പ്രളയഫണ്ട് തട്ടിപ്പ് : വിഷ്ണുപ്രസാദിനെ വീണ്ടും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

12

അറസ്റ്റ് വ്യാജ രശീത് നല്‍കി പണം അപഹരിച്ച കേസില്‍

കൊച്ചി: സിപിഎം നേതാക്കള്‍ പ്രതികളായ പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയ വിഷ്ണുപ്രസാദിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വീണ്ടും അറസ്റ്റു ചെയ്തു. വ്യാജ കൈപ്പറ്റ് രശീതിയുണ്ടാക്കി പണം തട്ടിയെടുത്ത കേസിലാണ് ഇന്നലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തി ചോദ്യംചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഇന്നലെ രാത്രി ഏഴേകാലോടെ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ ലോക്കപ്പിലെ സ്ഥലപരിമിധി മൂലം ഹില്‍പാലസ് പോലീസ് സ്റ്റേഷനിലേക്ക് പിന്നീട് മാറ്റി. ഇന്ന് കളക്ടറേറ്റില്‍ എത്തിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. അധികം തുക അക്കൗണ്ടിലെത്തിയ ദുരിതബാധിതര്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട പതിനായിരം രൂപ കൈപ്പറ്റിയ ശേഷം ശേഷിച്ച തുക കല്രേക്ടറ്റ് ദുരന്തനിവാരണ വിഭാഗം സെക്ഷനില്‍ തിരിച്ചടക്കുകയായിരുന്നു. പ്രളയത്തില്‍ വെള്ളം കയറിയ ഓരോ വീടുകള്‍ക്കും 10,000 രുപ വീതം ക്ലീനിംഗിനായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ പലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മുപ്പതിനായിരവും, അറുപതിനായിരവും രൂപയെത്തിയിരുന്നു. ഇത് കമ്പ്യൂട്ടര്‍ തകരാറായതിനാല്‍ അധികമായി കൈപ്പറ്റിയ തുക രൊക്കം പണമായി തിരികെ അടക്കണമെന്നാവശ്യപ്പെട്ട് സെക്ഷന്‍ ക്ലാര്‍ക്ക് ആയിരുന്ന വിഷ്ണ പ്രസാദ് തന്നെ ദുരിതബാധിതരെ ഫോണില്‍ ബന്ധപെട്ടിരുന്നു. ഇത്തരത്തില്‍ തിരികെ ലഭിച്ച ഒരു കോടി രൂപയില്‍ 47 ലക്ഷം രൂപ മാത്രമാണ് വിഷ്ണുപ്രസാദ് ട്രഷറിയില്‍ തിരികെ അടച്ചത്. പണം കൈപ്പറ്റിയ ശേഷം ഇവര്‍ക്ക് നല്‍കിയ കൈപ്പറ്റ് രശീത് വിഷ്ണുപ്രസാദ് സ്വയം കമ്പ്യൂട്ടറില്‍ നിര്‍മ്മിക്കുകയായിരുന്നു. വിശ്വാസ്യത ഉറപ്പുവരുത്താന്‍ മേലുദ്യോഗസ്ഥരടക്കമുള്ളവരെക്കൊണ്ടാണ് വ്യാജ രശീതിയില്‍ ഇയാള്‍ ഒപ്പ് വയ്പിച്ചിരുന്നത്. ഡപ്യൂട്ടി കലക്ടറടക്കം പത്ത് പേരെ വിളിച്ചു വരുത്തിയ അന്വേഷണ സംഘം ഇവരില്‍ നിന്നും വിശദമായി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വിഷ്ണുപ്രസാദിനെ അറസ്റ്റ് ചെയ്തത്. പ്രളയദുരിതാശ്വാസ ഫണ്ടിലേക്കെത്തിയ ഒരു കോടി രൂപയില്‍ നിന്നും 53 ലക്ഷം രൂപ കാണാതായ സംഭവത്തില്‍ വിരമിച്ച ഉദ്യോഗസ്ഥരേയും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സി.പി.എം ലോക്കല്‍ കമ്മറ്റി അംഗങ്ങളും വിഷ്ണുപ്രസാദും ചേര്‍ന്ന് ബാങ്ക് അക്കൗണ്ട് വഴി തട്ടിയെടുത്ത 27 ലക്ഷം രൂപക്ക് പുറമെ വ്യാജ രശീതുണ്ടാക്കി വിഷ്ണുപ്രസാദ് 53 ലക്ഷം രൂപ കൂടി അപഹരിച്ചതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. എ.ഡി.എം ഇക്കാര്യം ചൂണ്ടിക്കാട്ടി തൃക്കാക്കര പോലീസിന് നല്‍കിയ പരാതിയിലാണ് ഇയാള്‍ വീണ്ടും അറസ്റ്റിലായത്. പ്രളയക്കെടുതിയില്‍ ദുരിതത്തിലായവര്‍ക്ക് വിതരണ ചെയ്യേണ്ടതുക വ്യാജ രശീതുണ്ടാക്കിയും, കൂട്ടുപ്രതികളുടെ ബാങ്ക് അക്കൗണ്ട് വഴിയും പ്രതി അപഹരിക്കുകയായിരുന്നു. സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മറ്റിയംഗം എം.എം.അന്‍വറിന്റെ അക്കൗണ്ടിലേക്ക് പ്രളയനിധിയില്‍ നിന്നെത്തിയ 10.54 ലക്ഷംരൂപ സംബന്ധിച്ച് ബാങ്ക് ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് വിഷ്ണുപ്രസാദിലേക്ക് അന്വേഷണം നീണ്ടത്. സി.പി.എം നേതാവായ അന്‍വര്‍ പ്രളയ ദുരിതബാധിതന്‍ അല്ലെന്ന കണ്ടെത്തലാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കാര്യങ്ങളെത്തിച്ചത്.