അഷീര്‍ ഖാന്റെ ഖബറിടം കണ്ടെത്തി, പ്രാര്‍ത്ഥന നടത്തി കുവൈത്ത് കെഎംസിസി

93
അഷീര്‍ ഖാന്റെ ഖബറിടത്തില്‍ കുവൈത്ത് കെഎംസിസി ഹെല്‍പ് ഡെസ്‌ക് ജനറല്‍ കണ്‍വീനര്‍ അജ്മല്‍ വേങ്ങര, ഷാഫി കൊല്ലം, സലീം നിലമ്പൂര്‍ എന്നിവര്‍ മയ്യിത്ത് നമസ്‌കരിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ദിവസം മരിച്ച തിരുവനന്തപുരം വര്‍ക്കല എടവെട്ടൂര്‍ റാത്തിക്കല്‍ സ്വദേശി അഷീര്‍ ഖാന്‍ താജുദ്ദീന്റെ (45) ഖബറിടം കണ്ടെത്തി കുവൈത്ത് കെഎംസിസി. ഹെല്‍പ് ഡെസ്‌ക് ജനറല്‍ കണ്‍വീനര്‍ അജ്മല്‍ വേങ്ങരയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിതാന്ത പരിശ്രമമാണ് അഷീറിന്റെ ഖബറിടം കണ്ടെത്താന്‍ വഴി തെളിച്ചത്. ഈ മാസം 2ന് ഫഹാഹീലിലെ താമസ സ്ഥലത്ത് നെഞ്ചു വേദന അനുഭവപ്പെട്ട അഷീറിനെ സുഹൃത്തുക്കള്‍ അദാന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ അഡ്മിറ്റായതിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കള്‍ റൂമിലേക്ക് തിരിച്ച് പോവുകയും ചെയ്തിരുന്നു. പിന്നീട്, യാതൊരു വിവരവും ലഭിക്കാത്തതിനാല്‍ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തി അന്വേഷിച്ചപ്പോഴാണ് അഡ്മിറ്റ് ചെയ്ത അന്ന് തന്നെ മരിച്ചതായും കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം ഉടന്‍ മയ്യിത്ത് കുവൈത്തില്‍ ഖബറടക്കിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചത് എന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കെഎംസിസി പ്രവര്‍ത്തക സമിതിയംഗങ്ങളായ അജ്മല്‍ വേങ്ങരയും ഷാഫി കൊല്ലവും എംബസി വളണ്ടിയറും നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റുമായ സലീം നിലമ്പൂരും അന്വേഷണവുമായി അദാന്‍ ഹോസ്പിറ്റലില്‍ എത്തിയത്. ഹൃദയ സ്തംഭനം മൂലമാണ് മരിച്ചതെങ്കിലും തുടര്‍ന്നുള്ള ടെസ്റ്റില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും തുടര്‍ന്ന് പെട്ടെന്ന് മറവു ചെയ്യുകയായിരുന്നെന്നും അധികൃതര്‍ അറിയിച്ചു.
അഷീറിന്റെ ഖബര്‍ തേടി ഈ മൂവര്‍ സംഘം ആദ്യം അദാന്‍ ആശുപത്രിയുടെ തൊട്ടടുത്തുള്ള സബ്ഹാന്‍ ഖബര്‍സ്താനില്‍ എത്തിയെങ്കിലും അവിടെ മറവു ചെയ്തതായി രേഖകളില്‍ കണ്ടെത്താനാവാത്തതിനാല്‍ പിന്നീട് കുവൈത്തിലെ ഏറ്റവും വലിയ ഖബര്‍സ്ഥാനായ സുലൈബിഖാത് ശ്മശാനത്തിലെത്തുകയും ശേഷം അവിടത്തെ ഉന്നത ഉദ്യോഗസ്ഥനുമായി കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് ടെലിഫോണിലൂടെ ചര്‍ച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഹെല്‍പ് ഡസ്‌ക് സംഘത്തിന് അധികൃതര്‍ ഖബറിടം കാണിച്ചു കൊടുത്തു. അവര്‍ അഷീറിനു വേണ്ടി മയ്യിത്ത് നമസ്‌കാരം നടത്തുകയും വീഡിയോ കോള്‍ വഴി അഷീറിന്റെ കുടുംബാംഗങ്ങള്‍ക്ക് ഖബര്‍ കാണിച്ചു കൊടുക്കുകയും ചെയ്തു. ഹെല്‍പ് ഡെസ്‌ക് ചെയര്‍മാന്‍ സുബൈര്‍ പാറക്കടവ് പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിച്ചു. അഷീറിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ വന്നവര്‍ അവരുടെ വിവരങ്ങള്‍ ഹോസ്പിറ്റല്‍ അധികൃതര്‍ക്ക് കൈമാറാന്‍ വിട്ടു പോയതിനാലാണ് മരണ വിവരം അറിയിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് സാധിക്കാതെ പോയത്. സാധാരണ ഗതിയില്‍ ബന്ധപ്പെട്ടവരെ അറിയിച്ച ശേഷമേ ഖബറടക്കം നടക്കാറുള്ളൂ. കോവിഡ് മൂലം മരിച്ചവരെ പെട്ടെന്ന് സംസ്‌കരിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ പ്രൊട്ടോകോള്‍ അഷീറിന്റെ കാര്യത്തില്‍ കൃത്യമായി പാലിക്കപ്പെട്ടതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം.