കുവൈത്ത് സിറ്റി: കോവിഡ് 19 ബാധിച്ച് മരിച്ച തൃശൂര്‍ പെരുമ്പിലാവ് വില്ലന്നൂര്‍ സ്വദേശി പള്ളിക്കര വളപ്പില്‍ അബ്ദുല്‍ റസാഖി(60)ന്റെ മൃതദേഹം കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം സുലൈബിഖാത്ത് ഖബര്‍സ്താനില്‍ മറവു ചെയ്തു. ഏതാനും ആഴ്ചകളിലായി മിഷ്രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുല്‍ റസാഖിന്റെ ആരോഗ്യ സ്ഥിതി മോശമാകുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ അദാന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന് കണ്ണേത്ത് ആശുപത്രി മേധാവികളുമായി ചര്‍ച്ച നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം നില പെട്ടെന്ന് വഷളാവുകയും പൊടുന്നനെ മരണം സംഭവിക്കുകയുമായിരുന്നു.
സുലൈബിഖാത്തില്‍ നടന്ന ഖബറക്ക ചടങ്ങില്‍ മക്കളായ ഫാസില്‍, നൗഫല്‍, സഹോദരനും കുവൈത്ത് കെഎംസിസി തൃശ്ശൂര്‍ ജില്ലാ ജന.സെക്രട്ടറിയുമായ അബ്ദുല്ലത്തീഫ്, കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന് കണ്ണേത്ത്, ജന.സെക്രട്ടറി അബ്ദുല്‍ റസാഖ് പേരാമ്പ്ര, ഹാരിസ് വള്ളിയോത്ത്, ഫാസില്‍ കൊല്ലം, ഇല്യാസ് മൗലവി, ഡോ. അബ്ദുല്‍ ഹമീദ്, മുഹമ്മദ് അബ്ദുല്‍ സത്താര്‍, മുഹമ്മദ് കമാല്‍, ഫൈസല്‍ വേങ്ങര, റാഷിദ് കുന്നംകുളം, അന്‍വര്‍ കുന്ദമംഗലം എന്നിവര്‍ പങ്കെടുത്തു. മറ്റൊരു മകന് ഫൈസല്‍ നാട്ടില്‍ അവധിക്ക് പോയതാണ്.
