
ഇരിട്ടി: കോവിഡ് ബാധിച്ച് മരിച്ച ഇരിട്ടി പയഞ്ചേരി സ്വദേശിയുടെ മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കരിച്ചു. പയഞ്ചേരി സജിന മന്‍സിലില്‍ പികെ.മുഹമ്മദ് എന്ന അര്‍ച്ചന മുഹമ്മദി(70)ന്റെ മൃതദേഹമാണ് ഇരിട്ടി ബസ് സ്റ്റാന്റിന് സമീപത്തെ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കിയത്. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് മുഹമ്മദ് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ മരിച്ചത്. ബുധനാഴ്ചയാണ് കോവിഡ് പോസിറ്റീവായത്. കുറച്ച് കാലമായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന മുഹമ്മദിനെ വൈകിട്ടോടെയാണ് പരിയാരത്തേക്ക് മാറ്റിയത്.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ ഇരിട്ടി തഹസില്‍ദാര്‍ കെകെ ദിവാകരന്റെയും താലൂക്ക് ആസ്പത്രി സൂപ്രണ്ട് പിപി രവീന്ദ്രന്റെയും നേതൃത്വത്തില്‍ മഹല്ല് കമ്മിറ്റി പ്രതിനിധികളും മുഹമ്മദിന്റെ ബന്ധുക്കളുമായി സംസാരിച്ച് ഖബറടക്കത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി. പത്ത് അടിതാഴ്ചയില്‍ മണ്ണ് മാന്ത്രി യന്ത്രം ഉപയോഗിച്ചാണ് ഖബറൊരുക്കിയത്. ഉച്ചക്ക് രണ്ട് മണിയോടെ മൃതദേഹം പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള ഖബര്‍ സ്ഥാനില്‍ എത്തിച്ചു. മുഹമ്മദിന്റെ സഹോദരന് പികെ മുസ്തഫ ഹാജി, പള്ളി കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ഹാജി, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി എന്നിവരുടെ നേതൃത്വത്തില്‍ മതപരമായ ചടങ്ങുകള്‍ പത്ത് മിനുട്ട് കൊണ്ട് പൂര്‍ത്തിയാക്കി ഖബറടക്കുകയായിരുന്നു. ഇരിട്ടി തഹസില്‍ദാര്‍ കെകെ ദിവാകരന്, താലൂക്ക് ആസ്പത്രി സൂപ്രണ്ട് പിപി രവീന്ദ്രന്, സെക്രട്ടറി അന്‍സല്‍ ഐസക്ക്, ഇരിട്ടി സിഐ എ കുട്ടികൃഷ്ണന്, എസ്ഐ ദിനേശന് കൊതേരി, കണ്ണൂര്‍ മെഡിക്കല്‍ കോളജ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിനോദ്, താലൂക്ക് നോഡല്‍ ഓഫീസര്‍ മനോജ്കുമാര്‍ സംസ്കാര ചടങ്ങുകള്‍ നിയന്ത്രിച്ചു. സണ്ണി ജോസഫ് എംഎല്‍എ, കെപിസിസി ജന.സെക്രട്ടറി സജീവ് ജോസഫ് എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു.
യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ഖബറടക്കല്‍ നടത്തിയത്. വൈറ്റ് ഗാര്‍ഡ് പേരാവൂര്‍ മണ്ഡലം ക്യാപ്റ്റന്‍ ശമീല്‍ മാത്രക്കല്‍, സിപി റഹീം, സികെ ഷഫീര്‍, കുടുംബാംഗം അനീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഖബറടക്കം നടത്തിയത്. പൂര്‍ണമായും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് ഖബറടക്കല്‍ നടന്നത്. ഖബറടക്കത്തിന് നേതൃത്വം നല്കിയ നാലുപേരും കോവിഡ് പ്രോട്ടോകോള്‍ പ്രകാരം 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം.