ഗഫൂര്‍ ബേക്കല്‍
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജയും കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനം പറത്താന്‍ ഒരുങ്ങുന്നു. ഇതിനാവശ്യമായ അനുമതി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ചതായി ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ജന.സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു.
പ്രാഥമിക ഘട്ടത്തില്‍ അഞ്ചു ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ പറത്താനാണ് അനുമതി പത്രം നല്‍കിയിരിക്കുന്നത്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളെ ആശ്രയിക്കുന്നവര്‍ക്കും യാത്രക്ക് അവസരമൊരുക്കും വിധത്തില്‍ വിമാന യാത്ര ക്രമീകരിക്കാനാണ് ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ശ്രമിക്കുന്നത്. ഇതിന് നാട്ടിലെ ക്വാറന്റീന് സൗകര്യങ്ങളുടെ ക്രമീകരണവും കണക്കിലെടുക്കേണ്ടതുണ്ട്.
ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജയുടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ പുറപ്പെടുക. ഇതിനായി എയര്‍ അറേബ്യ ഉള്‍പ്പെടയുള്ള വിമാന കമ്പനികളുമായി ചര്‍ച്ച നടന്നു വരികയാണ്. കോവിഡ് 19 പ്രതിസന്ധിയില്‍ പെട്ട് വലയുന്ന നിരവധി മലയാളികള്‍ക്ക് ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജയുടെ വിമാന സര്‍വീസ് ഉപകാരപ്രദമാകും. നേരത്തെ, യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി മുന്‍കയ്യെടുത്ത് ഷാര്‍ജ-അഴീക്കോട് മണ്ഡലം കെഎംസിസിയാണ് ഈ പ്രതിസന്ധി കാലത്ത് ആദ്യമായി കേരളത്തിലേക്ക് യുഎഇയില്‍ നിന്നും ചാര്‍ട്ടേര്‍ഡ് വിമാനം പറത്തിയത്. വിവിധ ദിവസങ്ങളിലായി കെഎംസിസിയുടെ വിവിധ ഘടകങ്ങളും ചാര്‍ട്ടേര്‍ഡ് വിമാനം സംവിധാനിച്ചിട്ടുണ്ട്.