദ്യ ക്ലാസ്. ഓരോ വിഷയത്തിനും അര മണിക്കൂറായാണ് ക്ലാസുകള്‍ ക്രമീകരിച്ചത്.
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ കാലവര്‍ഷം ആരംഭിച്ചതിനാല്‍ പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധത്തില്‍ തടസം നേരിട്ടതും സാങ്കേതിക തകരാര്‍ കാരണവും വിദ്യാര്‍ത്ഥികള്‍ക്ക് തത്സമയം ക്ലാസുകളില്‍ പങ്കെടുക്കാനാകാത്ത സ്ഥിതിയുണ്ടായി. തീരദേശ മേഖലയിലും ആറളം ഫാം ഉള്‍പ്പെടെ കോളനികളിലുമാണ് സാങ്കേതിക തടസം നേരിട്ടത്. ഈ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത ദിവസങ്ങളില്‍ ആവശ്യമായ സൗകര്യമൊരുക്കുമെന്ന് ഡിഡിഇ മനോജ് പറഞ്ഞു.

പഠന പുരോഗതിയറിയാന്‍ സര്‍വെ
ആദ്യ ദിന ക്ലാസുകള്‍ കുട്ടികളില്‍ എത്രത്തോളമെത്തി എന്നതിനെ കുറിച്ച് വരും ദിവസങ്ങളില്‍ സര്‍വെ നടത്തും. ക്ലസ്റ്റര്‍ അധ്യാപകരെയും ക്ലാസ് അധ്യാപകരെയും ഗ്രന്ഥശാല പ്രവര്‍ത്തകരെയും പ്രധാന അധ്യാപകരെയും പട്ടികജാതി, പട്ടിക വര്‍ഗ വകുപ്പ് തല ഉദ്യോഗസ്ഥരെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാത്ത കുട്ടികളുടെ കണക്കെടുത്ത് അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുമെന്നും ഡിഡിഇ പറഞ്ഞു. വായനശാലകളിലും ക്ലബ്ബുകളിലും അക്ഷയ കേന്ദ്രങ്ങളിലും വീടിന് സമീപത്തെ സ്‌കൂളുകളിലും സംവിധാനമൊരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രയാസം നേരിടും അക്കാദമിക് ദിനങ്ങള്‍ പൂര്‍ത്തിയാക്കാന്‍
ഓണ്‍ലൈന്‍ സംവിധാനത്തിന് കീഴില്‍ അക്കാദമിക് ദിനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസം നേരിടുമെന്ന അഭിപ്രായവുമുയര്‍ന്നിട്ടുണ്ട്. ഭരണപക്ഷ അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ പഠന രീതിയിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടുകയാണ്. വേണ്ടത്ര ഒരുക്കമില്ലാതെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയതെന്ന അഭിപ്രായവുമുയര്‍ന്നിട്ടുണ്ട്.
സാങ്കേതിക പ്രയാസങ്ങള്‍ മുന്‍കൂട്ടി കാണണം. പുതിയ സംവിധാനത്തിലൂടെ ഒരു പരിധിവരെ പഠനത്തിന് പരിഹാരം കാണാന്‍ സാധിക്കും. അതേസമയം വിദ്യാര്‍ഥികളുടെ സംശയനിവാരണ സംവിധാനവും ഫലപ്രദമാക്കണം. ഓള്‍ കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി എം മഹേഷ് കുമാര്‍ പറഞ്ഞു.
ഉപകാരപ്പെടുക 50 ശതമാനം കുട്ടികള്‍ക്ക്
50 ശതമാനം പേര്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്താനാകൂവെന്ന് കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് മണികണ്ഠന്‍ പറഞ്ഞു. തീരദേശ മേഖലകളിലും ലക്ഷം വീട് കോളനികളിലും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

രക്ഷിതാക്കളും ശ്രദ്ധിക്കണം
മികച്ച പ്രവര്‍ത്തനമാണ് ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട് അധ്യാപകര്‍ കാഴ്ചവെച്ചത്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പഠനരീതിയെ ഗൗരവത്തില്‍ കാണണമെന്നും കെഎടിഎഫ് ജില്ലാ സെക്രട്ടറി എപി ബഷീര്‍ പറഞ്ഞു.