ഷാര്‍ജ: കോവിഡ് 19ന്റെ നിയന്ത്രണങ്ങളുടെ ഭാഗമായി നാട്ടില്‍ അകപ്പെട്ടു പോയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഗള്‍ഫിലേക്ക് തിരിച്ചെത്താന്‍ എത്രയും പെട്ടെന്ന് കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ട് ഇന്‍കാസ് യുഎഇ ആക്ടിംഗ് പ്രസിഡണ്ട് ടി.എ രവീന്ദ്രന്‍, ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ പ്രധാനമന്ത്രിക്കും വിദേശ കാര്യ മന്ത്രിക്കും നിവേദനം നല്‍കി. കോവിഡ് ദുരന്തം മൂലം ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. യാത്രാ നിയന്ത്രണം മൂലം നാട്ടിലുള്ള പ്രവാസികള്‍ക്ക് തിരിച്ചെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ക്കും ജോലി നഷ്ടപ്പെടാനുള്ള സാധ്യതയേറുകയാണ്.
സ്ഥിര വിമാനങ്ങളോ ചാര്‍ട്ടേഡ് വിമാനങ്ങളോ ഏര്‍പ്പെടുത്തി പ്രവാസികളെ ഗള്‍ഫില്‍ തിരിച്ചെത്തിച്ച് തൊഴില്‍ സുരക്ഷ ഉറപ്പു വരുത്തേണ്ടത് കേന്ദ്ര, കേരള സര്‍ക്കാറുകളുടെ ഉത്തരവാദിത്തമാണെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. യുഎഇ സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേമായി വിദേശികള്‍ക്ക് തിരിച്ചെത്താന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍, ഭാരത സര്‍ക്കാര്‍ വിഷയത്തില്‍ അമാന്തം കാണിക്കരുതെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. നാട്ടിലകപ്പെട്ട വിദ്യാര്‍ത്ഥികളെയും തിരിച്ചെത്തിച്ച് വിദ്യാഭ്യാസം തുടരുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കമെന്നും അഭ്യര്‍ത്ഥിച്ചു.
സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത്, കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാര്‍ എന്നിവരോട് കാര്യക്ഷമമായ ഇടപെടല്‍ നടത്തണമെന്നും ഇന്‍കാസ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.