അബുദാബി: വിമാന സര്‍വീസ് നിലച്ചപ്പോള്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ വിസക്ക് മൂന്ന് മാസത്തില്‍ കൂടുതല്‍ കാലാവധിയില്ലെങ്കില്‍ യാത്ര അനുവദിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിയമം ലക്ഷക്കണക്കിന് പ്രവാസികളെ ബാധിക്കുമെന്നതിനാല്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ജൂണ്‍ ഒന്നിന് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിയമം വിദേശ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി, വിദേശ കാര്യ മന്ത്രി, കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്കിയ പരാതിയില്‍ സൂചിപ്പിച്ചു. കോവിഡ് മൂലം നാട്ടില്‍ കുടുങ്ങിയ വിദേശ ഇന്ത്യക്കാരെ കാലാവധി കഴിഞ്ഞാലും ഡിസംബര്‍ 31 വരെ രണ്ട് കയ്യും നീട്ടി സ്വീകരിക്കാന്‍ തയാറാണെന്ന് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ അറിയിച്ചിരിക്കുകയാണ്. മാതൃകാപരമായ ഇത്തരം തീരുമാനങ്ങള്‍ പ്രവാസികള്‍ക്ക് നല്കിയ ആശ്വാസം ചെറുതല്ല. വിമാന സര്‍വീസ് നിലച്ച് നാട്ടിലകപ്പെട്ട പ്രവാസികളുടെ സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തുന്ന പുതിയ നിയമം നാടിനെ പട്ടിണിയില്‍ നിന്നും രാഷ്ട്രത്തെ പുരോഗതിയിലേക്കും നയിച്ച പ്രവാസി സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണെന്നും ജന.സെക്രട്ടറി എം.പി.എം റഷീദ് ബന്ധപ്പെട്ടവര്‍ക്ക് നല്കിയ പരാതിയില്‍ പറഞ്ഞു.