ഫസ്റ്റ് ബെല്‍ മുഴങ്ങി

20

പഠനം ഓണ്‍ലൈനില്‍

പലരും പരിധിക്ക് പുറത്ത്

കോഴിക്കോട്: സ്‌കൂള്‍ ഇല്ലാത്ത അധ്യയനവര്‍ഷത്തിന്റെ ആദ്യദിനമായ ഇന്നലെ ഓണ്‍ലൈന്‍ പഠനത്തെ മെരുക്കാന്‍ പലരും വീര്‍പ്പുമുട്ടി. വീടിനകത്തെ കമ്പ്യൂട്ടറിലും ടി.വിയിലും തെളിഞ്ഞ മുഖങ്ങളില്‍ നിന്ന് വിദ്യയുടെ പുതിയ വെളിച്ചം നേടിയെടുക്കാന്‍ പല കുറുമ്പന്മാരും കുറുമ്പികളും ഒന്നു മടിച്ചു. ചിത്രങ്ങളും കാര്‍ട്ടൂണുകളും സ്‌ക്രീനില്‍ തെളിഞ്ഞതോടെ പലരുടെയും മുഖത്ത് അറിയാതെ പുഞ്ചിരി മൊട്ടിട്ടു.
ഫസ്റ്റ്‌ബെല്‍ എന്ന പേരിലാണ് ഓണ്‍ലൈന്‍ ക്ലാസ് ഒരുക്കിയിരുന്നത്. പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികളാണ് പുതിയ സാങ്കേതിക വിദ്യയുമായി പരിചയപ്പെടാന്‍ ക്ലേശിച്ചത്. വൈദ്യുതിവിതരണം തടസ്സപ്പെട്ടതിനെതുടര്‍ന്നും ലിങ്ക് കിട്ടാത്തതിനാലും ഓണ്‍ലൈന്‍ ക്ലാസിന്റെ ആദ്യദിനത്തില്‍ പല വിദ്യാര്‍ത്ഥികള്‍ക്കും പുതിയ സംവിധാനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ല. ബേപ്പൂര്‍ കെ.എസ്.ഇ.ബി സെക്്ഷനില്‍ മാത്തോട്ടം അടക്കമുള്ള പ്രദേശങ്ങളിലെ മിക്ക കുട്ടികള്‍ക്കും വൈദ്യുതിയില്ലാത്തതിനാല്‍ ടി.വി മുഖേന ക്ലാസിന്റെ ഭാഗമാകാന്‍ സാധിച്ചില്ല. രാവിലെ പത്ത് മണി മുതല്‍ അപ്രഖ്യാപിത പവര്‍കട്ടായിരുന്നു ഇവിടെ. കോഴിക്കോട് പൊറ്റമ്മല്‍ ഭാഗത്തും ഇതേ പ്രശ്‌നമുണ്ടായി. ഇവരെല്ലാം വൈകുന്നേരത്തെ പുനസംപ്രേക്ഷണം കണ്ടാണ് പഠനത്തില്‍ പങ്കാളികളായത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞില്ല എന്നതും ന്യൂനതയായി. കാഴ്്ചശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത കുട്ടികളാണ് പുറത്തായത്. ടി.വി, സ്്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ് തുടങ്ങിയ ഡിവൈസുകള്‍ ഇല്ലാത്ത വീടുകളിലെ കുട്ടികള്‍ക്കും ക്ലാസ് അറ്റന്റ് ചെയ്യാന്‍ സാധിച്ചില്ല. ഇത്തരം കുട്ടികള്‍ക്ക് പ്രത്യേകം സൗകര്യം ഏതായാലും ആദ്യദിനത്തില്‍ ഉണ്ടായില്ല.
ഇന്നലെ നടന്ന ക്ലാസുകള്‍ ജൂണ്‍ എട്ടിന് വീണ്ടും സംപ്രേക്ഷണം ചെയ്യും. ഇന്റര്‍നെറ്റ് സൗകര്യമോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത കുട്ടികള്‍ക്ക് സ്‌കൂളിലെ പ്രധാന അധ്യാപകരും പി.ടി.എയും കുടുംബശ്രീ യൂണിറ്റുകളും മുഖേന സൗകര്യം ഏര്‍പ്പെടുത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഒന്നാംക്ലാസ് വിദ്യാര്‍ത്ഥികളുടെ ക്ലാസ് രാവിലെ 10.30നായിരുന്നു. പ്ലസ്ടുകാര്‍ക്ക് രാവിലെ എട്ടരയോടെ തുടങ്ങി. അരമണിക്കൂര്‍ ആയിരുന്നു ക്ലാസ്. കാര്‍ട്ടൂണുകളും ചിത്രങ്ങളുമെല്ലാമായി നടന്ന പഠനം കുട്ടികള്‍ക്ക് ആവേശമായി. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പഠനം കൗതുകം പകര്‍ന്നു. അധ്യാപകരും രക്ഷിതാക്കളും പൊതുവെ ആശങ്കയിലായിരുന്നു. കഴിഞ്ഞ ദിവസം വരെ അധ്യാപകരും ഓണ്‍ലൈന്‍ പഠനത്തിന്റെ വിവിധ വശങ്ങള്‍ പരിശീലിക്കുന്നതിന്റെ തിരക്കിലായിരുന്നു. തങ്ങള്‍ക്ക് പരിചയമില്ലാത്ത അധ്യാപകരുടെ ക്ലാസുകള്‍ ചെറിയ കുട്ടികള്‍ക്ക് പ്രയാസം സൃഷ്ടിച്ചതായി പറയുന്നു. കോവിഡിന്റെ ഭീതിയൊഴിഞ്ഞാല്‍ പ്രിയപ്പെട്ട വിദ്യാലയത്തിലേക്കും കൂട്ടുകാര്‍ക്കൊപ്പം ക്ലാസുകളിലേക്കും പോകാനാവുമെന്ന പ്രതീക്ഷയിലാണ് കുട്ടികള്‍ ഓണ്‍ലൈന്‍ എന്ന വീട്ടകത്തെ ക്ലാസിന് മുന്നില്‍ അടങ്ങിയിരുന്നത്.