ജോയ് ആലുക്കാസ് ജീവനക്കാര്‍ക്കായി ചാര്‍ട്ടേര്‍ഡ് വിമാനം ഒരുക്കി

ദുബൈ: ലോക്ക്ഡൗണ്‍ കാലത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ജീവനക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ജോയ് ആലുക്കാസ് ഒരുക്കിയ ചാര്‍ട്ടേര്‍ഡ് വിമാനം കൊച്ചിയിലെത്തി. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് സഹകരണത്തോടെ മേയ് 27നാണ് ചാര്‍ട്ടേര്‍ഡ് വിമാനത്തിന് അനുമതി ലഭിച്ചത്. 143 മുതിര്‍ന്നവര്‍, 25 കുട്ടികള്‍, ആറ് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 174 പേരാണ് ജൂണ്‍ 15ന് എയര്‍ അറേബ്യയില്‍ നാട്ടിലേക്ക് തിരിച്ചത്. കോവിഡ് മഹാമാരിയില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന തങ്ങളുടെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുംവേണ്ടി പ്രത്യേക സര്‍വീസ് ഒരുക്കിയാണ് ജോയ് ആലുക്കാസ് മാതൃകയായത്. ജീവനക്കാരുടെ സുരക്ഷിതത്വം കണക്കാക്കി എല്ലാവര്‍ക്കും കോവിഡ് റാപിഡ് ടെസ്റ്റ് നടത്തിയും പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്‌മെന്റ് (പിപിഇ) കിറ്റും നല്‍കിയാണ് യാത്രയാക്കിയത്. മുഴുവന്‍ യാത്രക്കാരുടെയും റാപിഡ് ടെസ്റ്റ് ഫലം അനുകൂലമായിരുന്നു. ജീവനക്കാരുടെ സംരക്ഷണം ഉറപ്പാക്കുകയെന്നത് ജോയ് ആലുക്കാസിന്റെ ധാര്‍മിക ഉത്തരവാദിത്തമാണ്. ആ വാഗ്ദാനമാണ് പാലിക്കുന്നതെന്ന് ഗ്രൂപ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പറഞ്ഞു.