മൂന്നാം ഘട്ടത്തില്‍ വിമാനങ്ങള്‍ കുറച്ചു; ചാര്‍ട്ടേഡ് വിമാനങ്ങള്‍ തുണക്കുമോ

127

റസാഖ് ഒരുമനയൂര്‍
അബുദാബി: വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി മൂന്നാംഘട്ടം പ്രവാസികളെ തിരികെക്കൊണ്ടുപോകുന്നതിന് തയാറാക്കിയ ഷെഡ്യൂളില്‍ യുഎഇയില്‍നിന്നും വിമാനങ്ങള്‍ കുറവ്.
ജൂണ്‍ 9 മുതല്‍ 23 വരെയുള്ള കാലയളവില്‍ അബുദാബിയില്‍നിന്നും ഇന്ത്യയിലേക്ക് 12 വിമാനങ്ങള്‍ മാത്രമാണ് പട്ടികയിലുള്ളത്. ഇതില്‍ കേരളത്തിലേക്ക് അഞ്ചുവിമാനങ്ങള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
9ന് കൊച്ചി, 11ന് തിരുവനന്തപുരം, 12ന് കോഴിക്കോട്, 15ന് കോഴിക്കോട്, 16ന് കൊച്ചി എന്നിവയാണ് പട്ടികയിലുള്ളത്. കൂടാതെ അമൃതസര്‍, ലക്‌നോ, ചെന്നൈ, ബംഗലുരു, മുംബൈ, ജയ്പൂര്‍, ഹൈദരാബാദ് എന്നി നഗരങ്ങളിലേക്കാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ദുബൈയില്‍നിന്നും സര്‍വീസുകള്‍ കുറവാണെന്നാണറിയുന്നത്.
വിമാനങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തിയതോടെ പ്രവാസികള്‍ കൂടുതല്‍ നിരാശരായി മാറുകയാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ നിരവധി വിമാനങ്ങളാണ് കേരളത്തിലേക്ക് പറന്നത്. ഇതിലൂടെ ആയിരക്കണക്കിന് പ്രവാസികള്‍ നാട്ടിലെത്തുകയുണ്ടായി.
അതുപോലും പരിമിതമായതിനാല്‍ ആയിരക്കണക്കിനുപേരാണ് തങ്ങളുടെ ഊഴം കാത്തിരിക്കുന്നത്. ഇവരെല്ലാം ഇനി എന്ന് യാത്ര ചെയ്യാനാവുമെന്നറിയാത്ത അവസ്ഥയിലാണുള്ളത്. അതിനിടെ കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉണ്ടായേക്കുമെന്ന സൂചനയുണ്ട്. എന്നാല്‍ ഇതേക്കുറിച്ചുള്ള അന്തിമ വിവരമൊന്നും ലഭ്യമായിട്ടില്ല.