നിഷാദ്
ഫുജൈറ: മഹാമാരിയുടെ ദുരിത വര്‍ത്തമാനങ്ങള്‍ക്കിടയില്‍ ഫുജൈറ കെഎംസിസിയുടെ കനിവിന്റെ ചിറകിലേറി അവര്‍ 210 പേര് ആശ്വാസ തീരമണഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 9 മണിക്കായിരുന്നു ഫുജൈറ കെഎംസിസി ചാര്‍ട്ടര്‍ ചെയ്ത എയര്‍ അറേബ്യ വിമാനം ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലേക്ക് പറന്നുയര്‍ന്നത്.
ഒരുപക്ഷെ, കാലമെത്ര കഴിഞ്ഞാലും അവര്‍ മറക്കില്ല ഈ കൊറോണക്കാലം. സോപ്പ് തേച്ചാല്‍ 20 സെക്കന്‍ഡ് കൊണ്ട് ഇല്ലാതായിപ്പോകുന്ന ഒരു വൈറസ് ഇത്ര മേല്‍ അവരുടെ ജീവിതത്തെ മാറ്റിമറിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയുമില്ല. എന്നും പ്രവാസി നാട്ടിലെത്തുമ്പോള്‍ ലഭിക്കുന്ന സ്വീകരണമില്ലാതെ ഉറ്റവരോട് അടുത്തിടപഴകാന്‍ ഇനിയും കാത്തിരിക്കേണ്ട യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് അവര്‍ നാടണഞ്ഞത്.
ഷാര്‍ജ വിമാനത്താവളത്തില്‍ അഞ്ച് മണിക്കൂര്‍ മുന്‍പ് എത്തിയ യാത്രക്കാരുടെ കോവിഡ് 19 റാപിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് വിമാനത്തിലേക്ക് കയറിയത്. ആരുടെയും ഫലം പോസിറ്റീവായിട്ടുമില്ല. വൈകുന്നേരം 3.30ന് വിമാനത്താവളത്തിലെത്തിയ യാത്രികരെ സ്വീകരിക്കാനായി വലിയ മുന്നൊരുക്കങ്ങള്‍ തന്നെ ഫുജൈറ കെഎംസിസി പൂര്‍ത്തിയാക്കിയിരുന്നു. യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്, ദുബൈ കെഎംസിസി മുന്‍ പ്രസിഡന്റ് അന്‍വര്‍ നഹ, ഫുജൈറ കെഎംസിസി അഡൈ്വസറി ബോര്‍ഡ് ചെയര്മാന് വി.എം സിറാജ്, ഖാലിദ് ഹാജി, പ്രസിഡന്റ് മുബാറക് കോക്കൂര്‍, സെക്രട്ടറി ഇബ്രാഹിം ടി.കെ എന്നിവര്‍ ചേര്‍ന്ന് യാത്രക്കാര്‍ക്ക് മംഗളം നേര്‍ന്നു. ബഷീര്‍ ഉളിയില്‍, മുഹമ്മദലി ആയഞ്ചേരി, സാജിദ് മഞ്ചേരി, പി.പി കോയ പാലക്കാട്, ഫിറോസ് തിരൂര്‍, മുഹമ്മദ് ഗിരയ്യ, അഡ്വ. മുഹമ്മദലി, സുബൈര്‍ ചോമയില്‍, അയ്യൂബ് കാസര്‍കോട്, ഫൈസല്‍ ബാബു, മുസ്തഫ മുല്ല, ഇബ്രാഹിം ആലമ്പാടി, റാഷിദ് മസാഫി, അസീസ് കടമേരി, ആദില്‍ തുടങ്ങിയ സംസ്ഥാന-ജില്ലാ നേതാക്കള്‍ സന്നിഹിതരായിരുന്നു.
യുഎഇ കെഎംസിസിക്ക് കീഴില്‍ ഫുജൈറ കെഎംസിസിക്ക് അനുവദിച്ച ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ ആദ്യത്തേതാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. 25 ഗര്‍ഭിണികളും അടിയന്തിര ചികിത്സ ആവശ്യമുള്ള 78 രോഗികളും സന്ദര്‍ശക വിസയിലെത്തി യുഎഇയില്‍ കുടുങ്ങിയ 24 പേരും തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള 64 പ്രവാസികളും അടങ്ങുന്ന സംഘമാണ് ആദ്യ വിമാനത്തില്‍ നാടണഞ്ഞത്. യാത്രക്കാര്‍ക്ക് ആവശ്യമായ മാസ്കും കൈയുറയും ഉള്‍പ്പടെയുള്ള കിറ്റും ഫുജൈറ കെഎംസിസി ഒരുക്കിയിരുന്നു. തീര്‍ത്തും നിസ്സഹായരായ 25 യാത്രക്കാരുടെ യാത്രാ ചെലവിലേക്കുള്ള സഹായം ഫുജൈറ കെഎംസിസി ദുരിതാശ്വാസ നിധിയില്‍ നിന്നും നല്കി. സമീപ ദിവസങ്ങളില്‍ ഫുജൈറ കെഎംസിസിയുടെ മറ്റു ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും പറക്കാനിരിക്കുകയാണ്. അതിനുള്ള നടപടികള്‍ നടന്നു വരികയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വിമാന സര്‍വീസിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ജീവകാരുണ്യ-സാമൂഹിക-സേവന രംഗങ്ങളില്‍ മിഡില്‍ ഈസ്റ്റില്‍ മികച്ചു നില്ക്കുന്ന യുഎഇ കെഎംസിസി പ്രവാസികളുടെ രക്ഷാ ദൗത്യം ഏറ്റെടുത്തത്. സംഘടനയുടെ കീഴില്‍ ചാര്‍ട്ടര്‍ ചെയ്ത ഒട്ടനവധി വിമാനങ്ങള്‍ കോഴിക്കോട്, കൊച്ചി, തിരുവനതപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ പറന്നിറങ്ങി.
ദുബൈ, അബുദാബി, ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളിലെ കെഎംസിസി കമ്മിറ്റികള്‍ യുഎഇ കെഎംസിസിയുടെ നേതൃപരമായ പങ്കിലാണ് വിമാനങ്ങള്‍ പറത്തിക്കൊണ്ടിരിക്കുന്നത്. സമീപ ദിവസങ്ങളില്‍ കെഎംസിസിയുടെ 70ല്‍ പരം വിമാന സര്വീസുകളുള്ളതായി യുഎഇ കെഎംസിസി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന് അറിയിച്ചു.
യുഎഇയിലെ വിവിധ പ്രവിശ്യകളില്‍ കുടുങ്ങിയ പ്രവാസികള്‍ക്കായി സംഘടനയുടെ നേതൃത്വത്തിലുള്ള കൂടുതല്‍ സര്‍വീസുകള്‍ ആവശ്യപ്പെട്ട് യാത്രക്കാരുടെ അപേക്ഷകള്‍ വന്നുകൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് യാത്രക്കായി തെരഞ്ഞെടുക്കുന്നത്. മാനുഷിക മുന്‍ഗണനാ ക്രമത്തില്‍ തന്നെയാണ് കെഎംസിസി ചാര്‍ട്ടേര്‍ഡ് വിമാനത്തിലും യാത്രക്കാര്‍ക്ക് അവസരം നല്‍കിയിരിക്കുന്നത്.
യുഎഇ കെഎംസിസിയുടെ ഇടപെടലിനെ തുടര്‍ന്നാണ് യുഎഇയിലെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഈ ദുരിത കാലത്ത് നാടു പിടിക്കാനായത്. വിമാന സര്‍വീസിന് പുറമെ കോവിഡിനെ തുടര്‍ന്ന് ഫുജൈറ കെഎംസിസി ആഭിമുഖ്യത്തില്‍ വിവിധ സേവന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഗള്‍ഫ് രാഷ്ട്രത്തലവന്മാരും വിദേശ മാധ്യമങ്ങളും ഉള്‍പ്പെടെ കെഎംസിസിയുടെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.