ചേടിച്ചേരിയില്‍ ഇടിമിന്നലില്‍ ലക്ഷങ്ങളുടെ നാശനഷ്ടം; കറവപ്പശു ചത്തു

ഇടിമിന്നലില്‍ ജീവാപായം സംഭവിച്ച കറവപ്പശു

ഇരിക്കൂര്‍: തിങ്കളാഴ്ച ഉച്ചയോടെ ഇരിക്കൂര്‍ ചേടിച്ചേരിയില്‍ ഉണ്ടായ ശക്തിയേറിയ ഇടിമിന്നലില്‍ വന്‍ നാശനഷ്ടം. ചേടിച്ചേരി എഎല്‍പി സ്‌കൂളിനടുത്ത എവി രമേശന്റെ വീട്ടിലെ മുഴുവന്‍ വൈദ്യുതി ഉപകരണങ്ങളും ഗൃഹോപകരണങ്ങളും കത്തിനശിച്ചു.
വീട്ടുമുറ്റത്ത് കെട്ടിയ കറവപ്പശുവിന് ഇടിമിന്നലില്‍ ജീവാപായം സംഭവിച്ചു. വീടിന്റെ മുറ്റത്ത് വലിയ കുഴി രൂപപ്പെട്ടു. വീടിനകത്തുണ്ടായിരുന്ന രമേശന്റെ ഭാര്യ പ്രീതയും മക്കളായ ശരതും ദൃദ്യയും ഇടിമിന്നലിന്റെ ആഘാതത്തില്‍ നിന്നു തലനാരിഴക്കാണ് രക്ഷപ്പെട്ടത്. രമേശന്റെ വീട്ടിലെ മുഴുവന്‍ വയറിംഗും കത്തിക്കരിയുകയും ലൈറ്റുകള്‍ പൊട്ടിത്തെറിക്കുകയും ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു. ചേടിച്ചേരിയിലെ മുപ്പതോളം വീടുകളിലെ ഉപകരണങ്ങള്‍ കത്തിനശിക്കുകയും പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. അപായം നടന്ന സ്ഥലങ്ങള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെടി അനസ്, സെക്രട്ടറി എന്‍യു ഇബ്രാഹിം, വാര്‍ഡ് മെംബര്‍ പിവി പ്രേമലത എന്നിവര്‍ സന്ദര്‍ശിച്ചു.