തീരങ്ങളില്‍ ഇനി വറുതിയുടെ കാലം

ട്രോളിംഗ് നിരോധനം നിലവില്‍ വന്നതിനെ തുടര്‍ന്ന് കരക്കടുപ്പിച്ച ബോട്ടുകള്‍ക്കരികെ മത്സ്യത്തൊഴിലാളി. കണ്ണൂര്‍ അഴീക്കലില്‍ നിന്നുള്ള കാഴ്ച

ചേര്‍ത്ത് പിടിക്കണം മത്സ്യത്തൊഴിലാളികളെയും

കണ്ണൂര്‍: സംസ്ഥാനത്ത് ഇന്നലെ അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വന്നതോടെ വറുതിയിലായി തീരങ്ങള്‍. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പട്ടിണിക്കാലം.
കടലില്‍ പോയ എല്ലാ ബോട്ടുകളും ഇന്നലെ തന്നെ അഴീക്കല്‍, ആയിക്കര, പുതിയങ്ങാടി, തലായി ഹാര്‍ബറുകളില്‍ കയറ്റിവെച്ചിരിക്കുകയാണ്. 52 ദിവസം എങ്ങനെ കഴിഞ്ഞു കൂടും എന്ന ആശങ്കയിലും ആധിയിലുമാണ് മത്സ്യത്തൊഴിലാളികള്‍. ജൂലായ് 31 വരെയാണ് യന്ത്രവല്‍കൃത വള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

കോവിഡ് ഭീതി; കരുതിവെക്കാനായില്ല ജിവിക്കാനുള്ള വക
സാധാരണ എല്ലാ വര്‍ഷങ്ങളിലും ട്രോളിംഗ് നിരോധനത്തിന് മുമ്പ് രണ്ട് മാസക്കാലം മത്സ്യത്തൊഴിലാളികള്‍ അടുത്ത മാസത്തേക്കാവശ്യമായ വക കണ്ടെത്താറുണ്ട്. എന്നാല്‍ ഇത്തവണ കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണും ഇവരുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു.

ഭീഷണിയായി നിപുണ്‍ ചുഴലിക്കാറ്റും
ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതോടെ മത്സ്യബന്ധനത്തിന് പോകാന്‍ ഒരുങ്ങിയപ്പോള്‍ നിപുണ്‍ ചുഴലിക്കാറ്റ് ഭീക്ഷണിയായി. കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പും നല്‍കി. കടലില്‍ പോയി തുടങ്ങിയപ്പോള്‍ കരയിലും പ്രശ്‌നമായി. സാമൂഹിക അകലം പാലിക്കുന്നില്ല, കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നു തുടങ്ങിയ കാരണങ്ങളാല്‍ മത്സ്യം ലേലം ചെയ്യാനും സാധിക്കാത്ത അവസ്ഥയായി.

കിട്ടുമോ? കൂടുതല്‍ ആനുകൂല്യങ്ങള്‍
മത്സ്യങ്ങളുടെ പ്രത്യുല്‍പാദനം വര്‍ധിക്കാനും കടലിന്റെ ജൈവ സന്തുലിതാവസ്ഥ സംരക്ഷിക്കാനുമാണ് വര്‍ഷങ്ങളായി ട്രോളിംഗിന് നിരോധനമേര്‍പ്പെടുത്തുന്നത്. ട്രോളിംഗ് നിരോധനവുമായി സഹകരിക്കാന്‍ മത്സ്യത്തൊഴിലാളികളെല്ലാം തയ്യാറാണ്. എന്നാല്‍ വരുന്ന 52 ദിവസം എങ്ങനെ ജീവിതം പിടിച്ചു നിര്‍ത്തുമെന്ന് പലര്‍ക്കും അറിയില്ല. എല്ലാ വര്‍ഷവും ലഭിക്കുന്ന സൗജന്യ റേഷന്‍ ഇത്തവണ ലഭിക്കുമായിരിക്കുമെന്നാണ് ഏക പ്രതീക്ഷ. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ കിട്ടിയില്ലെങ്കില്‍ കടലിന്റെ മക്കള്‍ പട്ടിണിയിലാകും.

ബോട്ടുകള്‍ തീരത്തായിട്ട് മാസങ്ങളായി
ട്രോളിംഗ് കാലത്ത് മാത്രമല്ല മറ്റ് സീസണുകളിലും മത്സ്യത്തൊഴിലാളികള്‍ക്ക് പറയാനുള്ളത് കഷ്ടപാടിന്റെയും വറുതിയുടെയും നാളുകളെ കുറിച്ച് തന്നെയാണ്. ട്രോളിംഗിന് മുമ്പ് തന്നെ പല ബോട്ടുകളും തീരത്ത് കെട്ടിയിട്ടിരിക്കുയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം മത്സ്യക്കുറവാണ് ഇത്തവണ അനുഭവപ്പെട്ടതെന്ന് ബോട്ടുടമകള്‍ പറയുന്നു.
കാലാവസ്ഥാ വ്യതിയാനമാണ് മത്സ്യ ലഭ്യത കുറവിന് കാരണം. ജനുവരി മുതല്‍ ബോട്ടുകള്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയാണ്. കടലില്‍ പോകാന്‍ ഒരു ദിവസം 300 ലിറ്റര്‍ ഡീസല്‍ വേണ്ടി വരും. ഇതോടൊപ്പം ഏറെ ഭക്ഷ്യ സാധനങ്ങളും 20 ബ്ലോക്ക് ഐസും ആവശ്യമാണ്. ഒരു ബ്ലോക്ക് ഐസിന് 80 രൂപയാണ് വില. ഒരു ദിവസം തന്നെ പോയി വരുമ്പോള്‍ 50,000 രൂപയ്ക്കടുത്ത് ചെലവ് വരും. ചില ബോട്ടുകള്‍ അഞ്ചും ആറും ദിവസം കഴിഞ്ഞാണ് തിരിച്ച് വരിക.
കടലില്‍ നിന്നും വെറും കൈയോടെ മടങ്ങി വന്നാല്‍ ലക്ഷങ്ങളായിരിക്കും നഷ്ടം. കടലില്‍ നിന്നും ലഭിക്കുന്ന മത്സ്യത്തിന് ആഭ്യന്തര വിപണിയില്‍ വാങ്ങാന്‍ ആളില്ലാത്തതും മൊത്തവിതരണക്കാര്‍ വാങ്ങാന്‍ തയ്യാറാവാത്തതും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ലഭിക്കുന്ന മത്സ്യത്തിന് മൊത്ത വില്‍പ്പനക്കാരില്‍ നിന്നും പ്രതീക്ഷിച്ച വില ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ഒരു വര്‍ഷം ഒരു ബോട്ട് തൊഴിലാളി ക്ഷേമനിധിയായി 6000 രൂപയും ലൈസന്‍സ് ഇനത്തില്‍ 2000ല്‍ അധികം രൂപയും ഇവര്‍ സര്‍ക്കാറിലേക്ക് അടക്കുന്നുണ്ട്. എന്നാല്‍ വറുതിയുടെ കാലത്ത് സര്‍ക്കാര്‍ തങ്ങളെ തിരിഞ്ഞ് നോക്കുന്നില്ലെന്ന പരാതിയാണ് ഇവര്‍ക്ക്. ബോട്ടുകള്‍ കരക്കടുപ്പിച്ചതോടെ ഉപജീവനം നടത്തുന്ന രണ്ടായിരത്തോളം അനുബന്ധ തൊഴിലാളികളും പട്ടിണിയിലാകും. സ്ഥിര വരുമാനമില്ലാത്ത ഇവര്‍ കോവിഡ് കാലം കൂടിയായതോടെ കടുത്ത ദുരിതത്തിലുമായി.

വറുതി തന്നെ സാറേ എപ്പോഴും
കടലില്‍ പോയാല്‍ ആവശ്യത്തിന് മത്സ്യം ലഭിക്കണം, കരയില്‍ കൊണ്ടു വന്നാല്‍ ലാഭത്തില്‍ കച്ചവടം നടക്കണം. എങ്കിലേ ജീവിതം അല്ലലില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാകൂ. ആയിരക്കരയിലെ ഒരു മത്സ്യത്തൊഴിലാളിയുടെ വാക്കാണിത്. എല്ലാവര്‍ക്കും പറയാനുള്ളത്് ഇത് തന്നെ. ജില്ലയില്‍ ബയോമെട്രിക് കാര്‍ഡുടമകളായ മത്സ്യത്തൊഴിലാളികളുടെ എണ്ണം ആറായിരത്തോളമാണ്. എന്നാല്‍ കാര്‍ഡില്ലാത്തവരുടെ കണക്കെടുപ്പ് നടത്തിയാല്‍ എണ്ണം കൂടും. 1,200ഓളം പരമ്പാഗത വള്ളങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നത്. 250നടുത്ത് ബോട്ടുകളും ഇതില്‍ പെടും. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നെങ്കിലും കടലില്‍ പോയിത്തുടങ്ങിയത് 100 ബോട്ടുകളും ചുരുക്കം ചില വള്ളങ്ങളും മാത്രമാണ്. ട്രോളിംഗ് നിരോധനത്തോടെ ഇവര്‍ക്കിനി പണിയില്ല.
പല കാരണങ്ങളാല്‍ മത്സ്യ ലഭ്യത വളരെ കുറവായിരുന്നു കടലില്‍. കോവിഡും കൂടി ആയപ്പോള്‍ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു. അസുഖം വന്നാല്‍ ആസ്പത്രിയില്‍ പോകാന്‍ വരെ കയ്യില്‍ പണമില്ല. കടം മേടിക്കാമെന്ന് വിചാരിച്ചാല്‍ മറ്റുള്ളവരുടെയും സ്ഥിതി ഇത് തന്നെ. സര്‍ക്കാറിന്റെ സൗജന്യ റേഷന്‍ മാത്രമാണ് ആശ്രയം. കോവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച 2000 രൂപ ലഭിക്കാത്തവരുമേറെയാണ്. കയ്യിലുണ്ടായിരുന്ന രണ്ടോ മൂന്നോ പവന്‍ സ്വര്‍ണം പണയംവെച്ചാണ് പലരും കഴിഞ്ഞ മാസങ്ങളില്‍ ജീവിച്ചത്. സ്ഥിരമായി പല അസുഖങ്ങള്‍ക്കും മരുന്ന് കഴിക്കുന്നവരുമുണ്ട്. വായ്പയെടുത്ത് കുടിശ്ശിക പെരുകിയവരുമേറെ. ട്രോളിംഗ് നിരോധന കാലത്ത് ഒരു നേരത്തെ ഭക്ഷണമെങ്കിലും ലഭിക്കണമെന്ന പ്രാര്‍ത്ഥന മാത്രമേ ഇവര്‍ക്കുള്ളൂ.

=====================================================================================================

കഴിഞ്ഞ കുറെ മാസങ്ങളായി തങ്ങളുടെ അവസ്ഥ മോശം തന്നെയാണ്. കോവിഡ് കാലത്തെ സാഹചര്യങ്ങളും നിയന്ത്രണങ്ങളും മനസിലാക്കാന്‍ പറ്റും. നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചിട്ടും മത്സ്യം വില്‍ക്കാന്‍ സാധിക്കാത്തത് കഷ്ടം തന്നെയായിരുന്നു.
ഹാര്‍ബറുകളില്‍ നിന്ന് ലേലം വിളിച്ചാണ് മത്സ്യം വില്‍ക്കുന്നത്. ലേലം വിളി നടത്താതെ മത്സ്യം വില്‍ക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതോടെ മത്സ്യം വില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി. ചെറിയ തുകയ്ക്കാണ് ചെറുകിട കച്ചവടക്കാര്‍ക്ക് മത്സ്യം വിറ്റത്. മത്സ്യ വിതരണ കമ്മീഷന്‍ ഏജന്റുമാര്‍ തളിപറമ്പ് മേഖലയില്‍ നിന്നും മറ്റും കൊണ്ടു വന്ന മത്സ്യങ്ങള്‍ പലയിടത്തും വില്‍പ്പന നടത്തി. ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ കൊണ്ടുപോയി അവിടെ നിന്ന് ചെറിയ വാഹനങ്ങളില്‍ വില്‍പ്പന നടത്തി. ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി എടുത്തില്ല. ഇപ്പോള്‍ ആരും ഒന്നും കരുതി വെച്ചിട്ടില്ല. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ പ്രയാസത്തിലാകും ഞങ്ങളുടെ ജീവിതം.
ബീരാന്‍, മത്സ്യത്തൊഴിലാളി, ആയിക്കര

പ്രയാസമാണ് ജീവിതം. മറ്റ് മാര്‍ഗങ്ങളുമില്ല. ട്രോളിംഗ് നിരോധനം കഴിയുന്നത് വരെ മറ്റെന്തെങ്കിലും പണിക്ക് പോകണം. കയ്യില്‍ കരുതി വെച്ച പൈസയെല്ലാം ചെലവായി. സമ്പാദ്യമായി ഒന്നും ഇല്ല. ലോക്ഡൗണ്‍ സമയത്ത് ലഭിച്ച റേഷന്‍ മാത്രമായിരുന്നു സര്‍ക്കാറില്‍ നിന്നുള്ള ഏക സഹായം.
മമ്മൂട്ടി,മത്സ്യത്തൊഴിലാളി

എല്ലാ വര്‍ഷങ്ങളിലും ട്രോളിംഗ് നിരോധന കാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാറുണ്ട്. ഇത് മാത്രമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന സഹായം. സപ്ലൈകോ മുഖേനയാണ് ഇത് നല്‍കുന്നത്. എന്നാല്‍ സൗജന്യ റേഷന്‍ സംബന്ധിച്ച് ഇത്തവണ ഉത്തരവൊന്നും ലഭിച്ചിട്ടില്ല. പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
സികെ ഷൈനി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഫിഷറീസ്