എംബസി വഴി ഭാഗ്യം ലഭിക്കുന്ന വിദേശികള്‍ക്കും അവസരം; ഹജ്ജിന് 10,000 പേര്‍ മാത്രം: സഊദി

  120

  അഷ്‌റഫ് വേങ്ങാട്ട്

  റിയാദ്: ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിന് ഭാഗ്യം ലഭിക്കുന്നവര്‍ രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ 10,000 പേര്‍ക്ക് മാത്രമായിരിക്കുമെന്ന് സഊദി ഹജ്ജ് കാര്യ മന്ത്രി മുഹമ്മദ് സാലിഹ് ബന്ദന്‍ റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
  ലോകത്ത് കോവിഡ് 19 വ്യാപിച്ച പശ്ചാത്തലത്തിലാണ് ഹജ്ജ് കര്‍മത്തെ കുറിച്ചുള്ള നിര്‍ണായക തീരുമാനം മന്ത്രാലയം കൈക്കൊണ്ടതെന്ന് മന്ത്രി പറഞ്ഞു. സഊദി പൗരന്മാര്‍ക്കൊപ്പം പരിമിതമായ വിദേശികളെ തെരഞ്ഞെടുക്കുന്നത് അതത് രാജ്യങ്ങളുടെ എംബസികള്‍ മുഖേനയായിരിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി. 65 വയസിന് താഴെയുള്ളവര്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതി ലഭിക്കുകയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സഊദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ പറഞ്ഞു.
  ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മം നിയന്ത്രിക്കാന്‍ നിര്‍ബന്ധിതരായത്. ആഗോള ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് ചരിത്ര തീരുമാനം. ലോകമെങ്ങും കോവിഡ് 19 പടര്‍ന്നു പിടിച്ച അവസ്ഥയില്‍ മനുഷ്യ സാഗരമാകുന്ന വിശുദ്ധ ഹജ്ജിന്റെ കര്‍മങ്ങള്‍ സാമൂഹിക അകലം പാലിച്ച് നിര്‍വഹിക്കല്‍ അസാധ്യമാണ്. ലോക മുസ്‌ലിംകള്‍ക്ക് പുണ്യ കര്‍മങ്ങള്‍ ഭദ്രതയോടെയും സുരക്ഷിതമായും നിര്‍വഹിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹജ്ജ് മന്ത്രിയും ആരോഗ്യമന്ത്രിയും വ്യക്തമാക്കി.
  ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 പ്രൊട്ടോകോള്‍ പൂര്‍ണമായും പാലിച്ചായിരിക്കും ഹജ്ജ് കര്‍മങ്ങള്‍ നടക്കുക. കോവിഡ് പരിശോധനയില്‍ നെഗറ്റീവായവര്‍ക്ക് മാത്രമേ ഹജ്ജിന് അനുമതി ലഭിക്കൂ. സമ്പര്‍ക്കം ഒഴിവാക്കിയുള്ള രീതിയിലായിരിക്കും ഹജ്ജിന്റെ കര്‍മങ്ങള്‍ ചെയ്യാന്‍ തീര്‍ത്ഥാടകരെ അനുവദിക്കുക. ഹാജിമാരുടെ ആരോഗ്യ പുരോഗതി എല്ലാ ദിവസവും പരിശോധിക്കുമെന്നും ഹജ്ജ് കഴിയുന്നതോടെ ഹാജിമാര്‍ മുഴുവന്‍ പേരും ഹോം ക്വാറന്റീനില്‍ തുടരണമെന്ന നിബന്ധന ഏര്‍പ്പെടുത്തുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.
  സ്വദേശികളും അവസരം ലഭിക്കുന്ന വളരെ പരിമിതമായ വിദേശികളും ആരോഗ്യ മന്ത്രാലയം നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. സാമൂഹിക അകലവും മുന്‍കരുതലുകളും പാലിച്ച് മന്ത്രാലയത്തിന്റെ പ്രൊട്ടോകോള്‍ അനുസരിച്ചാവണം വിശുദ്ധ കര്‍മം പൂര്‍ത്തിയാക്കേണ്ടത്. ലോകമെങ്ങും കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കണിശമായ നിയന്ത്രണത്തിലൂടെ ഇക്കൊല്ലത്തോടെ വിശുദ്ധ ഹജ്ജ് കര്‍മം നടത്താന്‍ തീരുമാനിച്ചത്. പുണ്യ നഗരങ്ങളില്‍ കോവിഡ് 19 പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തി പൂര്‍ണമായും കോവിഡ് മുക്തമാവാനുള്ള വ്യവസ്ഥാപിത ശ്രമങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് ഊര്‍ജിതമായി നടന്നു വരികയാണ്.
  വിശ്വാസി സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയുള്ള മന്ത്രാലയ തീരുമാനത്തിന് സഊദിയിലെ ഉന്നത പണ്ഡിത സഭ നേരത്തെ അനുമതി നല്‍കിയിരുന്നു. അതോടൊപ്പം, സഊദി തീരുമാനത്തെ ലോകത്തെ വിവിധ പണ്ഡിതരും ഇസ്‌ലാമിക-മുസ്‌ലിം സംഘടനകളും സ്വാഗതം ചെയ്തിട്ടുണ്ട്. ശരീഅത്തിന് അനുസൃതമായുള്ള ബുദ്ധിപൂര്‍വകമായ തീരുമാനമാണിതെന്ന് ഈജിപ്തിലെ അല്‍ അസ്ഹര്‍ ഇമാം ശൈഖ് അഹ് മദ് അല്‍ത്വയ്യിബ് പറഞ്ഞു. ഈ വര്‍ഷത്തെ ഹജിന് സഊദി സര്‍ക്കാര്‍ കൈക്കൊള്ളുന്ന മുന്‍കരുതലിനെ മുസ്‌ലിം വേള്‍ഡ് ലീഗിന് കീഴിലുള്ള പണ്ഡിത സമിതിയും പിന്തുണച്ചു. സഊദി സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ലോകത്തെ മുതിര്‍ന്ന പണ്ഡിതന്മാരുമായും മുഫ്തികളുമായും ബന്ധപ്പെട്ടുവെന്നും മുസ്‌ലിം വേള്‍ഡ് ലീഗ് പ്രസ്താവനയില്‍ പറഞ്ഞു.