നാദ വിസ്മയം തീര്‍ത്ത് ഫുജൈറ എസ്‌കെഎസ്എസ്എഫ് ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു

138

ഫുജൈറ: എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഹോളി ഖുര്‍ആന്‍ മത്‌സരത്തിന് സമാപ്തി. ശ്രവണ സുന്ദര ശൈലിയുള്ള മത്‌സരത്തോടെയാണ് സൂം ആപ്‌ളികേഷനിലൂടെ മത്‌സരത്തിന് സമാരംഭം കുറിച്ചത്. ഫുജൈറ എസ്‌കെഎസ്എസ്എഫ് പ്രസിഡന്റ് ത്വാഹിര്‍ ദേശമംഗലത്തിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഫുജൈറ സുന്നി സെന്റര്‍ സംസ്ഥാന പ്രസിഡന്റ് പി.പി കോയ സാഹിബ് ഉദ്ഘാടനം ചെയ്തു. ഫുജൈറ എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജന.സെക്രട്ടറി സ്വാദിഖ് റഹ്മാനി, സലീം മൗലവി, ബാപ്പു പത്താത്ത്, അഫ്‌സല്‍, മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളിലായി നടന്ന ആവേശകരമായ മത്‌സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് റഫീഖ്, അബ്ദുല്‍ റഫീഖ്, മന്‍സൂര്‍, ജാഫര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അബ്ദുല്‍ സലീം, ബാസില്‍ ജാബിര്‍, അബൂബക്കര്‍ സിദ്ദീഖ് എന്നിവര്‍ ജൂനിയര്‍ വിഭാഗത്തിലെയും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. റബീഹ് ജാബിര്‍, ആയിസ് അഹമ്മദ്, മുഹമ്മദ് യാസിര്‍ എന്നിവര്‍ സബ് ജൂനിയര്‍ വിഭാഗത്തിലും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മനസുകള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്ന പ്രസ്തുത പരിപാടി വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ജനകീയമാക്കുമെന്ന് പരിപാടിയുടെ മുഖ്യ സംഘാടകര്‍ പറഞ്ഞു. വാട്‌സാപ്പ് വഴി നടന്ന ഒന്നാം ഘട്ട മത്സരത്തില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടവരെയാണ് സൂം വഴി നടന്ന ഫൈനല്‍ മത്സരത്തിലേക്ക് തെരെഞ്ഞെടുത്തത്. മത്‌സരത്തില്‍ വിവിധ പ്രവിശ്യകളിലുള്ളവര്‍ തമ്മില്‍ വാശിയേറിയ മത്‌സരമാണ് നടന്നത്. ഹാഫിസ് സഈദ് വാഫി, ഹാഫിസ് സുഹൈല്‍ ഫൈസി, ഹാഫിസ് ഇംദാദുല്ല എന്നിവര്‍ മത്സരത്തിന്റെ വിധി നിര്‍ണയിച്ചു. മര്‍കസ് മുഹമ്മദീയ പ്രിന്‍സിപ്പല്‍ ശാക്കിര്‍ ഹുസൈന്‍ ഹുദവി വിജയികളെ പ്രഖ്യാപിച്ചു. നിരവധി ആളുകളായിരുന്നു വിശുദ്ധ ഖുര്‍ആന്‍ പാരായണ മത്സരം ഓണ്‍ലൈന്‍ വഴി ശ്രവിച്ചത്. മത്‌സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച വിജയികളെ സംഘാടകര്‍ അനുമോദിച്ചു. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും എസ്‌കെഎസ്എസ്എഫിന്റെ പൊതുപരിപാടിയില്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. നിഷാദ് വാഫി സ്വാഗതവും സലിം മൗലവി നന്ദിയും പറഞ്ഞു.