കേന്ദ്രം പ്രതിരോധത്തില്‍
ന്യൂഡല്‍ഹി: ലഡാക്കില്‍ നിയന്ത്രണ രേഖക്കുസമീപം ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സര്‍വ്വ കക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന വിവാദത്തില്‍. പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളിലെ സത്യാവസ്ത ചോദ്യംചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗന്ധിയും മുന്‍ കേന്ദ്രമന്ത്രി പി ചിദംബരവും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. അതേസമയം ദേശീയത മറയാക്കി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും നടത്തുന്നത്.
വെള്ളിയാഴ്ച ചേര്‍ന്ന വിര്‍ച്വല്‍ സര്‍വ്വ കക്ഷി യോഗത്തില്‍ ഇന്ത്യയിലേക്ക് ചൈനയുടെ ഒരു സൈനികന് പോലും നുഴഞ്ഞു കയറുകയോ ഇന്ത്യയുടെ ഒരു സൈനിക പോസ്റ്റ്പോലും കീഴടക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വാദം സത്യമെങ്കില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത് എവിടെവച്ചാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച പി.ടി.ഐ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് രാഹുല്‍ ട്വിറ്ററിലൂടെ ചോദ്യങ്ങള്‍ ഉന്നയിച്ചത്.
ഇന്ത്യയിലേക്ക് ചൈനീസ് സൈന്യം നുഴഞ്ഞുകയറിയിട്ടില്ലെങ്കില് നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടത് എങ്ങനെയാണെന്നും എവിടെ വച്ചാണെന്നും കേന്ദ്രസര്‍ക്കാര്‍ പറയണം. രാജ്യത്തിന്റെ ഭൂപ്രദേശം മോദി സര്‍ക്കാര്‍ ചൈനക്ക് അടിയറ വച്ചെന്നും രാഹുല്‍ ആരോപിച്ചു. അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി അദ്ദേഹത്തിന്റെ ഓഫീസ് രംഗത്തെത്തി. നിയന്ത്രണ രേഖയോടു ചേര്‍ന്ന് ചൈനയുടെ പ്രദേശത്താണ് അവര്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് ശ്രമിച്ചതെന്നും ഇത് ഇന്ത്യന്‍ സൈന്യം തടയാന്‍ ശ്രമിച്ചതുമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പുതിയ വിശദീകരണം. രാജ്യത്തിന്റെ ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെടുത്തില്ലെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ തന്നെ പ്രധാനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പുതിയ പ്രസ്താവനയും വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ പര്യാപ്തമല്ല. നേരത്തെ സൈന്യം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ പ്രദേശത്ത് ചൈന നിര്‍മാണ പ്രവര്‍ത്തനത്തിന് ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണമെന്നാണ് പറഞ്ഞിരുന്നത്. ഇതോടെ സൈന്യമാണോ പ്രധാനമന്ത്രിയാണോ കള്ളം പറയുന്നതെന്ന ചോദ്യമുന്നയിച്ച് കോണ്‍ഗ്രസ് വീണ്ടും രംഗത്തെത്തി.
സത്യം മറച്ചുപിടിക്കാനാണ് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാറും ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ആരോപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് ഇതിനുള്ള ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗല്‍വാന്‍ താഴ്വരയില് അവകാശം ഉന്നയിച്ച് ചൈന രംഗത്തെത്തിയ കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു. ഗല്‍വാനില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഈ സത്യത്തെ മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ്. എന്തുകൊണ്ടാണ് ചൈനയുടെ നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി പ്രതികരിക്കാത്തത്. പാങോങ് സോ ഏരിയയിലും ചൈന നുഴഞ്ഞുകയറിയിട്ടുണ്ട്. രാജ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം രാജ്യസുരക്ഷയും ദേശീയ ഐക്യവും ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയത്. രാജ്യം മുഴുവന്‍ സര്‍ക്കാറിനൊപ്പം നില്ക്കുമ്പോള് കോണ്‍ഗ്രസ് മാത്രം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എങ്ങനെ, എവിടെനിന്നാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന ചോദ്യം വഴി സൈനികരെ മാനസികമായി ദുര്‍ബലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നായിരുന്നു ബി.ജെ.പി ദേശീയ പ്രസിഡണ്ട് ജെ.പി നദ്ദയുടെ ആരോപണം.
ഏതു സാഹചര്യവും നേരിടാന്‍ ഒരുക്കമെന്ന് വ്യോമസേനാ മേധാവി
ഹൈദരാബാദ്: അതിര്‍ത്തി പ്രശ്നത്തില്‍ ചൈനയുമായി ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഏത് സാഹചര്യത്തേയും നേരിടാന്‍ സൈന്യം സജ്ജമാണെന്നും വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്.കെ.എസ് ബദൗരിയ. ഗല്‍വാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ലഡാക്കില്‍ സന്ദര്‍ശനം നടത്തിയ തിരിച്ചെത്തി ബദൗരിയ ദുണ്ഡിഗലിലെ വ്യോമസേനാ അക്കാദമിയില്‍ പുതിയ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു. ഗല്‍വാനിലെ സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പ്രദേശത്ത് ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യമില്ല. മേഖലയില്‍ ആവശ്യത്തിന് സൈനികരെ വിന്യസിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ അധിക സൈന്യത്തെ വിന്യസിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ബദൗരിയ കൂട്ടിച്ചേര്‍ത്തു.