ന്യൂയോര്‍ക്ക്: അമേരിക്കയിലെ കുപ്രസിദ്ധമായ ജോര്‍ജജ് ഫ്ളോയ്ഡ് വധത്തില്‍ പങ്കുകാരായ നാലു പൊലീസുകാര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും കറുത്തവര്‍ഗക്കാര്‍ ഉയര്‍ത്തിവിട്ട പ്രതിഷേധം കാട്ടുതീപോലെ ആളിപ്പടരുന്നതിനിടെയാണ്, കൂടുതല്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമം.
മെയ് 25നാണ് മിനിയാപോളിസില്‍ 46കാരനായ ജോര്‍ജ്ജ് ഫ്ളോയ്ഡ് എന്ന കറുത്തവര്‍ഗക്കാരനെ ഡെറക് ചോവിന് എന്ന പൊലീസ് ഓഫിസര്‍ കാല്‍മുട്ടുകൊണ്ട് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. അമേരിക്കയില്‍ കറുത്തവര്‍ഗക്കാര്‍ക്കെതിരെ നിരന്തരം അരങ്ങേറിക്കൊണ്ടിരിക്കുന്ന വംശീയാതിക്രമങ്ങളുടെ തുടര്‍ച്ചയായി ജോര്‍ജ്ജ് ഫ്ളോയ്ഡിന്റെ കൊലപാതകവും ചിത്രീകരിക്കപ്പെട്ടതോടെ ജനം പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു. മിനിയാപോളിസില്നിന്നു തുടങ്ങിയ കലാപം അതിവേഗമാണ് മറ്റു സംസ്ഥാനങ്ങളിലേക്കും തലസ്ഥാന നഗരിയായ വാഷിങ്ടണിലേക്കും പടര്‍ന്നത്. 10,000 ത്തിലധികം പ്രതിഷേധക്കാരാണ് വിവിധ സ്ഥലങ്ങളിലായി ഇതിനകം അറസ്റ്റിലായിട്ടുള്ളത്.
സംഭവം നടക്കുമ്പോള്‍ മുഖ്യപ്രതി ഡെറക് ചോവിനൊപ്പമുണ്ടായിരുന്ന മൂന്നു പൊലീസുകാര്‍ക്കെതിരെയാണ് ഇന്നലെ കൊലക്കുറ്റം ചുമത്തിയത്. ഡെറക് ചോവിനെതിരെ നേരത്തെതന്നെ മൂന്ന് ഡിഗ്രി കൊലക്കുറ്റവും രണ്ടുഡിഗ്രി മനുഷ്യഹത്യാ കുറ്റവും ചുമത്തിയിരുന്നു. എന്നാല്‍ ഇതിനു പുറമെ രണ്ട് ഡിഗ്രി കൊലക്കുറ്റംകൂടി അധികം ചുമത്തിയതായി മിന്നസോട്ട അറ്റോര്‍ണി ജനറല്‍ കൈത്ത് എല്ലിസണ് പറഞ്ഞു. 15 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നേരത്തെ ചുമത്തിയിരുന്നത്. രണ്ട് ഡിഗ്രി കൊലക്കുറ്റം ചുമത്തിയതോടെ 40 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറി.
അതേസമയം ജോര്‍ജ്ജ് ഫ്ളോയ്ഡ് വധത്തിന്റെ പശ്ചാത്തലത്തില്‍ പൊട്ടിപ്പുറപ്പെട്ട കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധം ഇപ്പോഴും ശക്തമായി തുടരുകയാണ്. നിരോധനാജ്ഞ മറികടന്ന് ആയിരക്കണക്കിന് ആളുകളാണ് ഇന്നലേയും വിവിധ നഗരങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തത്. പലയിടത്തും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടലുണ്ടായി. ഇതിനിടെ സംസ്ഥാനങ്ങളില്‍ സൈന്യത്തെ വിന്യസിക്കുന്നതിന് ഫെഡറല്‍ സര്‍ക്കാറിനു മുന്നിലുള്ള ഏക തടസ്സമായ ഇന്‍സറക്ഷന്‍ ആക്ട് പിന്‍വലിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. സൈനിക വിന്യാസത്തെ സംസ്ഥാന ഭരണകൂടങ്ങളും റിപ്പബ്ലിക്കന്‍, ഡമോക്രാറ്റിക് വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കളും എതിര്‍ക്കുന്നതിനിടെയാണ് ട്രംപിന്റെ ഭീഷണി.