ഇരിട്ടി: മൂന്ന് വര്‍ഷമായിട്ടും പണി തീരാതെ ഇരിട്ടി പാലം. കനത്ത കാലവര്‍ഷം എത്തുന്നതോടെ പുഴയോര ജനതയുടെ മനസിലും ഇതോടെ ആശങ്ക കനക്കുകയാണ്. പാലം നിര്‍മ്മാണത്തിനായി പുഴയില്‍ നിക്ഷേപിച്ച ആയിരത്തിലേറെ ലോഡ് മണ്ണ് മാറ്റാത്തത് ആശങ്കക്ക് ഇടയാക്കിയിരിക്കുകയാണ്.
പഴയ പാലത്തിനു സമാന്തരമായി നിര്‍മ്മിക്കുന്ന പാലം 48 മീറ്റര്‍ വീതം നീളമുള്ള മൂന്ന് സ്പാനുകളായാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ ഇരു കരകളേയും ബന്ധിപ്പിക്കുന്ന രണ്ട് സ്പാനുകളുടെ വാര്‍പ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഇപ്പോള്‍ മധ്യഭാഗത്തുള്ള സ്പാനിന്റെ പ്രവര്‍ത്തിയാണ് നടക്കുന്നത്. ഈ കാലവര്‍ഷത്തിന് മുന്നേ തീരേണ്ട പ്രവര്‍ത്തി ലോക്ക്ഡൗണ്‍ പ്രഖ്യാപനം വന്നതിന് പിന്നാലെ നിലക്കുകയായിരുന്നു. ലോക്ക്ഡൗണില്‍ ഇളവ് വന്നതോടെ വീണ്ടും പ്രവര്‍ത്തി തുടങ്ങിയെങ്കിലും മൂന്നാം സ്പാനിന്റെ പ്രവര്‍ത്തി എങ്ങുമെത്തിയിട്ടില്ല.
കഴിഞ്ഞ രണ്ട് കാലവര്‍ഷത്തിലും പുഴയില്‍ ഇരു ഭാഗത്തും ആയിരത്തിലേറെ ലോഡ് മണ്ണ് നിക്ഷേപിച്ചായിരുന്നു പൈലിങ്ങ് അടക്കമുള്ള പ്രവര്‍ത്തികള്‍ നടത്തിയിരുന്നത്. ശക്തമായ നീരൊഴുക്കില്‍ ഈ മണ്ണ് മുഴുവന്‍ ഒഴുകിപ്പോയിരുന്നു. കൂടാതെ പുഴക്കിപ്പുറമുള്ള ഇതുവരെ വെള്ളപ്പൊക്കമുണ്ടാകാത്ത പ്രദേശങ്ങളില്‍ ക്രമാതീതമായി വെള്ളം ഉയരുകയും നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു.
പാലം നിര്‍മ്മാണത്തിനായി പുഴയില്‍ ക്രമാതീതമായി മണ്ണിട്ടതോടെ പുഴയിലെ സുഗമമായ വെള്ളമൊഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളപ്പൊക്കത്തിനിടയാക്കിയതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പുഴയില്‍ നിക്ഷേപിച്ച മണ്ണ് മാറ്റാത്തതിനാല്‍ വെള്ളപ്പൊക്ക ഭീതി ഇപ്പോഴും നിലനില്ക്കുന്നു. ഇതിനാല്‍ മഴ ശക്തിപ്പെടുന്നതിന് മുമ്പ് തന്നെ ഈ മണ്ണ് മുഴുവന്‍ ഇവിടെ നിന്നു നീക്കം ചെയ്യണമെന്നാണ് മേഖലയിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നത്.