ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആദ്യദിനം ദര്‍ശനം നടത്തിയത് 88 പേര്‍

ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനായി സാമൂഹിക അകലം പാലിച്ച് വരി നില്‍ക്കുന്ന ഭക്തര്‍

ഗുരുവായൂര്‍: ലോക്ക് ഡൗണ്‍ ഇളവുകള്‍ വരുത്തിയതിന് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ആരംഭിച്ച ആദ്യ ദിവസം ദര്‍ശനത്തിനെത്തിയത് 88 പേര്‍. 310 പേര്‍ക്ക് ടോക്കണ്‍ അനുവദിച്ചിരുന്നതില്‍ 88 പേര്‍ മാത്രമാണ് ദര്‍ശനത്തിന് എത്തിയത്. ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചു. കോവിഡ് സുരക്ഷാ ക്രമീകരണങ്ങളോടെ രണ്ട് മിനിറ്റ് ഇടവേളകളിലായി മൂന്ന് പേരെ വീതമാണ് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത്. ബുധനാഴ്ച 153 പേര്‍ക്കാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശന ടോക്കന്‍ ഗുരുവായൂര്‍ ദേവസ്വം അനുവദിച്ചിട്ടുള്ളത്. ടോക്കണുമായി വരുന്നവര്‍ക്ക് കിഴക്കേ നടയിലെ ക്യൂ കോംപ്ലസ് വഴി നടയിലേക്ക് പ്രവേശിക്കാം. ബാഗ്, ചെരുപ്പ്, മൊബൈല്‍ എന്നിവ അനുവദനീയമല്ല. വ്യാഴാഴ്ച കൂടുതല്‍ ആളുകള്‍ ദര്‍ശനത്തിന് എത്തുമെന്നാണ് കരുതുന്നതെന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എസ്. വി ശിശിര്‍ പറഞ്ഞു.