പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അയ്യങ്കുന്നില്‍ പുഴ ശുചീകരണം

6
അയ്യങ്കുന്നില്‍ പുഴയില്‍ ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചപ്പോള്‍

ഇരിട്ടി: ശുചീകരണത്തിന്റെ മറവില്‍ മണല്‍ കടത്തുന്നതിനെതിരെയുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് നിലച്ച പുഴകള്‍ ശുചീകരിക്കുന്ന പ്രവര്‍ത്തി വീണ്ടും ആരംഭിച്ചു. അയ്യങ്കുന്ന് മേഖലയിലെ ബാരാപ്പോള്‍ പുഴയിലാണ് പ്രവര്‍ത്തി ആരംഭിച്ചത്. കഴിഞ്ഞ പ്രളയത്തില്‍ അടിഞ്ഞ ചെളിയും എക്കല്‍ മണ്ണും മരങ്ങളും നീക്കി പുഴയിലെ ഒഴുക്ക് സുഗമമാക്കുന്ന പ്രവര്‍ത്തിയാണ് നടക്കുന്നത്.
ഇത് സംബന്ധിച്ച് കഴിഞ്ഞ 29ന് കലക്ടര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അഞ്ചിന് മുമ്പ് പ്രവര്‍ത്തി പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അല്ലാത്തപക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
ഇതിനെത്തുടര്‍ന്ന് പഞ്ചായത്ത് തല സമിതി ചേരുകയും തിങ്കളാഴ്ച തന്നെ പ്രവര്‍ത്തി ആരംഭിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിനായി മേഖലയിലെ ജെസിബി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ സഹായം തേടാനും നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് മേഖലയിലെ ക്വാറികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മണ്ണുമാന്തി യന്ത്രങ്ങളുടെ അടക്കം സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജോലിയില്‍ ഏര്‍പ്പെടുന്ന മണ്ണുമാന്തി യന്ത്രങ്ങള്‍ക്ക് അതാത് ഗ്രാമപഞ്ചായത്ത് ഫണ്ടില്‍ നിന്നു ഇന്ധനം നല്‍കും. പുഴയുടെ ഒഴുക്ക് സുഗമമാക്കുന്ന രീതിയില്‍ ഇതിലെ മാലിന്യങ്ങള്‍ ഇരു വശങ്ങളിലുമായി മാറ്റിയിടും. പ്രവര്‍ത്തി സമയത്ത് മണല്‍ ലഭിക്കുകയാണെങ്കില്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള മൈതാനിയിലേക്ക് മാറ്റും.
മണലിന്റെ വില്‍പ്പന എങ്ങനെ വേണമെന്ന് പിന്നീട് കലക്ടര്‍ തീരുമാനിക്കും. അതേസമയം അയ്യങ്കുന്ന് പഞ്ചായത്ത് ഒഴികെ പായം, ആറളം, മുഴക്കുന്ന് പഞ്ചായത്തുകളുടെ അധീനതയില്‍ പെടുന്ന പുഴകളില്‍ ശുചീകരണ പ്രവര്‍ത്തി ഇതുവരെ ആരംഭിച്ചിട്ടുമില്ല. ഇവിടെ ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ട പഞ്ചായത്ത് തല സമിതികള്‍ ഇതുവരെ ചേര്‍ന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്.