ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-ചൈനീസ് സൈന്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷാവസ്ഥ ഒഴിവാക്കുന്നതിനായി ഇരു സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയത് നിരവധി തവണ. പക്ഷേ ഗല്‍വാനിലെ പെട്രോളിങ് പോയിന്റ് 14ല്‍ കഴിഞ്ഞ തിങ്കളാഴ്ച ചൈനീസ് സേന നടത്തിയ കടന്നു കയറ്റം ഒഴിപ്പിക്കുന്നതിനിടെ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിക്കേണ്ടി വന്നത്. ഇത് സൂചിപ്പിക്കുന്നത് ഇരു വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കത്തിന്റെ പരിഹാരം ഇനിയും അകലെയാണെന്നതാണ്. പെട്രോളിങ് പോയിന്റ് 14 ഇന്ത്യന്‍ സേനയുടെ നിയന്ത്രണത്തിലുള്ളതാണ്. എന്നാല്‍ ചൈനീസ് സേന അവകാശപ്പെടുന്നത് ഗല്‍വാന്‍ താഴ്‌വര മുഴുവനായും ചൈനയുടെ അധീനതയിലുള്ള പ്രദേശമാണെന്നാണ്. ഇന്ത്യയുമായുള്ള ചൈനയുടെ പുതിയ അതിര്‍ത്തി തര്‍ക്കം നേരത്തെ തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ നിരവധി കരാറുകളുടെ നിറം കെടുത്തുന്നതാണ്. ഇതിന് പുറമെ ഗല്‍വാനില്‍ ചൈന പുതിയൊരു തര്‍ക്കത്തിന് തുടക്കമിടുകയുമാണ്. ചൈനക്ക് ഇന്ത്യയുമായി മാത്രമല്ല അതിര്‍ത്തി തര്‍ക്കമുള്ളത്. ജനാധിപത്യത്തെ കുറിച്ചുള്ള ഓണ്‍ലൈന്‍ സമ്മേളനത്തില്‍ സംസാരിക്കവെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപയോ അയല്‍ രാജ്യങ്ങളോട് ചൈന കാണിക്കുന്ന തെമ്മാടിത്തരത്തെ അതിശക്തമായ ഭാഷയിലാണ് അപലപിച്ചത്. അമേരിക്കന്‍ നാവിക സേന 300,000 ടണ്‍ ശേഷിയുള്ള വിമാന വാഹിനിക്കപ്പല്‍ ജൂണ്‍ 15ന് പസഫിക് സമുദ്രത്തില്‍ വിന്യസിച്ചിട്ടുണ്ട്. 2017ന് ശേഷം ഇതാദ്യമായാണ് അമേരിക്കയുടെ യു.എസ്.എസ് റൊണാള്‍ഡ് റീഗന്‍, യു.എസ്.എസ് തിയഡോര്‍ റൂസ് വെല്‍റ്റ്, യു.എസ്.എസ് നിമിറ്റ്‌സ് എന്നീ വിമാന വാഹിനിക്കപ്പലുകള്‍ വിന്യസിക്കുന്നത്. ഈ വിന്യസത്തിന് സുരക്ഷാ കാരണങ്ങളൊന്നും അമേരിക്ക വിശദീകരിച്ചിട്ടില്ലെങ്കിലും തയ് വാനില്‍ അമേരിക്കയുടെ കടന്നു കയറ്റത്തിന് തടയിടുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് വ്യക്തമാണ്.
ചൈനയുടെ തര്‍ക്കങ്ങള്‍ ഭൂട്ടാന്‍
ഇന്ത്യയും ചൈനയും തമ്മില്‍ ഗല്‍വാനു മുമ്പ് അവസാനമായി സംഘര്‍ഷത്തിലെത്തിയത് ഇന്ത്യ-ഭൂട്ടാന്‍-ചൈന ത്രിസംഗമ വേദിയായ ഡോക്്‌ലാമിനെ ചൊല്ലിയായിരുന്നു. 73 ദിവസമാണ് ഈ തര്‍ക്കം നീണ്ടു നിന്നത്. ഒടുവില്‍ ഇന്ത്യയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ചൈന മേഖലയില്‍ നിന്നും പിന്‍മാറുകയായിരുന്നു. എന്നാല്‍ തങ്ങളുടെ കളിയുടെ ഭാഗമായുള്ള പിന്‍മാറ്റമായിരുന്നു ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭൂട്ടാന്‍-ചൈന അതിര്‍ത്തിയില്‍ സമാനമായ രീതിയില്‍ ചൈനീസ് സേനയുടെ കടന്നു കയറ്റവും നിര്‍മാണ പ്രവര്‍ത്തികളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ദക്ഷിണ ചൈന കടല്‍
വിഭവ സമ്പന്നമായ ദക്ഷിണ ചൈന കടലിന്റെ സമഗ്ര ആധിപത്യത്തിനായി കാലമേറെയായി ചൈന ശ്രമം ആരംഭിച്ചിട്ട്. ചരിത്രപരമായ അവകാശ വാദങ്ങള്‍ പക്ഷേ 2016ല്‍ അന്താരാഷ്ട്ര കോടതി തള്ളിയിരുന്നു. എങ്കിലും ചൈനയുടെ സൈനിക ഇടപെടല്‍ മുടക്കമില്ലാതെ തുടരുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കു പിടിച്ച കപ്പല്‍ പാതയാണ് തെക്കന്‍ ചൈന കടല്‍. വര്‍ഷം 3.3 ട്രില്യന്‍ ഡോളറിന്റെ വ്യാപാരമാണ് ഇതുവഴി നടക്കുന്നത്. സമുദ്രാതിര്‍ത്തിയും കര അതിര്‍ത്തിയുമായി ചൈനക്ക് തെക്കന്‍ ചൈന കടലില്‍ തായ് വ ന്‍, ബ്രൂണൈ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുമായി തര്‍ക്കമുണ്ട്. സ്പ്രാറ്റ്‌ലി ദ്വീപിനെ ചൊല്ലി വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണൈ, തായ് വന്‍ രാജ്യങ്ങളുമായും പാരസെല്‍ ദ്വീപിനെ ചൊല്ലി വിയറ്റ്‌നാമുമായും സ്‌കാര്‍ബറോ ഷവലിനെ ചൊല്ലി ഫിലിപ്പീന്‍സുമായും ടോങ്കിന്‍ കടലിടുക്കിനെ ചൊല്ലി വിയറ്റ്‌നാമുമായും തര്‍ക്കം തുടരുകയാണ്. ഇതിനു പുറമെ തായ് വനിലെ മുഴുവന്‍ ദ്വീപുകളും തങ്ങളുടേതാണെന്നാണ് ചൈനയുടെ വാദം.
കിഴക്കന്‍ ചൈന കടല്‍
ചൈനക്ക് മഞ്ഞക്കടലില്‍ ഉത്തര കൊറിയ, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട ചൈനക്ക് തര്‍ക്കമുണ്ട്. കിഴക്കന്‍ ചൈന കടലില്‍ ദക്ഷിണ കൊറിയയും ജപ്പാനുമായും. ഇതിനു പുറമെ ജപ്പാന്റെ അധീനതയിലുള്ള സെന്‍കാകു, ദിയാവു ദ്വീപുകളെ ചൊല്ലിയും ചൈന അവകാശവാദം ഉന്നയിക്കുന്നു.
നേപ്പാള്‍
നേപ്പാളിലെ വടക്കന്‍ ജില്ലകളായ ഹുംല, റസുവ, സിന്ധുചാല്‍ ചൗക്ക്, സന്‍കുവാസഭ ജില്ലകളില്‍ ചൈനീസ് കടന്നു കയറ്റമുണ്ടെന്ന് നേപ്പാളിന്റെ സര്‍വേ വിഭാഗം ആരോപിക്കുന്നു. റിപ്പോര്‍ട്ട് ചോര്‍ന്നതിന് പിന്നാലെ ചൈനക്കെതിരെ നേപ്പാളില്‍ പ്രതിഷേധങ്ങളും അരങ്ങേറുന്നുണ്ട്. എന്നാല്‍ നേപ്പാളീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം കോടിക്കണക്കിന് രൂപയാണ് നേപ്പാളിന്റെ വികസനത്തിനായി ചൈന നിക്ഷേപിച്ചിരിക്കുന്നത്. ചൈനയുടെ അതിര്‍ത്തി കടന്നു കയറ്റം നിര്‍ബാധം തുടരുമ്പോഴും ഇന്ത്യന്‍ പ്രദേശങ്ങള്‍ തങ്ങളുടെ മാപ്പില്‍ ഉള്‍പ്പെടുത്തി ഇന്ത്യയുമായി അകലാനാണ് നേപ്പാള്‍ ശ്രമിക്കുന്നത്. എവറസ്റ്റിന്റെ ഉയരം അളക്കുന്നതിനായി ചൈന ശ്രമം തുടങ്ങിയിട്ടുണ്ട്. 5ജി സേവനത്തിനായി നേപ്പാളില്‍ ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളും ചൈന എവറസ്റ്റില്‍ സ്ഥാപിച്ചു കഴിഞ്ഞു. മെയില്‍ എവറസ്റ്റ് ചൈനയുടേതാണെന്ന അവകാശവാദവുമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് രംഗത്തു വന്നിരുന്നെങ്കിലും പിന്നീട് ഈ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
ഇന്ത്യന്‍ മണ്ണ് പ്രധാനമന്ത്രി ചൈനക്ക്
അടിയറവ് വച്ചെന്ന് രാഹുല്‍ ഗാന്ധി
ആഞ്ഞടിച്ച് ചിദംബരവും
ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ഇന്ത്യന്‍ മണ്ണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനക്ക് മുന്നില്‍ അടിയറവ് വച്ചെന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.’ഭൂമി ചൈനയുടേതാണെങ്കില്‍ എങ്ങനെയാണ് ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടമായത്. അവര്‍ എവിടെയാണ് കൊല്ലപ്പെട്ടത്’, രാഹുല്‍ ചോദിച്ചു. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശത്ത് പുറത്ത് നിന്ന് ആരുമില്ല. ഇന്ത്യയുടെ പോസ്റ്റ് ആരും പിടിച്ചെടുത്തിട്ടുമില്ലെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഈ പ്രസ്താവന ചോദ്യം ചെയ്തുക്കൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്.ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ച ചെയ്യുന്നതിനായി വെള്ളിയാഴ്ച വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. പ്രധാനമന്ത്രി ചൈനക്ക് ക്ലീന്‍ചിറ്റ് നല്‍കിയോ എന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവും ചോദിച്ചു. പ്രധാനമന്ത്രി മോദി പറയുന്നു ഇന്ത്യന്‍ പ്രദേശത്ത് വിദേശ (ചൈനീസ്) സാന്നിധ്യമില്ലെന്ന്, ഇത് ശരിയാണെങ്കില്‍, മെയ് 5-6 വരെയുള്ള ബഹളം എന്തായിരുന്നു? ജൂണ്‍ 16-17 തീയതികളില്‍ സൈനികര്‍ തമ്മില്‍ സംഘര്‍ഷം നടന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ഇന്ത്യക്ക് 20 ജീവന്‍ നഷ്ടമായത്?. നിയന്ത്രണ രേഖയില്‍ കടന്നുകയറ്റമോ ലംഘനമോ ഇല്ലായിരുന്നെങ്കില്‍ പിന്നെന്തുക്കൊണ്ട് ഇരുവിഭാഗവും സൈനികരെ വിന്യസിക്കുന്നതിനെ കുറിച്ച് ഇത്രയധികം സംസാരിച്ചത്. പ്രധാനമന്ത്രി മോദി ചൈനക്ക് ക്ലീന്‍ ചിറ്റ് നല്‍കിയോ? അങ്ങനെയാണെങ്കില്‍ ചൈനയുമായി എന്താണ് ചര്‍ച്ച ചെയ്യാനുള്ളത്. മേജര്‍ ജനറല്‍ തലത്തില്‍ എന്തിനെകുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്’ ചിദംബരം ചോദിച്ചു.
വിവാദ ഭൂപട ബില്ലിന് പിന്നാലെ അതിര്‍ത്തിയില്‍
പട്ടാള ക്യാമ്പ് സ്ഥാപിക്കാന്‍ ഒരുങ്ങി നേപ്പാള്‍
കാഠ്മണ്ഡു: ഇന്ത്യയുടെ മേഖലകള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയ പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ല് പാസാക്കിയതിന് പിന്നാലെ കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാന്‍ നേപ്പാള്‍ ഒരുങ്ങുന്നു. ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളാണ് പുതിയ ഭൂപടത്തില്‍ നേപ്പാള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയത്. കാലാപാനി അതിര്‍ത്തി പ്രദേശത്ത് നേപ്പാള്‍ പട്ടാള മേധാവി പൂര്‍ണ ചന്ദ്ര ഥാപ്പ ബുധനാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു. അതിര്‍ത്തിക്കടുത്ത് ഒരു സൈനിക ക്യാമ്പ് സ്ഥാപിക്കാന്‍ പോകുന്നുവെന്ന് നേപ്പാള്‍ വിദേശകാര്യ വകുപ്പ് ഡെപ്യൂപ്പി മേധാവി ഓണ്‍ലൈന്‍ പോര്‍ട്ടലായ ദി പ്രിന്റിനോട് പറഞ്ഞു. ഇപ്പോള്‍ ഇവിടേക്ക് നേരിട്ട് റോഡില്ല. അതിനാല്‍ റോഡ് നിര്‍മിക്കാനുള്ള ചുമതല സൈന്യത്തിന് നല്‍കുന്നു. കലാപാനിക്കടുത്തുള്ള ചാങ്രുവില്‍ ഞങ്ങള്‍ സായുധ പോലീസ് സേനയുടെ അതിര്‍ത്തി പോസ്റ്റ് സ്ഥാപിച്ചുു അദ്ദേഹം പറഞ്ഞു. പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ലിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരിസഭ ഏകകണ്ഠമായാണ് അംഗീകാരം നല്‍കിയത്. 57 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍ ഒറ്റ വോട്ടും എതിരായി വന്നില്ല. അധോസഭയില്‍ 258 എം.പിമാരും ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്തിരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ പാസായതോടെ ഇനി പ്രസിഡന്റിനെ അംഗീകാരം മാത്രമേ ഇതിന് ലഭിക്കേണ്ടതുള്ളൂ. നേപ്പാളിലെ ചൈനീസ് അംബാസിഡര്‍ ഹു യാങ് കിയാണ് നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. മൂന്ന് വര്‍ഷത്തോളം പാകിസ്താനിലുണ്ടായിരുന്ന ഹു നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ വീട്ടിലും ഓഫീസിലും നിത്യസന്ദര്‍ശകന്‍ ആയിരുന്നുവെന്നും രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു.