അബുദാബി/ന്യൂഡല്‍ഹി: കോവിഡ് 19 രോഗ ബാധിതരുടെ അന്താരാഷ്ട്ര പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തെത്തി. നാലു ദിവസം മുന്‍പ് 12-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ അതിവേഗമാണ് ഏഴാം സ്ഥാനത്തെത്തിയത്.
അമേരിക്ക, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, ഇംഗ്‌ളണ്ട്, ഇറ്റലി എന്നീ രാജ്യങ്ങളാണ് ഇന്ത്യയുടെ മുന്നിലുള്ളത്. ഏറെ ആശങ്കയും ഭീതിയും പരത്തിയ ഫ്രാന്‍സ് ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്. അതേസമയം, ഇരു രാജ്യങ്ങളിലെയും മരണ സംഖ്യയില്‍ വലിയ അന്തരമുണ്ട്. ഫ്രാന്‍സില്‍ 28,802 പേരാണ് മരിച്ചത്. രോഗികളുടെ എണ്ണത്തില്‍ 2,723 പേരുടെ വ്യത്യാസമാണുള്ളത്.
എന്നാല്‍, ഇന്ത്യയിലെ കൊറോണ ബാധിതരുടെ അതിവേഗത്തിലുള്ള വര്‍ധനയെ ഇന്ത്യ മാത്രമല്ല, ലോക രാജ്യങ്ങള്‍ തന്നെ ഏറെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം തിങ്കളാഴ്ച 191,605 ആയാണ് ഉയര്‍ന്നത്. ഇതു വരെ 5,415 പേരാണ് ഇന്ത്യയില്‍ മരിച്ചത്. 996 പുതിയ കേസുകളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
വിവിധ രാജ്യങ്ങളിലായി ഇതു വരെ 6,296,180 പേര്‍ക്കാണ് കൊറോണ ബാധിച്ചിട്ടുള്ളത്. 374,545 പേര്‍ ഇതിനകം മരിച്ചു. ഉത്ഭവ കേന്ദ്രമെന്ന് വിശേഷിപ്പിക്കുന്ന ചൈന ഇപ്പോള്‍ അന്താരാഷ്ട്ര കോവിഡ് 19 പട്ടികയില്‍ 17-ാം സ്ഥാനത്താണുള്ളത്. ഇവിടെ ആകെ രോഗികളുടെ എണ്ണം 83,017ആണ്. 4,634 പേരാണ് ചൈനയില്‍ മരിച്ചത്.