സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും

12

കണ്ണൂര്‍: വര്‍ധിപ്പിച്ച യാത്രാ നിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. വര്‍ധിപ്പിച്ച നിരക്ക് കുറച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതലാണ് ബസ് സര്‍വീസ് നിര്‍ത്തിവെച്ചത്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ജില്ലയിലും ബസ് സര്‍വീസ് നടത്താന്‍ ഉടമകളുടെ സംഘടനകള്‍ തീരുമാനിച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ ബസ് സര്‍വീസ് നടത്താനാണ് തീരുമാനമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ രാജ്കുമാര്‍ കരുവാരത്ത് അറിയിച്ചു. അതേസമയം ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്നാണ് സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവിട്ടത്. സ്വകാര്യ ബസുടമകളുടെ ഹര്‍ജിയെ തുടര്‍ന്നാണ് നടപടി. കെഎസ്ആര്‍ടിസിക്കും അധിക നിരക്ക് ഈടാക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.