ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ 9,983 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ് ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 2.56 ലക്ഷം കടന്നു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായ ആറാം ദിവസമാണ് രാജ്യത്ത് 9000 ത്തില്‍ അധികം കേസുകള്‍ രേഖപ്പെടുത്തുന്നത്. തുടര്‍ച്ചയായി കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടെ രാജ്യത്ത് മൊത്തം കോവിഡ് ബാധിതര്‍ 2,56,611 ആയി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 24 മണിക്കൂറിനിടയില്‍ 206 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണങ്ങള് 7,135 ആയി ഉയര്‍ന്നു. 1,25,381 ആക്ടീവ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. 1,24,094 പേര് രോഗമുക്തരായി. മഹാരാഷ്ട്രയിലാണ് വ്യാപനം ഏറ്റവും രൂക്ഷം. സംസ്ഥാനത്ത് 87,975 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 3060 പേര് മരിച്ചു. നിലവില്‍ 44,261 പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളത്. 32,000 ത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തമിഴ്നാടാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമത്. 275 മരണങ്ങളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹി 27,654, ഗുജറാത്ത് 20,070, ഉത്തര്‍പ്രദേശ് 10,536, രാജസ്ഥാന് 10,599 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിലവിലെ കേസുകള്‍.
ചികിത്സയിലുള്ളത് 1174 പേര്
സംസ്ഥാനത്ത് 16-ാം കോവിഡ് മരണം
മരിച്ചത് തൃശൂരില്‍ ചികിത്സയിലായിരുന്ന 41 കാരന്
ഇന്നലെ 91 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് 16-ാം കോവിഡ് മരണവും 91 പേര്‍ക്ക് രോഗസ്ഥിരീകരണവും. കോവിഡ് സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) ആണ് മരണമടഞ്ഞത്. മേയ് 16 ന് മാലിദ്വീപില്‍ നിന്നുമെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസവുമുണ്ടായിരുന്നു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നും ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 73 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 15 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 11 പേരുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവ് ആയി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, പാലക്കാട്, വയനാട്, കണ്ണൂര്‍ (കാസര്‍ഗോഡ് സ്വദേശികള്‍) ജില്ലകളില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇന്നലെ പുതുതായി 6 ഹോട്ട് സ്പോട്ടുകളാണുള്ളത്. ഷൊര്‍ണൂര്‍, മൂര്‍ക്കനാട്, കുറുവ, കല്‍പ്പകഞ്ചേരി, എടപ്പാള്‍, വട്ടംകുളം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്നുപേര്‍ക്ക് കോവിഡ്, ഓഫീസ് അടച്ചു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ഓഫീസിലെ മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഓഫീസ് അടച്ച് ഇവരെ ക്വാറന്റീനിലാക്കി. ഇതിനുപുറമെ തമിഴ്നാട് സെക്രട്ടേറിയേറ്റിലെ 40 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നൈയിലെ പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം കോവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞു. കോടതി നടപടികള്‍ വീണ്ടും ആരംഭിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തമിഴ്നാട്ടില്‍ രോഗവ്യാപനം തീവ്രമായ സാഹചര്യത്തിലേക്ക് പോകുന്ന അവസ്ഥയെ തുടര്‍ന്ന് ആരാധനാലയങ്ങള്‍ തുറന്നിട്ടില്ല. എന്നാല്‍ റസ്റ്റാറന്റുകളില്‍ ആളുകള്‍ ഭക്ഷണം ഇരുന്ന് കഴിക്കുന്ന സാഹചര്യമുണ്ട്. നിലവില്‍ 31,000 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്.