ദുബൈ കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ്‌സ്: രണ്ടും മൂന്നും വിമാനങ്ങള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 4.15നും രാവിലെ 6.15നും

ദുബൈ: ദുബൈ കെഎംസിസിയുടെ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിലെ പ്രഥമ ഘട്ടത്തിലെ രണ്ടും മൂന്നും വിമാനങ്ങള്‍ ജൂണ്‍ 12ന് വെള്ളിയാഴ്ച പുലര്‍ച്ചെ 4.15നും 6.15നും ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടും. യാത്രക്കാര്‍ ഡിപാര്‍ചറിന് 5 മണിക്കൂര്‍ മുന്‍പ് എയര്‍പോര്‍ട്ടിലെത്തണം.
പ്രഥമ ഘട്ടത്തിലെ ആദ്യ വിമാനം ജൂണ്‍ 11ന് വ്യാഴാഴ്ച രാവിലെ 9 മണിക്ക് പുറപ്പെട്ടിരുന്നു. അക്ബര്‍ ട്രാവല്‍സുമായി സഹകരിച്ചുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 171 യാത്രക്കാരാണ് യാത്ര ചെയ്തത്. യാത്രക്ക് മുന്‍പ് നടത്തിയ കോവിഡ് 19 ടെസ്റ്റില്‍ മുഴുവന്‍ യാത്രക്കാരും നെഗറ്റീവായതിനാല്‍ എല്ലാവര്‍ക്കും യാത്ര ചെയ്യാന്‍ സാധിച്ചു.
ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി.കെ ഇസ്മായില്‍, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, വൈസ് പ്രസിഡന്റുമാരായ റഈസ് തലശ്ശേരി, എന്‍.കെ ഇബ്രാഹിം, മുഹമ്മദ് പട്ടാമ്പി, സെക്രട്ടറിമാരായ കെ.പി.എ സലാം, അഡ്വ. ഇബ്രാഹിം ഖലീല്‍ തുടങ്ങിയവര്‍ യാത്രക്കാരെ യാത്രയാക്കാനും നടപടിക്രമങ്ങള്‍ക്കുമായി ഷാര്‍ജ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. ഗര്‍ഭിണികള്‍, പ്രായമായവര്‍, മെഡിക്കല്‍ എമര്‍ജെന്‍സി ആവശ്യമുള്ളവര്‍, വിസിറ്റ് വിസാ കാലാവധി തീര്‍ന്നവര്‍, തൊഴില്‍ നഷ്ടമായവര്‍ തുടങ്ങിയ ഇന്ത്യന്‍ എംബസി നിഷ്‌കര്‍ഷിച്ച മുന്‍ഗണനാ ക്രമം പാലിച്ചാണ് ആളുകളെ യാത്രക്കായി തെരഞ്ഞെടുത്തത്.
അടുത്താഴ്ച ചാര്‍ട്ടര്‍ ചെയ്യുന്ന ദുബൈ കെഎംസിസിയുടെ 30 വിമാനങ്ങള്‍ കണ്ണൂരിലേക്കായിരിക്കും സര്‍വീസ് നടത്തുക. ശേഷിക്കുന്ന 10 വിമാനങ്ങള്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.