ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് (ഐഎഎസ്) വേണ്ടി ആദ്യ 5 വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ സ്മാര്‍ട്ട് ട്രാവലിന് അനുമതി ലഭിച്ചതായി മാനേജിംഗ് ഡയറക്ടര്‍ അഫി അഹ്മദ് അറിയിച്ചു. ഐഎഎസിന് ലഭിച്ച നിരവധി പ്രപോസലുകളില് ഏറ്റവും ചുരുങ്ങിയ നിരക്കാണ് സ്മാര്‍ട്ട് ട്രാവല്‍ സമര്‍പ്പിച്ചിരുന്നത്. വരുംദിവസങ്ങളില്‍ വിമാനങ്ങളുടെ സമയവും മറ്റു വിവരങ്ങളും ഐഎഎസ് പ്രഖ്യാപിക്കും. ആദ്യ അഞ്ച് വിമാനങ്ങള്‍ യഥാക്രമം കൊച്ചിയിലേക്ക് രണ്ടും; കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോന്ന് വീതവുമാണ് ചാര്‍ട്ടര്‍ ചെയ്യുന്നത്.
യുഎഇയിലെ നിരവധി സംഘടനകള്‍ക്കും കൂട്ടായ്മകളും വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും വരു ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമാകുമെന്നും അഫി അഹ്മദ് പറഞ്ഞു. ഐഎഎസിനെ കൂടാതെ, മര്‍കസ് അലൂംനി, കെഇഎസ്എഫ്, പയ്യന്നൂര്‍ കെഎംസിസി, പിആര്‍ഒ അസോസിയേഷന്, എംഡിഎഫ്, അക്കാഫ്, പയ്യന്നൂര്‍ സൗഹൃദ വേദി തുടങ്ങിയ നിരവധി കൂട്ടായ്മകള്‍ക്കും സംഘടനകള്‍ക്കും വേണ്ടി സ്മാര്‍ട്ട് ട്രാവല്‍ ഏര്‍പ്പെടുത്തുന്ന വിമാനങ്ങള്‍ അടുത്ത ദിവസങ്ങളിലായി കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് പറക്കും. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടവരെ തെരഞ്ഞടുക്കുന്നത് അതത് സംഘടനകളാണെന്നും അവര്‍ക്ക് വേണ്ടി വിമാനങ്ങളും അനുബന്ധ സൗകര്യങ്ങളും ഏര്പ്പെടുത്തിക്കൊടുക്കുകയാണ് തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനമെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളെ സമീപിക്കുന്ന കൂട്ടായ്മകള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്ക് നല്‍കുന്നതോടെ പ്രവാസികളില്‍ വിഷമം അനുഭവിക്കുന്നവര്‍ക്ക് പരോക്ഷമായ സഹായമാണ് ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ തങ്ങള്‍ നല്കുന്ന ആനുകൂല്യം നിര്‍ബന്ധമായും യാത്ര ചെയ്യുന്നവര്‍ക്ക് ലഭിക്കണം. ഐഎഎസ് ഇതിന് ഏറ്റവും വലിയ മാതൃകയാണ്. അവര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിരക്ക് ഇതിന് തെളിവാണെന്നും അഫി അഹ്മദ് ചൂണ്ടിക്കാട്ടി.
സംഘടനകള്‍ക്ക് പുറമെ, സ്മാര്‍ട്ട് ട്രാവല്‍ നേരിട്ട് ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനങ്ങളിലേക്കുള്ള ബുക്കിംഗുകളും ആരംഭിച്ചിട്ടുണ്ട്. 1,000 ദിര്‍ഹമിന് താഴെയാണ് നിരക്ക്. അല്‍മദീന ഗ്രൂപ്പിന് വേണ്ടി കഴിഞ്ഞ ആഴ്ച രണ്ട് വിമാനങ്ങള്‍ സ്മാര്‍ട്ട് ട്രാവല്‍ ഓപറേറ്റ് ചെയ്തിരുന്നു. ഈ സ്ഥാപനത്തിലെ ജീവനക്കാരും അവരുടെ കുടുംബങ്ങളുമടക്കം 389 യാത്രക്കാരാണ് നാടണഞ്ഞത്. ഇവരുടെയെല്ലാം കോവിഡ് ടെസ്റ്റും നെഗറ്റീവ് ആയിരുന്നു. കണ്ണൂരിലേക്കും കോഴിക്കോട്ടേക്കുമാണ് ഈ രണ്ട് വിമാനങ്ങളും സര്‍വീസ് നടത്തിയത്. ഇതില്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ഫ്ളൈ ദുബൈ നടത്തിയത് കന്നി യാത്ര കൂടിയായിരുന്നു. കണ്ണൂര്‍ എയര്‍ പോര്‍ട്ട് അധികൃതര്‍ വാട്ടര്‍ സല്യൂട്ടോടെ വന്‍ സ്വീകരണമാണ് നല്‍കിയത്. സ്മാര്‍ട്ട് ട്രാവലിന്റെ ഇടപെടലോടെ പ്രവാസികളുടെ തിരിച്ചുവരവിന്റെ പേരില്‍ ഉണ്ടായേക്കാവുന്ന അമിത ടിക്കറ്റ് നിരക്കിന് തടയിടാന്‍ സാധിച്ചെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും അഫി അഹ്മദ് അവകാശപ്പെട്ടു.