ഇന്നലെ രോഗം സ്ഥിരീകരിച്ചത് 11,500 പേര്‍ക്ക്
ന്യൂഡല്‍ഹി: ആശങ്കകള്‍ക്ക് കനം നല്കി രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിച്ചു ചാട്ടം. 24 മണിക്കൂറിനിടെ 11,500 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.32 ലക്ഷം ആയി ഉയര്‍ന്നു. രാജ്യത്തെ കോവിഡ് മരണസംഖ്യയും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 320 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 9,500 കടന്നിട്ടുണ്ട്. നിലവിലെ രീതി തുടര്‍ന്നാല്‍ ഇന്നോ നാളെയോ കോവിഡ് മരണ നിരക്ക് 10,000 കടക്കുമെന്നാണ് സൂചന.
1.7ലക്ഷം പേരാണ് കോവിഡില്‍നിന്ന് മുക്തി നേടിയത്. ഒന്നര ലക്ഷത്തോളം പേര് നിലവില്‍ ചികിത്സയിലുണ്ട്. ലക്ഷത്തിലധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. അ ര ലക്ഷത്തിനടുത്ത് രോഗികളുള്ള തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. ഡല്‍ഹി, ഗുജറാത്ത്, യു.പി, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമാണ്. രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ഡല്‍ഹിയില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിരുന്നു. ആസ്പത്രി ബെഡുകളും ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിക്കാനും സാമൂഹ്യവ്യാപനം കണ്ടെത്തുന്നതിനായി രോഗ നിര്‍ണയ പരിശോധനകളുടെ എണ്ണം കൂട്ടാനും യോഗത്തില്‍ ധാരണയായി. മുഖ്യമന്ത്രി കെജ്രിവാളിനൊപ്പം ഡല്‍ഹിയിലെ ആസ്പത്രിയിലും അമിത് ഷാ സന്ദര്‍ശനം നടത്തി. ഇതിനിടെ കോവിഡ്സാധ്യതയുള്ളവരെ കണ്ടെത്തുന്നതിനും ഇവരെ പ്രത്യേക പരിചരണത്തിലാക്കി രോഗ വ്യാപനം തടയുന്നതിനും കണ്ടെയ്ന്മെന്റ് സോണുകളില്‍ പരിശോധനകളുടെ എണ്ണം കൂട്ടാന്‍ ഐ.സി.എം.ആര് നിര്‍ദേശം നല്കി. ഇതിനായി റാപ്പിഡ് ആന്റിജന്‍ കിറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ഐ.സി.എം. ആര് നിര്‍ദേശിച്ചു.
ചെന്നൈ ഉള്‍പ്പെടെ നാലു ജില്ലകള്‍ ലോക്ക്ഡൗണിലേക്ക്
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തലസ്ഥാനനഗരിയായ ചെന്നൈ ഉള്‍പ്പെടെ നാലു ജില്ലകളില്‍ ജൂണ്‍ 19 മുതല്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. ചെന്നൈ നഗരം ഉള്‍കൊള്ളുന്ന ചെന്നൈ ജില്ലയില്‍ പൂര്‍ണമായും സമീപ ജില്ലകളായ തിരുവാളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നിവയുടെ ചില ഭാഗങ്ങളിലുമാണ് ലോക്ക്ഡൗണ്‍. സംസ്ഥാനത്താകെ 44,661 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 70 ശതമാനം കേസുകളും (31,896) ചെന്നൈയിലാണ്. ഇന്നലെ മാത്രം ചെന്നൈയില്‍ 1,415 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അനിയന്ത്രിതമായ രീതിയിലേക്ക് രോഗവ്യാപനം നീങ്ങിത്തുടങ്ങിയതോടെയാണ് ഒരിക്കല്‍കൂടി നഗരം അടച്ചിടാന്‍ തീരുമാനിച്ചത്. ജൂണ്‍ 19 മുതല്‍ ജൂണ്‍ 30 വരെയായിരിക്കും ലോക്ക്ഡൗണ്‍. ഇതിനിടയില്‍ വരുന്ന രണ്ടു ഞായറാഴ്ചകളില്‍ ഉള്‍പ്പെടെ ഒരു ഇളവും ഉണ്ടാവില്ല. ഓട്ടോകള്‍, ടാക്സികള്‍, അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ എന്നിവയൊന്നും അനുവദിക്കില്ല.
കേരളത്തില്‍ 82പേര്‍ക്ക് കൂടി കോവിഡ്; മരണം 20
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 12 ന് തിരുവനന്തപുരത്ത് മരിച്ച എസ് രമേശനാണ്് (67) കോവിഡ് ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് കേരളത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ഇന്നലെ 82പേര്‍ക്ക്കൂടി സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം – 13, പത്തനംതിട്ട- 11, കോട്ടയം, കണ്ണൂര്‍ – 10 വീതം, പാലക്കാട് – ഏഴ്, മലപ്പുറം, കോഴിക്കോട് – 6 വീതം, ആലപ്പുഴ – 5 , കൊല്ലം -4, തൃശൂര്‍, കാസര്‍ക്കോട്- മൂന്നു വീതം, ഇടുക്കി – രണ്ട്, തിരുവനന്തപുരം , വയനാട് ഒന്നുവിതം എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്ക്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-19, കുവൈറ്റ്-12, സഊദി അറേബ്യ-9, ഖത്തര്‍-5, ഒമാന്‍-2, നൈജീരിയ-2) 23 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്നാട്-4, ഡല്‍ഹി-3, രാജസ്ഥാന്-1, പശ്ചിമ ബംഗാള്‍-1, തെലുങ്കാന-1) വന്നതാണ്. ഒമ്പതു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. (കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലുള്ള 2 പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലുള്ള ഒരാള്‍ക്കും). 73 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍-21 , പാലക്കാട് -12, കൊല്ലം- 11, മലപ്പുറം – 10, തൃശൂര്‍- 6, കോഴിക്കോട്, കാസര്‍ക്കോട് – നാലു വീതം, തിരുവനന്തപുരം – മൂന്ന്, എറണാകുളം -രണ്ട് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. 1348 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.