ഹൈക്കോടതി അടച്ചിടണമെന്ന ആവശ്യവുമായി അഭിഭാഷക അസോസിയേഷന്
കൊച്ചി: കളമശേരി പൊലീസ് സ്റ്റേഷനിലെ രണ്ടാമത്തെ പൊലീസുകാരനും കോവിഡ് പോസിറ്റീവായതോടെ കൊച്ചിയില്‍ ആശങ്കയും ഒപ്പം ജാഗ്രതയും ശക്തമായി. ഹൈക്കോടതിയിലും പരിസരത്തും അടക്കം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ രണ്ടാമത്തെ പൊലീസുകാരന് ഔദ്യോഗിക ആവശ്യത്തിനും അല്ലാതെയും എത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് കൊച്ചി കൂടുതല്‍ ജാഗ്രതയിലേക്കും കരുതലിലേക്കും കടന്നത്.
കോവിഡ് ബാധിതന് ഹൈക്കോടതിയിലെത്തിയെന്ന വിവരത്തെ തുടര്‍ന്ന് ഈ പ്രദേശം കടുത്ത നിരീക്ഷണത്തിലാണ്. ഇതേ തുടര്‍ന്ന് ഹൈക്കോടതിയും പരിസരപ്രദേശവും അണുവിമുക്തമാക്കി. അഭിഭാഷക അസോസിയേഷന് ഓഫീസ് അണുവിമുക്തമാക്കുകയും തത്കാലത്തേക്ക് അടച്ചിടുകയും ചെയ്തു. കോവിഡ് ബാധിച്ച പൊലീസുകാരന് എത്തിയെന്നുറപ്പായതിനെ തുടര്‍ന്ന് അസോസിയേഷന് ഓഫീസ് കോംപ്ലക്സില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ കോഫി ഹൗസും അടച്ചു. ഹൈക്കോടതിക്ക് സമീപത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയും സമീപത്തെ കടകളും അണുവിമുക്തമാക്കി.
പൊലീസുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന ജഡ്ജി ജസ്റ്റിസ് സുനില്‍ തോമസ് സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു. പൊലീസുകാരന് കൊണ്ട് വന്ന രേഖകള്‍ ജഡ്ജി പരിശോധിച്ചിരുന്നതിനെ തുടര്‍ന്നാണിത്. ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരോടെല്ലാം കാ്വറന്റീനില് പോകാന്‍ ആവശ്യപെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഹൈകോടതി അടച്ചിടണമെന്നാവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷന് ചീഫ് ജസ്റ്റിസിന് കത്തു നല്കി.ഹൈക്കോടതി കവാടത്തിലെ പൊലീസ് ഔട്ട് പോസ്റ്റിലും ഈ പൊലീസുകാരന് എത്തിയിരുന്നു.
വൈറസ് ബാധ സ്ഥിരീകരിച്ച പൊലീസുകാരന് വിജിലന്‍സ് ഓഫീസില്‍ എത്തിയതിനെ തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന വിജിലന്‍സ് പ്രോസിക്യൂട്ടര്‍ അടക്കം നിരവധി പേര് ക്വാറന്റീനില്‍ പ്രവേശിച്ചു.
ബുധനാഴ്ചയാണ് കളമശേരി സ്റ്റേഷനിലെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത്. വെങ്ങോല സ്വദേശിക്കായിരുന്നു രോഗബാധ. ഇതേ തുടര്‍ന്ന് കളമശേരി സ്റ്റേഷനിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം 59പേര് ക്വാറന്റീന് തുടരുകയാണ്.
ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരനൊപ്പം സ്ഥിരം യാത്ര ചെയ്തിരുന്നയാള്‍ക്കാണ് രണ്ടാമത് രോഗം വന്നിരിക്കുന്നത്. ഹോംക്വാറന്റീനില്‍ കഴിഞ്ഞിരുന്നവരെ നിരീക്ഷിക്കാന്‍ ഇവര്‍ ഒരുമിച്ചാണ് യാത്ര ചെയ്തിരുന്നത്. കളമശേരി മെഡിക്കല്‍ കോളജിലെ കോവിഡ് സെന്ററിലും ഇവര്‍ ജോലി നോക്കിയിരുന്നു. ഇരുവരും വെങ്ങോല സ്വദേശികളായതിനാല്‍ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണ്‍ ആക്കിയിരിക്കയാണ്. അതേസമയം തന്നെ രണ്ടു പൊലസുകാരും നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുള്ളതിനാല്‍ ഇവരുടെ സമ്പൂര്‍ണ സമ്പര്‍ക്ക പട്ടിക തയാറാക്കാന്‍ കഴിഞ്ഞിട്ടില്ല.