ഇടയിലെക്കാട് മുനമ്പില്‍ കുരുന്നുകളുടെ ഹരിതവല്‍ക്കരണം

കവ്വായി കായലോരത്ത് കണ്ടല്‍ ചെടികളുമായി കുരുന്നുകള്‍

തൃക്കരിപ്പൂര്‍: ഹരിതവല്‍ക്കരണം തുടര്‍ പ്രവര്‍ത്തനമാക്കി ഇടയിലെക്കാട്ടെ കുരുന്നുകള്‍. പത്തുവര്‍ഷം മുമ്പ് കണ്ടല്‍ ചെടികളും ഔഷധചെടികളും വച്ചുപിടിപ്പിച്ച് പച്ചപ്പണിയിച്ച ഇടയിലെക്കാട് മുനമ്പില്‍ കുരുന്നുകളുടെ രണ്ടാം ഹരിതവല്‍ക്കരണത്തിന് തുടക്കമായി. ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിലാണ് പരിസ്ഥിതി ദിനത്തില്‍ തെക്കെ മുനമ്പില്‍ കായലില്‍ കണ്ടല്‍ച്ചെടികളും കരയില്‍ ഫലവൃക്ഷത്തൈകളും നട്ട് ഹരിതോത്സവത്തിന് ആരംഭം കുറിച്ചത്.
2010ലെ പരിസ്ഥിതി ദിനത്തില്‍ ഈ മുനമ്പില്‍ കുട്ടികള്‍ ഹരിതവല്‍ക്കരണം നടത്തിയിരുന്നു. ഇതില്‍ പച്ചപ്പില്ലാത്ത ഭാഗത്താണ് ഇക്കുറി മരത്തൈകളും ഭ്രാന്തന്‍ കണ്ടല്‍ വിത്തുകളും നട്ടത്. പ്രകൃതിയെ സ്‌നേഹിക്കുന്ന നിരവധി പേരാണ് കായലിലേക്ക് തള്ളിനില്‍ക്കുന്ന, സൗന്ദര്യം തുളുമ്പുന്ന ഈ മുനമ്പിന്റെ ഭംഗി ആവോളം നുകരാനെത്തുന്നത്. കുട്ടികള്‍ ഹരിതകാന്തി തീര്‍ത്തതോടെയാണ് മുനമ്പിന്റെ സൗന്ദര്യമിരട്ടിച്ചത്.
കവ്വായിക്കായലില്‍ ഇടയിലെക്കാടിന്റെ തീരങ്ങളില്‍ ആയിരത്തോളം കണ്ടലുകള്‍ വെച്ചുപിടിപ്പിച്ച് ശ്രദ്ധേയനായ ഡി നിതിന്‍ ഹരിതോത്സവം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ആനന്ദ് പേക്കടം മുഖ്യാതിഥിയായിരുന്നു. ഗ്രന്ഥാലയം പ്രസിഡന്റ് പിവി പ്രഭാകരന്‍ അധ്യക്ഷനായി. എസ് തോമസ്, എം മോഹനന്‍, കെവി സുജീഷ്, കെവി ആരതി, എം. നിഖില, ഗ്രന്ഥാലയം സെക്രട്ടറി പി വേണുഗോപാലന്‍ സംസാരിച്ചു. പരിസ്ഥിതി ക്വിസ് മത്സരവും നടന്നു.