ഹൈദരലി തങ്ങളെ കലക്ടര്‍ സന്ദര്‍ശിച്ചു

പാണക്കാട് ദാറുന്നഈമിലെത്തിയ പുതിയ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഐ. എ.എസിനെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ബൊക്ക നല്‍കി സ്വീകരിക്കുന്നു

മലപ്പുറം: പുതുതായി ചുമതലയേറ്റ മലപ്പുറം ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഐ. എ.എസ് മുസ്‌ലിംലീഗ് സംസ്ഥാ ന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകീട്ട് ആറരയോടെയാണ് ഹൈദരലി തങ്ങളുടെ വസതിയില്‍ കലക്ടര്‍ എത്തിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ച് ആംബുലന്‍സുകള്‍ ഉള്‍പ്പെടെ വിട്ടുനല്‍കിയ മുസ്‌ലിംലീഗിന്റെ ജീവകാരുണ്യ, സന്നദ്ധ സേവനത്തെക്കുറിച്ചും സംസാരിച്ചു.
മലപ്പുറത്ത് ജോലി ചെയ്ത ഉദ്യോഗസ്ഥരെല്ലാം നിറഞ്ഞ മനസോടെയാണ് ഇവിടെനിന്ന് യാത്രയായിട്ടുള്ളത്. ചിലരൊക്കെ ഈ നാട്ടില്‍ത്തന്നെ തുടര്‍ന്നുള്ള ജീവിതവും ചെലവഴിക്കാന്‍ തീരുമാനിച്ചു. പുറത്തുനിന്ന് പലരും പറഞ്ഞുകേള്‍ക്കുന്ന അപഖ്യാതികളും ദുരാരോപണങ്ങളുമെല്ലാം വെറും പൊള്ളയാണെന്ന് അവര്‍ അറിഞ്ഞു. മലപ്പുറം നന്മയുടെ നാടാണ്. മതസാഹോദര്യത്തിന്റെ മണ്ണാണ്. വികസനത്തിനും സൗഹാര്‍ദത്തിനും ഊന്നല്‍ നല്‍കിയാണ് ജില്ല മുന്നോട്ടുപോകുന്നത്. മലപ്പുറത്തിന്റെ നന്മകള്‍ അറിയാനും നാടിനു വേണ്ടി നല്ലതു ചെയ്യാനും സാധിക്കട്ടെ എന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ ആശംസിച്ചു.