വീടുകള്‍ക്ക് വിള്ളല്‍; കൊളമലയിലെ ക്വാറിക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

ഭീതിയുടെ മുഴക്കം.... കട്ടിപ്പാറ പഞ്ചായത്തിലെ കൊളമലയിലുള്ള ക്വാറിയുടെ പ്രവര്‍ത്തനം നാട്ടുകാര്‍ തടഞ്ഞപ്പോള്‍

താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ കൊളമലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിക്കും ക്രഷര്‍ യൂണിറ്റിനുമെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. ക്വാറിയിലെ ഉഗ്രസ്‌ഫോടനത്തില്‍ പ്രദേശത്തെ നിരവധി വീടുകള്‍ക്കാണ് വിള്ളലുണ്ടായത്. ഇതോടെ നാട്ടുകാര്‍ ക്വാറിയിലെത്തി സ്‌ഫോടനം നിര്‍ത്തിവെക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. കൊളമലയുടെ താഴ്‌വാരത്തുള്ള കേളന്‍ മൂല, മാക്കുനി, വെണ്ടേക്കുംചാല്‍, പൂലോട്, വേനക്കാവ്, കൊളക്കാട്ടുകുഴി എന്നിവിടങ്ങളിലെ ആയിരത്തോളം കുടുംബങ്ങള്‍ക്കാണ് ക്വാറി ഭീഷണി ഉയര്‍ത്തുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന സ്‌ഫോടനത്തില്‍ വീടുകള്‍ക്ക് കേടുപാടുണ്ടായി. ക്വാറി മാലിന്യങ്ങള്‍ ഒലിച്ചിറങ്ങി ജലസ്രോതസ്സുകളും കൃഷിയിടങ്ങളും മലിനമാകുന്നതും പതിവാണ്. വേനലില്‍ കടുത്ത കുടിവെള്ള ക്ഷാമവും നേരിടുന്നുണ്ട്.
ക്രഷറില്‍ നിന്നുള്ള പൊടിപടലങ്ങള്‍ മൂലം അന്തരീക്ഷ മലിനീകരണവും അലര്‍ജി രോഗങ്ങളുണ്ടാവുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള കൊളമലയില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തിയാണ് ക്വാറി മാഫിയയുടെ പ്രവര്‍ത്തനം. പശ്ചിമഘട്ടത്തില്‍പ്പെട്ട വയനാടന്‍ മലനിരകളോട് ചേര്‍ന്നു കിടക്കുന്ന പ്രദേശം കൂടിയാണിത്. സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഖനനം നടത്തുന്നത്. . മഴ ശക്തമാകുന്നതോടെ നിരോധനം മുന്നില്‍ക്കണ്ട് പരമാവധി ലോഡുകള്‍ ശേഖരിക്കാനാണ് നീക്കം. വനമേഖലയിലെ അനധികൃത ഖനനത്തിന് പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
12 വര്‍ഷം മുമ്പ് ചെറിയ രീതിയില്‍ ആരംഭിച്ച ക്വാറി ഇപ്പോള്‍ കൂടുതല്‍ സ്ഥലമേറ്റെടുത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. പ്രദേശത്തെ 30 ഏക്കര്‍ സ്ഥലം ഇവര്‍ സ്വന്തമാക്കികഴിഞ്ഞു. മഴക്കാലത്തുപോലും നടക്കുന്ന ഖനനം പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കും ആഘാതമേല്‍പ്പിച്ചിട്ടുണ്ട്. മഴ കനക്കുന്നതോടെ ഉരുള്‍പൊട്ടല്‍ അടക്കമുള്ള ദുരന്തങ്ങളുണ്ടാകുമെന്നാണ് ആശങ്ക. രണ്ടു വര്‍ഷം മുമ്പ് തൊട്ടടുത്ത കരിഞ്ചോല മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേരുടെ ജീവനാണ് പൊലിഞ്ഞത്. ക്വാറിയിലെ നിരന്തര സ്‌ഫോടനങ്ങള്‍ മൂലം കരിഞ്ചോല ആവര്‍ത്തിക്കുമോയെന്ന ആശങ്കയിലാണ് കൊളമലയുടെ താഴ് വാരത്തുള്ളവര്‍. ജീവന്‍ പണയംവെച്ചാണ് ഓരോ ദിവസവും ഇവര്‍ ജീവിതം തള്ളിനീക്കുന്നത്.
സ്വന്തം കിടപ്പാടത്തിന് ഭീഷണിയാകുന്ന ക്വാറിക്കെതിരെ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. കൊടുവള്ളി നഗരസഭയിലെ എല്‍.ഡി.എഫ് കൗണ്‍സിലറുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണ് ക്വാറിയും ക്രഷര്‍ യൂണിറ്റും. പഞ്ചായത്തിന്റെ അടക്കം എല്ലാ ലൈസന്‍സും ക്വാറിക്കുണ്ടെന്നാണ് ഉടമകളുടെ വാദം. എന്നാല്‍ വനവുമായി അതിര്‍ത്തി പങ്കിടുന്ന ക്വാറിക്ക് എങ്ങനെ അനുമതി ലഭിച്ചെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.