
ദുബൈ: വിസിറ്റ് വിസയിലെത്തി അല്‍ ഐനില്‍ കുടുങ്ങിയ ആലത്തൂര്‍ സ്വദേശികളായ ഹരി ജയകൃഷ്ണനും ധര്‍മദാസും ഇന്‍കാസ് ദുബൈ-തൃശൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ സൗജന്യ ടിക്കറ്റില്‍ നാട്ടിലെത്തി.
കൊറോണ പടരും മുന്‍പേ വിസിറ്റ് വിസയില്‍ ജോലി തേടി എത്തിയവരാണ് ഇരുവരും. ഇവിടെ എത്തിയ ശേഷം സാഹചര്യങ്ങള്‍ മാറിമറിഞ്ഞു. ജോലി അന്വേഷിക്കാനുള്ള സാധ്യതകള്‍ മങ്ങി. ഏജന്റിന്റെ സുഹൃത്ത് താത്കാലിക വാസത്തിന് ഒരുക്കിയ ആസ്ബസ്‌റ്റോസ് കൂരയിലാണ് അവര്‍ താമസിച്ചു വന്നിരുന്നത്.
ഇന്‍കാസ് ദുബൈ-തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് വിവരം കിട്ടിയ ഉടന്‍ അവരെ അന്വേഷിച്ചു കണ്ടെത്തി. മുന്നൂറോളം കിലോമീറ്റര്‍ താണ്ടി അവരുടെ അടുത്തെത്തി ഭക്ഷണ സാധനങ്ങളും മരുന്നുകളും മറ്റവശ്യ വസ്തുക്കളും എത്തിച്ചു നല്‍കി. കൂടാതെ, ഗ്യാസ് കണക്ഷനും മറ്റു അടിസ്ഥാന സൗകര്യങ്ങളും തയാറാക്കി നല്‍കുകയും ചെയ്തു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെട്ട് യാത്രാരേഖകള്‍ ശരിയായി കിട്ടിയതോടെ രണ്ടു പേര്‍ക്കുമുള്ള ടിക്കറ്റുകളും തൃശ്ശൂര്‍ ജില്ലാ ഇന്‍കാസ് സൗജന്യമായി തന്നെ നല്‍കി. വളരെ സന്തോഷവും ആഹ്‌ളാദവും പങ്കു വെച്ച് അവര്‍ യാത്ര തിരിച്ചു.
ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്‍.പി രാമചന്ദ്രന്‍, ദുബൈ-തൃശൂര്‍ ജില്ലാ പ്രസിഡന്റ് ബി.പവിത്രന്‍, ജന.സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി, ട്രഷറര്‍ ഫിറോസ് മുഹമ്മദലി, ഭാരവാഹികളായ മുനീര്‍ എടശ്ശേരി, ഷാജഹാന്‍ സുല്‍ത്താന്‍, സുധീര്‍ സലാഹു, ഷാബു തോമസ്, റാഫി കോമലത്ത്, പി.എം അബ്ദുല്‍ ജലീല്‍ തുടങ്ങിയവര്‍ എയര്‍പോര്‍ട്ടിലെത്തി അവരെ യാത്രയാക്കി.