തൊഴിലാളികള്‍ക്ക് വ്യായാമത്തിന് നടക്കാം; ഐകാഡില്‍ മനോഹര പാത തയാര്‍

92
default

അബുദാബി: ജോലി ചെയ്ത് ചടഞ്ഞിരിക്കുന്ന മുസഫയിലെ തൊഴിലാളികള്‍ക്ക് ഇനി ഐകാഡ് സിറ്റിയോട് ചേര്‍ന്നുള്ള പാതയിലൂടെ നടന്ന് ആരോഗ്യം സംരക്ഷിക്കാം. വ്യായാമം പതിവാക്കുന്നവരുടെ സൗകര്യത്തിനായി അബുദാബി മുസഫ ഐകാഡ് സിറ്റിയോട് ചേര്‍ന്നാണ് നടപ്പാത സജ്ജമാക്കിയിട്ടുള്ളത്.
1,343,966 ദിര്‍ഹം ചെലവഴിച്ചാണ് അബുദാബി നഗരസഭ തൊഴിലാളികള്‍ക്ക് വേണ്ടി നടപ്പാത ഒരുക്കിയിരിക്കുന്നത്. 1.75 മീറ്റര്‍ വീതിയില്‍ 835 മീറ്റര്‍ നീളത്തിലാണ് പ്രഭാത-സായാഹ്ന നടത്തം പ്രോത്സാഹിപ്പിക്കാനായി പാത തയാറാക്കിയിട്ടുള്ളത്.
ഇടയ്ക്ക് വിശ്രമത്തിനായി ടൈല്‍ പാകി മനോഹരമാക്കിയ മൂന്ന് ഇടത്താവളങ്ങളും നടപ്പാതയോരങ്ങളില്‍ 93 തണല്‍ മരങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഐകാഡ് സിറ്റിയിലും പരിസരങ്ങളിലുമുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് വ്യായാമത്തിലൂടെ തങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇത് വലിയ മുതല്‍ക്കൂട്ടായി മാറും.